ഹിമവദ് വിഭൂതി എന്ന് ഭക്ത്യാദരപൂര്‍വ്വം അറിയപ്പെടുന്ന മലയാളിയായ യതിവര്യനാണ് സ്വാമി തപോവനം. ഹിമാലയം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച ,തപസ്സിന്റെ വനം തന്നെയായ സ്വാമിജിയുടെ 122ാം ജയന്തിയാണ് വെള്ളിയാഴ്ച. ഗീതാ ജയന്തിയും തപോവന ജയന്തിയും ഒരുമിച്ചാണ് ആഘോഷിക്കുന്നത്.
1889 ല്‍ പാലക്കാട് കുഴല്‍മന്ദത്ത് ജനിച്ചു. തപസ്സിന് ഹിമാലയത്തില്‍ ചെന്നതിന് ശേഷം പിന്നെ ഹിമാലയം വിട്ട് ഇറങ്ങിയിട്ടില്ല. സമാധിയാകും വരെ മൂന്ന് പതിറ്റാണ്ട് കാലം ഗംഗോത്രിയിലും ഉത്തരകാശിയിലുമായി വസിച്ചു. ഹിമഗിരി വിഹാരം ഉള്‍പ്പടെ നിരവധി ആദ്ധ്യാത്മിക കൃതികളുടെ രചയിതാവ് കൂടിയാണ് സ്വാമി തപോവനം. ചിന്മയാനന്ദ സ്വാമിജിയുടെ ഗുരു എന്ന നിലയില്‍ ലോകമെങ്ങും കേള്‍വികേട്ടു.
തപോവനസ്വാമികളെക്കുറിച്ച് പിറവം വെളിയനാട് ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തിലെ സ്വാമി ശാരദാനന്ദജി എഴുതിയ തപോവനസ്തവത്തിലൂടെ….
തപോവനസ്തവം
വശീകൃതം യേന മനോളതി ചഞ്ചലം
അഹര്‍ന്നിശം ബ്രഹ്മപദാനുചിന്തയാ
മഹത്തപോ യസ്യ നിജാവബോധനം
തപോവനം ജ്ഞാനഘനം നമാമി . 1
അന്വയം: അഹര്‍ന്നിശം ബ്രഹ്മപദാനു ചിന്തയാ യേന അതിചഞ്ചലം മനഃ വശീകൃതം, നിജാവബോധനം യസ്യ മഹത്തപതം ജ്ഞാനഘനം തപോവനം നമാമി.
അര്‍ത്ഥം: യാതൊരു മഹാപുരുഷനാണോ സദാ ബ്രഹ്മ തത്ത്വചിന്തയിലൂടെ അതി ചഞ്ചലമായ മനസ്സിനെ വശീകരിച്ചത് ആര്‍ക്കാണോ സ്വാത്മതത്ത്വബോധ സ്ഫുരണം മഹത്തായ തപസ്സായിരിക്കുന്നത് അപ്രകാരമുള്ള ജ്ഞാനസ്വരൂപിയായ തപോവന സ്വാമികളെ സദാ സര്‍വ്വഥാ നമസ്കരിക്കുന്നു
ബ്രഹ്മോപദേശേന വിധൂയ യോളഖിലം
മലം ഭ്രമോത്ഥം നിജ ശിഷ്യബുദ്ധിഷു
ദദാതി ദിവ്യം സഹജം സുഖം സുഖീ
തപോവനം ജ്ഞാനഘനം നമാമി . 2
അന്വയം : (യ:) സുഖീ നിജശിഷ്യബുദ്ധിഷു ഭ്രമോത്ഥം അഖിലം മലം ബ്രഹ്മോപദേശേന വിധൂയ സഹജം ദിവ്യം സുഖം ദദാതി തം ജ്ഞാനഘനം തപോവനം നമാമി.
അര്‍ത്ഥം: യാതൊരു ജീവന്മുക്തനായ ആത്മാരാമ സുഖിയാണോ സ്വശിഷ്യന്മാരുടെ ബുദ്ധിയിലുള്ള തെറ്റിദ്ധാരണകളില്‍ നിന്നുണ്ടായ സകലവിധ കാമാദി ദോഷങ്ങളേയും അജ്ഞാനാദിമലങ്ങളേയും സത്യസ്വരൂപമായ ബ്രഹ്മത്തിന്റെ ഉപദേശത്താല്‍ ഇല്ലാതാക്കി ഓരോരുത്തരുടേയും ഹൃദയത്തില്‍ സ്വസ്വരൂപമായ ആത്മാവിന്റെ സഹജവും ദിവ്യവുമായ പരമാനന്ദത്തെ പ്രദാനം ചെയ്യുന്നത് ആ ജ്ഞാനഘന രൂപിയായ ത
പോവനസ്വാമികളെ ഞാന്‍ നമസ്കരിക്കുന്നു.
യഥാംബുവാഹാ ജലവര്ഷണേന
ഛായാപ്രദാനേന മഹീരുഹാശ്ച
ഹിതം ജനാനാം സതതം ചരന്തി
ജ്ഞാനപ്രദാനേന തഥാ യതീന്ദ്രഃ. 3
അന്വയം: യഥാ അംബുവാഹാ: ജലവര്ഷണേന, മഹീരുഹാ : ഛായാപ്രദാനേന ച ജനാനാം ഹിതം സതതം ചരന്തി തഥാ യതീന്ദ്രഃ ജ്ഞാനപ്രദാനേന (ജനാനാം ഹിതം സതതം ചരതി)
അര്‍ത്ഥം: എപ്രകാരമാണോ കാര്‍മേഘങ്ങള്‍ അമൃത ജലവര്ഷത്താലും വൃക്ഷങ്ങള്‍ കൊടിയ ചൂടില്‍ നിന്ന് തണല്‍ നല്‍കിയും ജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥമായി ഹിതത്തെ ചെയ്തു കൊണ്ടിരിക്കുന്നത് അപ്രകാരം സന്യാസിശ്രേഷ്ഠനായ ശ്രീ തപോവനസ്വാമികളും ജ്ഞാനത്തെ സകലരുടേയും ഹിതത്തിനായി നല്കിക്കൊണ്ടിരിക്കുന്നു.
ദേശികേന്ദ്ര, തവ തത്ത്വമശീര്യം
ദേശകാലഗതിശൂന്യമശൂന്യം
സ്തോതുമീഷദപി ക: പ്രഭവേദ്ഭോ
യത്ര ബുദ്ധി വചസോര്ഗതിരോധ:. 4
അന്വയം : ഭോഃ ദേശികേന്ദ്ര, തവ അശീര്യം ദേശകാലഗതിശൂന്യം അശൂന്യം തത്ത്വം, യത്ര ബുദ്ധിവചസോഃ ഗതിരോധഃ (തത്) ഈഷദപിസ്തോതും കഃ പ്രഭവേത്.
അര്‍ത്ഥം : അല്ലയോ സന്ന്യാസിശ്രേഷ്ഠാ, അവിടുത്തെ ഒരിക്കലും നശിക്കാത്തതും, ദേശ കാലങ്ങള്‍ക്ക് അതീതവും, ശ്രേഷ്ഠമായതുമായ തത്ത്വത്തിലേക്ക് ബുദ്ധിയ്ക്കോ, വാക്കിനോ പ്രവേശിക്കാന്‍ പോലും സാധ്യമല്ല.അപ്രകാരമുള്ള അവിടുത്തെ തത്ത്വത്തെ കുറച്ചെങ്കിലും അറിയാനും സ്തുതിക്കാനും ആര്‍ക്കാണ് സാധിക്കുക?
(തുടരും)
സ്വാമി ശരാദാനന്ദ സരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: