കണ്ണൂര്‍: ആന്തൂര്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത സിപിഎം നീക്കം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം തുടര്‍ക്കഥയാവുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പ്രവര്‍ത്തനം നഗഗരസഭ പരിധിയില്‍ ശക്തമായതോടെയാണ് സിപിഎം നേതൃത്വം ആസൂത്രിതമായി സംഘപരിവാര്‍ പ്രവര്‍ത്തകരേയും പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി ആന്തൂര്‍ മേഖലയില്‍ ഉടലെടുത്തത്.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്നും വിത്യസ്തമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 13 ഡിവിഷനുകളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയുണ്ടായി. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറായി ആളുകള്‍ മുന്നോട്ടു വന്നു. എന്നാല്‍ എന്‍ഡിഎയ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതോട സിപിഎമ്മിന് നഗരസഭയിലെ പല വാര്‍ഡുകളിലും തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയതോടെ പത്രിക നല്കിയവരേയും അവരെ പിന്താങ്ങിയവരേയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി.
നഗരസഭയിലെ ഡിവിഷനില്‍ പത്രിക നല്കിയ ബിജെപിയുടെ നഗരസഭാ കമ്മിറ്റി പ്രസിഡണ്ടിന്റെ പത്രിക സിപിഎം സംഘം തളളിച്ചു. പിന്താങ്ങിയ വ്യക്തിയെ വീട്ടില്‍ചെന്ന് തട്ടിക്കൊണ്ടുപോയി വരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റ് പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളും നിലപാടിലുറച്ച് നില്‍ക്കുകയും സിപിഎമ്മിന്റെ രാവണന് കോട്ടകളെന്നറിയപ്പെടുന്ന പല മേഖലയിലും തെരഞ്ഞെടുപ്പില്‍ 300ലധികം വോട്ട് വരെ എന്‍ഡിഎ നേടുകയും ചെയതു.
പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞും അക്രമിച്ചും മനോവീര്യം കെടുത്തി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും വരും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടയിടാനുമുളള സിപിഎം നേതൃത്വത്തിന്റെ ഗൂഢ നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരേയും അവര്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നതിനും പിന്നിലെന്ന് വ്യക്തമാവുകയാണ്.
ചൊവ്വാഴ്ച രാത്രി സിപിഎം സംഘം വീടിന് നേരെ ബോംബേറ് നടത്തിയ സേവാഭാരതി പ്രവര്ത്തകന് നികേഷ് എന്‍ഡിഎയുടെ 27ാം വാര്‍ഡ് പാളിത്ത് വളപ്പില്‍ സ്ഥാനാര്‍ത്ഥിയായ യുവമോര്‍ച്ച ജില്ലാ ട്രഷററായ നന്ദകുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. സിപിഎമ്മിനല്ലാതെ മറ്റൊരു സംഘടനയ്ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത വാര്‍ഡില്‍ 138 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. ഇതില്‍ വിറളിപൂണ്ടാണ് നികേഷിന്റെ വീടിന് നേരെ അക്രമം നടന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍കാലത്ത് സേവാഭാരതി പ്രവര്‍ത്തകനായ നികേഷ് നടത്തിയ സേവാ പ്രവര്‍ത്തനങ്ങള്‍ ജന ശ്രദ്ധേ നേടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം നഗരസഭയിലെ 21ാം വാര്‍ഡ് സിഎച്ച് നഗറില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരേയും സിപിഎം സംഘം ബോബേറിഞ്ഞിരുന്നു. സിപിഎം ശക്തി കേന്ദ്രത്തില്‍ സുരേഷ് 87 വോട്ടുകള്‍ നേടിയെന്നതായിരുന്നു പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുകയെന്ന വ്യക്തമായ ലക്ഷ്യമാണ് അക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാസനെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി കോണ്‍ഗ്രസിന്റെ മേഖലയിലെ പ്രവര്‍ത്തനം നിര്‍ജ്ജീവമാക്കിയ നിലയില്‍ ഭീഷണിയും അക്രമവും കൊലപാതകവുമടക്കം നടത്തി സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനവും നഗരസഭാ പരിധിയില്‍ അവസാനിപ്പിക്കാമെന്ന സിപിഎം നേതാക്കളുടെ ഗൂഢലക്ഷ്യമാണ് തുടര്‍ച്ചയായ അക്രമങ്ങള്‍ക്ക് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് മാസ്റ്ററുടെ നാടായ മൊറോഴ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്തി പ്രശ്നങ്ങളുണ്ടാക്കാനുള്ള സിപിഎം നീക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: