കോഴിക്കോട്: സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. ഒര്‍ത്തഡോക്സ്-യാക്കോബായ സഭാ നേതൃത്വങ്ങളുമായി മോദി ചര്‍ച്ച നടത്തും. ഓരോ വിഭാഗത്തിലെയും മൂന്ന് വീതം മുതിര്‍ന്ന ബിഷപ്പുമാരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ചയെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം താന്‍ കേരളത്തിലെത്തിയപ്പോള്‍ വിവിധ ക്രിസ്തീയ സഭാ നേതൃത്വങ്ങള്‍ കേരളത്തില്‍ അനുഭവിക്കുന്ന വിവേചനങ്ങളെപ്പറ്റി തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ലഭിച്ച രേഖാമൂലമുള്ള പരാതി പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി സഭാതര്‍ക്കത്തില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്നും പി എസ് ശ്രീധരന് പിള്ള അറിയിച്ചു. ന്യൂനപക്ഷ ഫണ്ട് വിതരണത്തിലെ അപാകതകള്‍ സംബന്ധിച്ചാണ് പരാതികളില്‍ ഒന്ന്. 41 ശതമാനം ഫണ്ട് ലഭിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നിരിക്കെ നിലവില്‍ 20 ശതമാനം മാത്രമേ കിട്ടുന്നുള്ളൂവെന്നും ഇതു സംബന്ധിച്ചുള്ള പരാതിയില്‍ പറയുന്നു.
സഭാ തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഡിസംബറില്‍ ക്രിസ്മസിന് ശേഷമുള്ള അടുത്തയാഴ്ച ഒരോ ദിവസം കാണാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. തീയതി തനിക്ക് അറിയാമെങ്കിലും വെളിപ്പെടുത്തുന്നില്ലെന്ന് പി എസ് ശ്രീധരന് പിള്ള പറഞ്ഞു. മറ്റ് സഭാ നേതൃത്വങ്ങള്‍ക്ക് ജനുവരിയില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിഹാരം സംബന്ധിച്ച മാര്‍ഗങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് തെളിയേണ്ടതെന്നും മിസോറാം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: