കൊച്ചി : നിയമ വിരുദ്ധമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയതായി എന്‍ഫോഴ്സ്മെന്റ് വെളിപ്പെടുത്തല്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.
രാജ്യ വ്യാപകമായി പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന് ഈ പണമാണ് ഉപയോഗപ്പെടുത്തിയതെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ അക്കൗണ്ടിലേക്ക് എത്തിയ പണം ഉപയോഗപ്പെടുത്തിയാണ് സിഎഎ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതെന്നാണ് സംശയം.
ഇത് കൂടാതെ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചതിന് പിന്നില്‍ ശരീഫാണെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹത്രാസില്‍ കലാപം ഉണ്ടാക്കാനും ക്യാമ്പസ് ഫ്രണ്ട് ശ്രമം നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം തനിക്ക് ഒമാനില്‍ കയറ്റുമതി സ്ഥാപനമുണ്ടെന്നും അതില്‍ നിന്നുള്ള പണമാണ് അക്കൗണ്ടിലേക്ക് എത്തിയതെന്നും റൗഫ് കോടതിയില്‍ അറിയിച്ചു. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു. തുടര്‍ന്ന് പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള പരാതി ഇനി ഉയരരുതെന്നും കോടതി എന്‍ഫോഴ്സ്മെന്റിന് താക്കീത് നല്കി. ഷെരീഫിനെ എന്‍ഫോഴ്സ്മെന്റ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: