തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളാല്‍ പൊതു പരിപാടികളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്ന സുഗതകുമാരി അവസാനമായി സംസാരിച്ചത് ‘അവള്’ ക്കുവേണ്ടി. സ്ത്രീസുരക്ഷയെകുറിച്ച്.
ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ സ്ത്രീ സുരക്ഷ വിഷയമാക്കി നടത്തുന്ന ഷീ ഷോര്‍ട്ഫില്മ ഫെസ്റ്റിവല്‍ മത്സരത്തിനുവേണ്ടി തയ്യാറാക്കിയ വീഡിയോയിലാണ് കവയത്രി അവസാനമായി സംസാരിക്കുന്നത്. സംഘാടകര്‍സമീപിച്ചപ്പോള്‍ ആ ഉദ്യമത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പിന്തുണക്കുകയും വീഡിയോ അവതരണം ചെയ്തു കൊടുക്കുകയായിരുന്നു.
ഒരു സ്ത്രീയെ സഹായിക്കുവാന്‍വേണ്ടി ജീവന് ത്യജിച്ച രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നു സുഗതകുമാരി വീഡിയോയില്‍ എത്തിയത്.
ഈ കാലത്തു സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും സുഗതകുമാരി വീഡിയോയില്‍ പറയുന്നു. ‘ജടായുവിനെ പോലുള്ള മക്കളുണ്ടാവട്ടെ ഭാരതാംബയ്ക്ക്. സ്മരണ നിലനിര്‍ത്താന്‍ കാവ്യങ്ങളുണ്ടാവട്ടെ മനോഹര ശില്പങ്ങളുണ്ടാവട്ടെ നന്ദി പ്രിയ പുത്രാ നന്ദി ..നന്ദി മകനെ നന്ദി’ എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്
വീഡിയോയില്‍ സുഗതകുമാരി പറയുന്നതിങ്ങനെ
”കണ്ണുനീരില്‍ നനഞ്ഞ ഒരു മനോഹര സ്ത്രീശബ്ദം വീണ്ടും വീണ്ടും വിളിച്ചു കരയുകയാണ്.. ‘ ആര്യ പുത്രാ ..രാമാ ..രാമാ ..രാമാ ..രക്ഷിക്കണേ..രക്ഷ ..രക്ഷ ..നാഥാ രക്ഷ രക്ഷ ..ഒരു ദുഷ്ട രാക്ഷസന് എന്നെ പിടിച്ചുകൊണ്ടു പോകുന്നെ …ശ്രീരാമചന്ദ്രാ രക്ഷ രക്ഷ ..’
ഈ നിലവിളി ഇങ്ങനെ തുടരുകയാണ് ..പെട്ടെന്നാണ് ഒരു ഗംഭീരമായ മറുപടി നാദം ..
‘ആരാണത് ? ഒരു സ്ത്രീയെ ദ്രോഹിക്കുന്നവന് ആര് ?’
‘നാം രാക്ഷസ കുല ചക്രവര്‍ത്തി രാവണന് ! ആരാടാ നീ ? ‘
മറുപടി പ്രചണ്ഡമായ ചിറകടി ശബ്ദമായിരുന്നു ..അതി ഭീകരമായ ഒരു ചിറകടി ..
‘ഞാന്‍ ജടായു എന്ന പക്ഷി ശ്രേഷ്ഠന് ..വീടൂ ആ സ്ത്രീയെ .. രാവണാ ..സ്ത്രീ ദ്രോഹം പാടില്ല .. ആ നിലവിളി ശാപമാണെന്നോര്‍ക്കുക ..ഒരിക്കലും തീരാത്ത ശാപമാണ് സ്ത്രീയുടെ ശാപം .. അവരുടെ ദുഃഖത്തില്‍ നിന്നും ഉയരുന്ന ശാപം നിനക്ക് താങ്ങാനാവില്ല ..വിടൂ ആ സ്ത്രീയെ .. ‘
‘സാധ്യമല്ല .. ഇവള് എനിക്കുള്ളതാണ് ..ലങ്കാപുരിക്കുള്ളതാണ് ..’
‘രാവണാ അരുത് ..അവരെ വിട്ടയക്കുക സുരക്ഷിത സ്ഥാനത്തു ഞാന്‍ എത്തിച്ചുകൊള്ളാം .. ആയ താങ്കള്‍ ഈ പാപം ചെയ്തുകൂടാ’
‘ഹേ പക്ഷി .. ശല്യം ചെയ്യാതെ പോകുക എന്റെ വാളിന് ഇരയാകേണ്ടങ്കില്‍ ..പോ മുന്പില് നിന്ന് ..’
‘രാവണാ ..നിന്റെ വാളിനെ ഞാന്‍ ഭയപ്പെടുന്നില്ല .എന്റെ ധര്‍മ്മമാണ് ഞാന്‍ ചെയ്യുന്നത് .. നിസ്സഹായയായ ഒരു സ്ത്രീയെ സഹായിക്കുവാന്‍ ഇതാ ഞാന്‍ ..ജടായു വരുന്നു ..’
‘ഹഹഹ ! ഒരു വെറും പക്ഷി ..കഴുകന് ..അവന് എതിര്‍ക്കുന്നത് ജഗജയി ആയ സാക്ഷാല്‍ രാവണനോട് ..’
അട്ടഹാസത്തോടെ രാവണന് വാളൂരുന്നു ..ജടായു ഉഗ്രമായ ചിറകടികളോടെ രാവണനെ എതിര്‍ക്കുന്നു .. പുഷ്പക വിമാനം ആടി ഉലയുന്നു
ജടായുവിന്റെ കൊക്കും നഖങ്ങളും ഏറ്റ് രാവണന്റെ ശരീരം ചോരയണിയുന്നു ..അട്ടഹാസങ്ങള്‍ ..ജടായുവിന്റെ ഉഗ്രന്‍ ചീറ്റലുകള്‍ ..വാള്‍വീശലുകള്‍ ..
‘ഇവള് ആരെടാ നിനക്ക് ? എന്റെ കൈ കൊണ്ട് ചാകാന്‍ ? ‘
‘ആരുമല്ല ..ഒരു സ്ത്രീ ..എന്റെ ‘അമ്മ ..എന്റെ പെങ്ങള് .. അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്റെ ധര്‍മ്മം ..എന്റെ കടമ ..ഞാന്‍ അത് ചെയ്യും ..’
വിമാനം ആകെ ഉലയുന്നു..പക്ഷി ശ്രേഷ്ഠന്റെ കൊക്കും നഖവും ഏറ്റ് രാക്ഷസ ശരീരത്തില്‍ നിന്നും ചോര തെറിക്കുന്നു ..വാള്‍വീശലേറ്റ് തൂവല്‍ നാലുപാടും തെറിക്കുന്നു…
സീതാദേവി മുഖം പൊത്തി ഇരുന്നു കരയുന്നു..
‘ജടായു .. പറന്നു പൊയ്ക്കൊള്ളൂ ..മകനെ ഈ ദുഷ്ടന്റെ കൈകൊണ്ടു ചാകാതെ പൊയ്ക്കൊള്ളൂ ..എന്നെ രക്ഷിക്കാന്‍ നിനക്കാവില്ല ..പൊയ്ക്കൊള്ളൂ…പൊയ്ക്കൊള്ളൂ ..പോകു കുഞ്ഞേ പോകു ..’
യുദ്ധം ഉഗ്രമാകുന്നു.. ചോര തെറിക്കുന്നതിനോടൊപ്പം തൂവലുകള്‍ പറക്കുന്നു ..അതോടൊപ്പം ഒരു ചിറക് അറ്റ് ദൂരെ തെറിക്കുന്നു ..
വെട്ടേറ്റ ജടായു കറങ്ങി കറങ്ങി നിലംപതിയ്ക്കുന്നു..
‘അമ്മേ ദേവി …ഇവന് കഴിഞ്ഞില്ല ..മാപ്പ് ..’
സീത മുഖം പൊത്തി ഇരുന്നു കരയുന്നതിനിടയില്‍ ജടായുവിനെ അനുഗ്രഹിക്കുന്നു..
‘ഒരു സ്ത്രീയെ സഹായിക്കുവാന്‍വേണ്ടി ജീവന് ത്യജിച്ച രക്തസാക്ഷിയായ മകനെ ..സഹോദര,, നിന്നെപ്പോലെ ഏറെ മക്കളുണ്ടാവട്ടെ ഭാരതാംബയ്ക്ക്..ഈ സ്മരണ നിലനിര്‍ത്താന്‍ കാവ്യങ്ങളുണ്ടാവട്ടെ മനോഹര ശില്പങ്ങളുണ്ടാവട്ടെ നന്ദി പ്രിയ പുത്രാ നന്ദി ..നന്ദി മകനെ നന്ദി !
ഫെസ്റ്റിവലിലേക്കുള്ള ഷോര്‍ട്ട് ഫിലിമുകളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
പരമാവധി 10 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങള്‍ ആണ് പരിഗണിക്കപ്പെടുക. 2021 ജനുവരി 15 ന് മുന്‍പ് രജിസ്ട്രര്‍ ചെയ്യുകയും, 2021 ഫെബ്രുവരി 15 നു മുന്‍പ് സമര്‍പ്പിക്കുകയും ചെയ്യുന്ന ഫോര്‍ട്ട് ഫിലിമുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.
ഒന്നാം സമ്മാനം ? 50,000 , രണ്ടാം സമ്മാനം ? 25,000 , മൂന്നാം സമ്മാനം ? 10,000
ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് ? 10,000 വീതം സമ്മാനം നല്‍കും. രജിസ്ട്രേഷന് ഫീസ് ? 1,000 .
എച് ഡി ( HD ) ഫോര്‍മാറ്റില്‍ ആയിരിക്കണം ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
വിശദ വിവരങ്ങള്‍ക്കായി www.jatayuramatemple.in സന്ദര്‍ശിക്കുക. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ +919778065168
പ്രതികരിക്കാൻ ഇവിടെ എഴുതുക: