22.12.20 ല്‍ താങ്കള്‍ അയച്ച കത്തിന് നന്ദി.
23.12.20 ല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന എന്റെ ചോദ്യത്തിന് ഞാന്‍ ഉന്നയിക്കാത്ത സംശയങ്ങള്‍ക്കുള്ള മറുപടിയാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്. എന്ന് മാത്രവുമല്ല താങ്കളുടെ ഊന്നലുകള്‍ ഈ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ്. ഇത്തരം ഫയലുമായി ബന്ധമുള്ള കാര്യങ്ങളിലാണ് മറുപടി എങ്കില്‍ കൂടുതല്‍ നന്നായേനേ.
മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല എന്നും താങ്കള്‍ക്ക് അറിവുള്ളതാണല്ലോ? എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പറയുന്നത് അസാധാരണവും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കി വേണം സഭ വിളിച്ചു ചേര്‍ക്കാന്‍ എന്നതാണ് ചട്ടം. അതിന് വിരുദ്ധമായി കാര്യങ്ങള്‍ നടക്കുമ്പോള്‍ അത് ചട്ടവിരുദ്ധമല്ല എന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണ്ണറുടെ ഓഫീസിന്റെ ഉത്തരവാദിത്തമാണ്.
അല്‍പ്പം കൂടി ലളിതമായും വിശദമായും പറഞ്ഞാല്‍ 2021 ജനുവരി 8 ന് നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന ഡിസംബര്‍ 7 ന്റെ മന്ത്രിസഭാ ശുപാര്‍ശ ഡിസംബര്‍ 8 വൈകിട്ട് 06.30 ന് എന്റെ ഓഫീസില്‍ കിട്ടി. 19 ഉം 20 അവധി ദിനങ്ങളായതിനാല്‍ സഭ വിളിച്ചു കൂട്ടാന്‍ 21 ന് തന്നെ അനുമതി നല്കി താങ്കളുടെ ഓഫീസിലേക്ക് അയച്ചിട്ടുള്ളതാണ്. എന്നാല്‍ അന്ന് ഉച്ചയ്ക്ക് തന്നെ മറ്റൊരു ഫയല്‍ താങ്കളുടെ ഓഫീസില്‍ നിന്ന് ഗവര്‍ണ്ണറുടെ ഓഫീസില്‍ ലഭിച്ചു. ജനുവരി 8 ന് നിയമസഭ വിളിക്കണമെന്ന ആദ്യ ശുപാര്‍ശ പിന്‍വലിക്കുന്നതായും 2020 ഡിസംബര്‍ 23 ന് ചില ഗൗരവമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി സഭ ചേരാന്‍ അനുവാദം നല്‍കണമെന്നുമായിരുന്നു ഫയലിലെ ആവശ്യം. ഗൗരവമായ വിഷയങ്ങള്‍ എന്നല്ലാതെ എന്തിനാണ് സഭ ചേരുന്നതെന്ന് ഫയലില്‍ ഉണ്ടായിരുന്നില്ല.
21.12.2020 ല്‍ തന്നെ ഞാന്‍ ചോദിച്ച വിശദീകരണത്തിന് താങ്കള്‍ നല്കിയ മറുപടി കാര്‍ഷിക മേഖലയുമായും കര്‍ഷകരുമായും ബന്ധപ്പെട്ട ചില പൊതുതാത്പര്യ കാര്യങ്ങള്‍ എന്നായിരുന്നു. ഇത് കണ്ടപ്പോള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മുന്‍കൂട്ടി കാണാനാകാത്ത ചില പ്രശ്നങ്ങള്‍ എന്ന ധാരണയാണ് എന്റെ മനസിലേക്കെത്തിയത്. അതിനാല്‍ ഞാന്‍ അന്നു തന്നെ വിശദാംശങ്ങള്‍ തേടി താങ്കള്‍ക്ക് കത്ത് നല്കുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു.
‘അടിയന്തിരമായി സഭ ചേരേണ്ട സാഹചര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിലൂടെ ഇപ്പോള്‍ സംസ്ഥാനത്ത് പ്രത്യേകമായി ഉണ്ടായ അടിയന്തിര സാഹചര്യം മനസിലാക്കാനാണ്. അല്ലാതെ പൊതു സാഹചര്യം അറിയാനല്ല. അതല്ല കേരളത്തിലെ കര്‍ഷകര്‍ എന്തെങ്കിലും അടിയന്തിര പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് പരിഹാരമാണ് കാണാന്‍ ഉദ്യേശിക്കുന്നത് എന്നാണ് അറിയേണ്ടത്.’
ഈ കത്തിനുള്ള മറുപടിയിലും സഭ ചേരേണ്ടതിന്റെ കാരണം താങ്കള്‍ ഭാഗികമായേ വിശദീകരിച്ചുള്ളൂ. ദില്ലിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പറഞ്ഞതോടെ അത് താങ്കളുടെ അധികാര പരിധിയില്‍ വരുന്നതോ താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്നതോ അല്ലെന്നും വ്യക്തമായി. ഈ കത്തിലും സഭ 24 മണിക്കൂറിനുള്ളില്‍ അടിയന്തിരമായി ചേരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നില്ല. കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചാണെങ്കില്‍ അത് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ നടന്നു വരുന്നതാണ്.
ദില്ലിയിലെ പ്രക്ഷോഭമാകട്ടെ ഒരു മാസമായും നടക്കുന്നു. 2021 ജനുവരി 8ന് സഭ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഡിസംബര്‍ 17 നും അതിന് ഞാന്‍ അനുമതി നല്കിയ ഡിസംബര്‍ 21 നും ഇടയില്‍ ജനുവരിയിലെ സമ്മേളനം റദ്ദാക്കി ഡിസംബര്‍ 23 ന് അടിയന്തിരമായി സഭ കൂടേണ്ട എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടായതെന്നാണ് എനിക്ക് അറിയേണ്ടത്. ഈ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്‍കിയില്ലെന്ന് മാത്രമല്ല അത് അവഗണിക്കാനാണ് ശ്രമിച്ചത്.
പെട്ടെന്നുണ്ടാകുന്ന അല്ലെങ്കില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗുരുതരമായ ഒരു സംഭവത്തെയാണ് നിയമപരമായി അടിയന്തിര സാഹചര്യം എന്ന് പറയുന്നത്. ഈ മൂന്നു ദിവസത്തിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ 23 -ാം തിയതി ഒരു മണിക്കൂര്‍ സഭ ചേരാന്‍ താങ്കള്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് മാധ്യമങ്ങളിലൂടെ ഞാന്‍ അറിഞ്ഞത്. എന്റെ സംശയം ഭരണഘടനാപരമായ ഒന്നായിരുന്നില്ല. ചട്ടങ്ങള്‍ അനുസരിച്ച് ചേരാന്‍ പോകുന്ന സഭാ സമ്മേളനത്തെപ്പറ്റിയും ആയിരുന്നില്ല.
ഈയടുത്ത് കേരളാ പോലീസ് നിയമത്തില്‍ താങ്കള്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അത് ഒപ്പിടാനായി എനിക്ക് അയച്ചു തന്നെങ്കിലും താങ്കള്‍ അത് പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് ആഴ്ചയോളം ഞാന്‍ ഒപ്പിടാതെ മാറ്റി വെച്ചിരുന്നു. അവസാനം ഞാന്‍ ഒപ്പിട്ടെങ്കിലും പ്രതിഷേധം ശക്തമായതോടെ താങ്കള്‍ അത് ഒരാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കുകയാണുണ്ടായത്. അതേ പോലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ താങ്കള്‍ എനിക്ക് അയച്ചു തന്നിരുന്നു. എന്നാല്‍ അത് ഞാന്‍ അംഗീകരിച്ചില്ല. അതില്‍ താങ്കള്‍ അസന്തുഷ്ടനായിരുന്നു എന്നും എനിക്കറിയാം. നിയമസഭയില്‍ അത് പാസായെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് കാര്യം സംശയമാണെന്ന് ഒരു മന്ത്രി ആശങ്കപ്പെട്ടെങ്കിലും ഞാന്‍ ഉടന്‍ തന്നെ അത് ഒപ്പിട്ടു നല്‍കുകയും അത് നിയമമാവുകയും ചെയ്തു.
എന്നാല്‍ അത് നടപ്പാക്കാനാകില്ല എന്ന് മനസിലായതോടെ ആ ബില്‍ പിന്‍വലിക്കാന്‍ താങ്കള്‍ വീണ്ടും എന്നോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഞാന്‍ അത് ഒപ്പുവെക്കുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഗവര്‍ണ്ണറോട് ഉപദേശം തേടുകയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ വ്യക്തമായി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്യുക എന്നത് താങ്കളുടെ ഭരണഘടനാ ബാധ്യത ആണെന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ? എന്നാല്‍ താങ്കള്‍ ചില വിവരങ്ങള്‍ മാത്രം തരികയും അതേപ്പറ്റി വിശദീകരണം തേടുമ്പോള്‍ ഇത്തവണത്തെപ്പോലെ ചില ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്ന തരത്തിലുള്ള അവ്യക്തമായ പ്രയോഗങ്ങളുടെ മറ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തവണയും താങ്കളുടെ അപേക്ഷ നിരസിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. പക്ഷേ താങ്കള്‍ ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല ഞാന്‍ ഉന്നയിക്കാത്ത അനാവശ്യ കാര്യങ്ങളിലേക്ക് ഇതിനെ എത്തിക്കുകയാണ് ചെയ്തത്. ഇന്നലെ അതായത് 22.12.2020 ല്‍ വൈകിട്ട് 7 മണിയോടെ താങ്കളുടെ ഓഫീസില്‍ നിന്ന് എന്റെ ഒ.എസ്.ഡിയെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇപ്പോള്‍ അയക്കുന്ന കത്ത് ഗവര്‍ണ്ണര്‍ അല്ലാതെ മറ്റാരും തുറക്കരുത് എന്ന് ആവശ്യപ്പെട്ടു. ‘രഹസ്യം’ എന്ന് രേഖപ്പെടുത്തിയ കവര്‍ ഞാന്‍ തന്നെ തുറന്ന് വായിക്കുകയും ചെയ്തു. പക്ഷേ ഞാന്‍ വായിച്ചു കൊണ്ടിരുന്ന കത്തിന്റെ വിശദാംശങ്ങള്‍ ‘കൈരളി’ ചാനലിന്റെ വാര്‍ത്താ അവതാരകന് വായിക്കുന്നു എന്ന് വേദനയോടെയാണ് ഞാന്‍ അറിഞ്ഞത്.
കോവിഡ് മഹാമാരിയെ നേരിടാന്‍ താങ്കളും മന്ത്രിമാരും നടത്തിയ ശ്രമങ്ങളെ പ്രകീര്ത്തിച്ചിട്ടുള്ളയാളാണ് ഞാന്‍ എന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ? ഞാന്‍ കോവിഡ് ബാധിതനായപ്പോള്‍ താങ്കള്‍ കാണിച്ച കരുതല്‍ നന്ദിയോടെ ഓര്‍ക്കുകയാണ്. താങ്കളോട് ബഹുമാനത്തോടെയാണ് ഞാന്‍ ഇടപെടുന്നത്. താങ്കളുടെ അല്ലെങ്കില്‍ എന്റെ തന്നെ സര്‍ക്കാരിനോട് ഏറ്റുമുട്ടലിന്റെ പാത ഞാന്‍ സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം നിയമസഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ ഞാന്‍ താങ്കളോട് പറഞ്ഞ ചില കാര്യങ്ങള്‍ അനുസ്മരിക്കട്ടെ. ‘താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്കറിയാം. ഞാന്‍ സങ്കുചിത ചിന്താഗതി ഇല്ലാത്ത സംഘടിത മത ആശയങ്ങള്‍ സ്വീകരിക്കാത്ത ഒരു വിശ്വാസിയുമാണ്. എന്നാല്‍ മതശാസനകളെ അറിവിന്റെ സങ്കേതങ്ങളായാണ് ഞാന്‍ കണക്കാക്കുന്നത്. അന്ന് ഞാന്‍ ഭഗവദ്ഗീതയിലെ ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്തിരുന്നു. അത് ഇതാണ്.’
‘ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണ:
പരധര്‍മാത്സ്വനുഷ്ഠിതാത്
സ്വധര്‍മേ നിധനം ശ്രേയ:
പരധര്‍മ്മോ ഭയാവഹ:’
അതായത് ഒരുവന്റെ സ്വന്തം കര്‍ത്തവ്യം അത് തെറ്റായ രീതിയില്‍ കൂടിയാണെങ്കിലും നിറവേറ്റുന്നത് അന്യന്റെ കര്‍മ്മം എത്ര ഭംഗിയായി ചെയ്യുന്നതിലും ശ്രേഷ്ഠമാണ്. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതോ മരണപ്പെടുന്നതോ പോലും, അപരന്റെ കടമ നിര്‍വഹിക്കാന്‍ ശ്രമിക്കുക എന്ന അപകടകരമായ ഉദ്യമത്തേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്.
ഇത് സിഎഎ വിവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു. നമ്മുടെ കര്‍ത്തവ്യങ്ങള്‍ വ്യത്യസ്തമാണ്.
പൊതു നന്മയ്ക്കായി സര്‍ക്കാരിനെ നയിക്കുക എന്നതാണ് ഒരു സജീവ രാഷ്ട്രീയക്കാരന് എന്ന നിലയില്‍ താങ്കളുടെ കര്‍ത്തവ്യം. രാജ്യത്തെ നിയമം അനുസരിച്ചാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുകയാണ് ഗവര്‍ണ്ണര്‍ എന്ന നിലയില്‍ എന്റെ ദൗത്യം. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മാതൃരാജ്യമായ ഭാരതത്തെ സേവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും നാം തമ്മിലുള്ള പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചും ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാതെയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ആശംസകളോടെ
ആരിഫ് മുഹമ്മദ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: