തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ഉടക്കിനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രിമാരായ എ കെ ബാലന്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനില്‍ എത്തി. ക്രിസ്മസ് കേക്കുമായാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. ഇതുവരെയുള്ള സര്‍ക്കാരിന്റെ പല നടപടികളിലെയും അതൃപ്തി അറിയിച്ച ഗവര്‍ണര്‍ പക്ഷേ, സഭ സമ്മേളിക്കാന്‍ അനുമതി നല്കുന്നതില് വ്യക്തമായ മറുപടി നല്‍കിയില്ല.
സഭ ചേരേണ്ട അടിയന്തര സാഹചര്യം ബോധ്യപ്പെടുത്താനായെന്നും അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണറെ കണ്ടശേഷം എ കെ ബാലനും വി എസ് സുനില്‍കുമാറും മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇരുവരുടെയും സന്ദര്‍ശനം. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞതായാണ് വിവരം. ആദ്യം ജനുവരി എട്ടിന് നിയമസഭ സമ്മേളനത്തിന് അനുമതി തേടിയ ശേഷം പ്രത്യേക സമ്മേളനം വിളിച്ചത് ശരിയായില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
രണ്ടു തവണ ആവശ്യപ്പെട്ടിട്ടും അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പൗരത്വനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്‍ തന്നെ അറിയിച്ചില്ലെന്ന പരാതിയും ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാരെ അറിയിച്ചു. ഒരുമാസം പിന്നിട്ട ദല്‍ഹിയിലെ കര്‍ഷകസമരം കേരളത്തിലെ കര്‍ഷകരെ അടക്കം ബാധിക്കുന്നതാണെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു.
ഗവര്‍ണറുടെ പ്രതികരണം ക്രിയാത്മകമായിരിന്നുവെന്നു മന്ത്രി എ കെ ബാലന് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് വി എസ് സുനില്‍ കുമാറും കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ നേരിട്ടെത്തി കണ്ടതിനാല്‍ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: