Categories: Samskriti

കന്നിഅയ്യപ്പന്മാരുടെ യാത്ര

രുമുടിക്കെട്ടുമായി ആദ്യമായി ശബരിമലയിലെത്തുന്നവരാണ് കന്നി അയ്യപ്പന്മാര്‍. സാധാരണ അയ്യപ്പന്മാരേക്കാള്‍ ആചാരങ്ങളില്‍ ചില പ്രത്യേകതകളുണ്ട് ഇവര്‍ക്ക്. ആദ്യമായി മലയ്‌ക്ക് പോകുന്നവര്‍ കന്നിക്കാര്‍. രണ്ടാമതും പോകുന്നവര്‍ രണ്ടാം കന്നി എന്നിങ്ങനെയാണ് വിളിക്കുക. അഞ്ചാം പ്രാവശ്യം പോകുന്നവരെ ‘പഴമ ‘എന്നുവിളിക്കുന്നു.

പതിനെട്ടു തവണയെങ്കിലും മല ചവിട്ടിയ ഒരാളെ കന്നി അയ്യപ്പന്‍ ഗുരുസ്വാമിയായി കണ്ടെത്തണം. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി ക്ഷേത്രത്തില്‍ വച്ച് മാലയിടണം. കന്നി അയ്യപ്പന്മാര്‍ ആഴി പൂജ നടത്തേണ്ടതുണ്ട്. അഗ്നിയെ വലംവയ്‌ക്കുന്ന പ്രദക്ഷിണമാണ് ഇതിലെ പ്രധാന ചടങ്ങ്. കന്നിഅയ്യപ്പന്റെ വീടിനു മുന്നില്‍ പന്തല്‍ നിര്‍മിച്ച് അയ്യപ്പന്‍, വാവര്‍, കടുത്ത സ്വാമി, മാളികപ്പുറം എന്നിവരെ പ്രതിഷ്ഠിച്ച് പൂജയും വാദ്യവുമായി ആഴിയില്‍ ചാടി കന്നി അയ്യപ്പന്മാര്‍ സ്വയം പരിശുദ്ധരാകുന്നു എന്നാണ് സങ്കല്‍പ്പം.

കന്നിഅയ്യപ്പന്മാര്‍ ഇരുമുടി നിറച്ച് ശബരിമലയ്‌ക്ക് പോകുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞിവച്ചു നല്‍കുന്ന ചടങ്ങുണ്ട്. എരുമേലിയില്‍ പേട്ട തുള്ളി ശരക്കോലുകള്‍ ശരംകുത്തിയില്‍ കുത്തണം. കന്നി അയ്യപ്പന്മാര്‍ അയ്യപ്പനെ കാണാനെത്തിയതിന്റെ പ്രതീകമാണിത്.  

മലയാത്രയ്‌ക്കുള്ള സംഘത്തില്‍ കന്നി മലക്കാരുണ്ടെങ്കില്‍ എരുമേലിയില്‍ പേട്ട കെട്ടണമെന്നാണ് അലിഖിത നിയമം. പമ്പയില്‍ പുണ്യസ്‌നാനവും പിതൃതര്‍പ്പണവും നടത്തണം. അപ്പാച്ചി മേട്ടിലും ഇപ്പാച്ചിമേട്ടിലും ദുര്‍ദേവതാ പ്രീതിക്ക് അരിയുണ്ട എറിയണം. പേട്ട തുള്ളുന്നതിനു മുമ്പായി സര്‍വപ്രായശ്ചിത്തത്തിനായി പേട്ടപ്പണം വയ്‌ക്കണം. കന്നിഅയ്യപ്പന്മാര്‍ ഒരു അമ്പു ധരിച്ചുവേണം പേട്ട തുള്ളലില്‍ പങ്കെടുക്കാന്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക