തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യത്തിലും ഭരണത്തിലും ഭാഗഭാക്കായിരുന്ന യുവ പ്രഭു 1900-കളുടെ തുടക്കത്തില്‍ പണിതീര്‍ത്ത അംബികാ വിലാസം വില്ലയ്ക്ക് പുതിയ ഭംഗി. വില്ലയില്‍ ഇനി ആര്‍ക്കും താമസിക്കാം.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് അംബികാ വിലാസ് വില്ലയെ ഹെരിറ്റേജ് ബംഗ്ലോയ് ആയി മാറ്റി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിശാലമായ ഈ വില്ലയില്‍ മൂന്ന് സ്വീറ്റുകളാണുള്ളത്.
ചുറ്റുപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന വാസ്തുവിദ്യയുടെ ഭംഗിയാണ് ഈ ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തുന്നത്. പരമ്പരാഗത തച്ചുശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് അതിന്റേതായ തനിമയുണ്ട്. ഈ ബംഗ്ലാവിന്റെ അകത്തളങ്ങള്‍ ചുറ്റുപാടുമുള്ള പൂന്തോട്ടവുമായി ഇഴുകിച്ചേരുന്ന വിധമാണ്.
ആകാശത്തേയ്ക്ക് മിഴിതുറക്കുന്ന ചെറിയൊരു പൂന്തോട്ടമാണ് ഈ വീടിന്റെ കേന്ദ്രഭാഗം. കേരള വീടുകളുടേതുപോലെയാണ് ഈ അങ്കണം. വീടിന്റെ ഹൃദയഭാഗമെന്നു പറയാവുന്ന ഇവിടെ കുടുംബങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും ആഹാരം കഴിക്കുന്നതിനും ആഘോഷങ്ങള്‍ക്കുമുള്ള സ്ഥലമാണ്. തടിക്കൂട്ടില്‍ തീര്‍ത്ത ചെരിഞ്ഞ മേല്‍ക്കൂരയുള്ള വരാന്തകളാണ് വീടിന്റെ ചുറ്റോടുചുറ്റും. കടല്‍ക്കാറ്റ് ഉള്ളിലേയ്ക്കെടുക്കുന്ന ഈ വരാന്തകള്‍ ഈ ബംഗ്ലാവിനെ കടുത്ത വേനല്‍മാസങ്ങളില്‍ പോലും കുളിര്‍മ്മയോടെ നിലനിര്‍ത്തുന്നു.
പ്രാദേശിക സംസ്കാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംബികാ വിലാസിന്റെ ചരിത്രത്തോട് ഇഴുകിച്ചേരാനും ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ടീം ഒരുക്കുന്ന അനുഭവങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതിയമ്പലം എന്നിങ്ങനെയുള്ള ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും ചാല മാര്‍ക്കറ്റിലെ സുഗന്ധവ്യഞ്ജനങ്ങള്‍ അടുത്തറിയാനും പുത്തന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഷെഫുമാര്‍ തയാറാക്കുന്ന പ്രാദേശിക കേരള വിഭവങ്ങള്‍ രുചിച്ചറിയാനും അംബികാവിലാസ് അവസരമൊരുക്കും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുത്തുള്ള നെയ്യാര്‍ വന്യമൃഗ സങ്കേതത്തില്‍ മുതലകളെയും കടുവകളേയും കാണാന്‍ സാധിക്കും. ചരിത്രാന്വേഷികള്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടിലെ നേപ്പിയര്‍ ദേശീയ മ്യൂസിയം അടുത്തുകാണാം. വൈകുന്നേരങ്ങളില്‍ ശംഖുമുഖത്തെ കടല്‍ത്തീരത്തെ സൂര്യാസ്തമയം ആസ്വദിക്കാം.
തിരുവനന്തപുരം എയര്‍പോര്‍ട്ടിനോട് ചേര്‍ന്നു കിടക്കുന്ന അംബികാ വിലാസ് കേരളത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവധി ആസ്വദിക്കാനുള്ള മികച്ച കേന്ദ്രമാണ്.
തലസ്ഥാനത്തെ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തേയും ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ബംഗ്ലോ ആണിത്. ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഹോം സ്റ്റേയായ ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സിന് 24 ബംഗ്ലാവുകളും വില്ലകളുമാണുള്ളത്. ഇവയില്‍ ഏഴെണ്ണം വികസനത്തിന്റെ ഘട്ടങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: