1660 ജൂലൈ 13 ന്റെ സൂര്യനുദിച്ചു. വിശാലഗഡ് ഇനിയും ഏറെ ദൂരത്താണ് അവിടെയും ശത്രുസൈന്യത്തിന്റെ വ്യൂഹം ഭേദിച്ചുവേണം കോട്ടക്കകത്ത് കടക്കാന്‍. അപ്പോഴതാ ദൂരത്തുനിന്ന് പൊടി ഉയര്‍ത്തിക്കൊണ്ട് വരുന്ന മസൂദിന്റെ കുതിരപ്പട കാണാം. അവരുടെ പോര്‍വിളിയും കേള്‍ക്കാമായിരുന്നു. ഇതോടെ കഥ അവസാനിച്ചു. രാത്രി മുഴുവന്‍ ഓടിക്കൊണ്ടിരുന്ന ശിവാജിയുടെ ചെറിയ സൈന്യം തളര്‍ന്നിട്ടുണ്ടായിരുന്നു. ഒരു ഭാഗത്ത് സിദ്ദിമസൂദിന്റെ സൈന്യം മറുഭാഗത്ത് വിശാലഗഢില്‍ ജസവന്തറാവു-സൂര്യറാവു എന്നിവരുടെ വലിയ സംഖ്യയില്‍ ഉത്സാഹഭരിതരായ സൈന്യം. പാക്ക്വെട്ടിയുടെ ഇടയില്‍പ്പെട്ട പാക്കുപോലെയായി ശിവാജിയുടെ ചെറുസൈന്യത്തിന്റെ സ്ഥിതി. ഇതൊരു വലിയ അഗ്നിപരീക്ഷയായിരുന്നു.
പരിസ്ഥിതിയുടെ ഭീകരത ബാജി പ്രഭു മനസ്സിലാക്കി. രണ്ടു സേനയുടെയും മധ്യത്തിലകപ്പെട്ടാല് എല്ലാവരുടെയും മരണം നിശ്ചയമാണ്. ക്ഷണനേരം പോലും വൈകരുത്, അപ്പോഴേക്കും അവര്‍ ചുരത്തിലെത്തി. പര്‍വതങ്ങളുടെ ചെരിവില്‍ കൂടിയുള്ള ഈ ചുരത്തില്‍കൂടി വേണം മസൂദിന്റെ സേനയ്ക്കും പിന്തുടരേണ്ടത്.
ഇതു മനസ്സിലാക്കിക്കൊണ്ട് ബാജിപ്രഭു ശിവാജിയോട് പറഞ്ഞു-ഇനിയങ്ങോട്ട് ഒരു ക്ഷണം പോലും വൈകാതെ താങ്കള്‍ വിശാലഗഢിലേക്ക് യാത്ര തുടരുക. താങ്കള്‍ വിശാലഗഢില്‍ എത്തുന്നതുവരെ ശത്രുവിനെ ഈ വഴിയില്‍ ഞാന്‍ തടഞ്ഞു നിര്‍ത്താം. ദുര്ഗത്തിലെത്തിയാല് പീരങ്കി പൊട്ടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്ന്. ജീവരാശിയെ രക്ഷിക്കാന്‍ പരമേശ്വരന് ഹാലാഹലം പാനം ചെയ്തതുപോലെ, ഹിന്ദുസമാജത്തെ രക്ഷിക്കാന്‍ ബാജിപ്രഭു മൃത്യുമുഖത്തെ അഭിമുഖീകരിക്കയായിരുന്നു. ബാജിപ്രഭു ശിവാജിയെ വിശാലഗഢിലേക്കയച്ചു.
പകുതിസൈന്യം ബാജിയുടെ കൂടെ അവിടെനിന്നു. അര്‍ദ്ധസൈന്യം ശിവാജിയെ പിന്തുടര്ന്നു. ചുരത്തില്‍ ഒരിടുങ്ങിയ ദുര്‍ഘടസ്ഥാനത്ത് കാലഭൈരവനെപ്പോലെ സൈന്യത്തോടുകൂടി ബാജിപ്രഭു നിന്നു. നമ്മള് ഓരോരുത്തരേയും മഹാരാജാവിന്റെ ജീവന് നൂറിരട്ടി സമവരവീര്യവും ഉത്സാഹമുള്ളവരുമായിത്തീര്ന്നു. മസൂദിന്റെ കുതിര സൈന്യം അവിടെ എത്തി. ചുരത്തില്‍ പ്രവേശിക്കാന്‍ ആരംഭിച്ചു. അകത്തേക്ക് കടന്നവരുടെ എല്ലാം തല വെട്ടിമാറ്റിക്കൊണ്ടിരുന്നു. ചുരത്തിന്റെ ഇരുഭാഗവും പഠാന് സൈനികരുടെയും കുതിരകളുടെയും ശവശരീരംകൊണ്ട് നിറയാന്‍ തുടങ്ങി. ശിവാജി വിശാലഗഢില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും വേണം. അതുവരേക്കും ശത്രുവിനെ അവിടെ തടഞ്ഞുനിര്‍ത്തണമായിരുന്നു ബാജിപ്രഭുവിന്.
ശത്രുസൈന്യം ചുരത്തില്‍ പ്രവേശിക്കുന്നതനുസരിച്ച് രണ്ടുകൈയിലും വാളുമായി നില്ക്കുന്ന ബാജിപ്രഭുവിന്റെ വാളുകള്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. ശത്രു സൈന്യം ഖണ്ഡംഖണ്ഡമായി അരിഞ്ഞുതള്ളപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. അതേസമയം പന്‍ഹാളകോട്ടയില്‍ ആക്രമണം പഴയതുപോലെ തുടരുന്നുണ്ടായിരുന്നു. ഒരു പക്ഷേ ശിവാജി കോട്ടയില്‍ തന്നെ നിന്നു അവസരം കിട്ടിയാല്‍ ഓടിപ്പോയാലൊ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: