തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്ക്. വാഗമണ്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സംഘം കൊച്ചിയില്‍ നിരവധി തവണ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഈ പാര്‍ട്ടികളില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര് പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
കേസില്‍ അറസ്റ്റിലുള്ള കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് വഴിയാണ് താരങ്ങള്‍ പാര്‍ട്ടിയ്ക്ക് എത്തിയിരുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. വാഗമണിലെ പാര്‍ട്ടിയില്‍ നിന്ന് ഏഴ് തരം ലഹരിമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ എംഡിഎംഎ മാത്രം 62 ഗ്രാമോളം വരും. 52 മില്ലി ഗ്രാം തൂക്കമുള്ള 27 എല്‍എസ്ഡി സ്റ്റാമ്പുകള്‍, ചരസ്, ഹാഷിഷ്, കഞ്ചാവ് എന്നിവയായിരുന്നു മറ്റ് ലഹരി വസ്തുക്കള്‍.
ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴിയാണ് സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തുന്നതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കൊച്ചിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായ 9 പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാശംങ്ങളും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മയക്ക് മരുന്ന് എത്തിച്ച് നല്കിയ തൊടുപുഴ സ്വദേശി അജ്മലിന്റെ നാട്ടിലെ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതേസമയം ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ നടക്കുമ്പോഴും ലോക്കല്‍ പോലീസ് വിവരം അറിയാത്തതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതടക്കം അന്വേഷിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: