ന്യൂദല്‍ഹി : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സ്‌കോളര്‍ഷിപ്പ് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നാല് കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു കഴിഞ്ഞു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യാസം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ നല്‍കിയിരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതുപ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി സ്‌കോളര്‍ഷിപ്പ് നല്‍കും. സ്‌കോളര്‍ഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്രവും ബാക്കി അതാത് സര്‍ക്കാരും നല്‍കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, പട്ടിക ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ ഫലപ്രദമാകുന്ന വിധത്തിലാണ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്.
2017-18 മുതല്‍ 2019- 20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത്. എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ അത് 6000 കോടി ആയും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: