”വെട്ടേറ്റു വീഴുന്ന മഹാവൃക്ഷങ്ങളും കത്തിപ്പടരുന്ന തീയും പ്രാണഭയത്തോടെ മണ്ടുന്ന വന്യമൃഗങ്ങളും ലോറികളുടേയും യന്ത്രങ്ങളുടേയും ഇരമ്പലും വെടിമരുന്നിട്ടു പൊട്ടിത്തകര്‍ക്കുന്ന പാറകളുടെ ഘോര ശബ്ദവും എല്ലാം കൂടി അതീവമായി അസ്വസ്ഥമാക്കിയ ഒരു രാത്രി…”
ജീവിതത്തിലെ ആ കാളരാത്രിയാണ് സുഗതകുമാരി എന്ന പോരാട്ട വീര്യത്തെ ലോകത്തിനു സമ്മാനിച്ചത്. 1978ലാണ് സൈലന്റ് വാലിയെന്ന അതീവലോല വനപ്രദേശം ജലവൈദ്യുത പദ്ധതിക്കായി നശിപ്പിക്കപ്പെടാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതുവരെ സ്വകാര്യ ദുഃഖങ്ങളും കവിതയുമായി മാത്രം കഴിഞ്ഞിരുന്ന സുഗതകുമാരിയുടെ മനസ്സ് അസ്വസ്ഥമായി. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി സംസാരിക്കാനൊരു നാവുയരുകയായിരുന്നു അന്ന്. കുന്തിപ്പുഴയ്‌ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസനവാദികളുടെ മോഹത്തിനെതിരെ സുഗതകുമാരിയുടെ ശബ്ദമുയര്‍ന്നു. സൈലന്റ്‌വാലി സംരക്ഷിക്കാനുള്ള സമര നേതൃത്വത്തിലേക്ക് അവരെത്തി. പിന്നീട് ലോകം കണ്ടത് സമാനതകളില്ലാത്ത പോരാട്ട വീര്യമാണ്.
അന്നാദ്യമായി രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധം ജനങ്ങളില്‍ പടര്‍ത്തി. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. പുഴയ്‌ക്കായി, കാടിനായി, അപൂര്‍വ്വ സസ്യ, ജീവജാലങ്ങള്‍ക്കായി, സര്‍വ്വോപരി വനവാസികള്‍ക്കായി സുഗതകുമാരി സമരം നയിച്ചു. തോല്‍ക്കുമെന്നു കരുതിയ യുദ്ധമാണ് അവര്‍ നയിച്ചത്. തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തില്‍ പങ്കുചേരണമെന്നഭ്യര്‍ത്ഥിച്ച് അവര്‍ രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും കത്തയച്ചു. നിരവധിപേര്‍ സമരത്തിനൊപ്പം ചേര്‍ന്നു. ആ സമരം വിജയിച്ചു. ഇന്നിപ്പോള്‍ സൈലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍… സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്‌ക്കായി നല്‍കിയതിന് ലോകം സുഗതകുമാരിയോട് നന്ദിപറയുന്നു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി, സര്‍ക്കാരിന്റെ ഒത്താശയോടെ, സ്വകാര്യ കമ്പനി വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി വന്നപ്പോള്‍ ആറന്മുളയുടെ പൈതൃകവും സംസ്‌കാരവും കൃഷിയും സംരക്ഷിക്കാന്‍ സുഗതകുമാരി മുന്നിട്ടിറങ്ങി. ആ യുദ്ധവും ജയിക്കുക തന്നെ ചെയ്തു. വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് സ്വകാര്യ കമ്പനിക്ക് പിന്‍വാങ്ങേണ്ടി വന്നു. കാടും പുഴയും സംരക്ഷിക്കാന്‍ മാത്രമായിരുന്നില്ല അവരുടെ പോരാട്ടം. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി, ഉപേക്ഷിക്കപ്പെടുന്ന അമ്മമാര്‍ക്കായി, ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കായി, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര്‍ക്കായി എല്ലാം സുഗതകുമാരി മുന്നില്‍ നിന്ന് പടനയിച്ചു. അവര്‍ക്ക് തണലൊരുക്കി. വെറുമൊരു കവിയായി ജീവിച്ചു തീര്‍ക്കുകയായിരുന്നില്ല ആ അമ്മ. കാടിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, മനുഷ്യനുവേണ്ടി, ആശ്രയമില്ലാത്തവര്‍ക്കായി, മനോരോഗികള്‍ക്കായി….അവര്‍ കവിതയെഴുതി. അനീതിക്കെതിരായ ആയുധമായി കവിതയെ മാറ്റി.
കവി പാരമ്പര്യത്തിലെ വാല്മീകിയുടെ പിന്തുടര്‍ച്ചക്കാരിയാണ് സുഗതകുമാരി. രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന കവിയാകുന്നത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഖങ്ങളില്‍ നിന്നാണ്. സുഗതകുമാരിയുടെ കവിതകളും അന്യന്റെ ദുഃഖങ്ങളില്‍ നിന്നാണ് ഉറവയെടുത്തത്. വേദനയും പ്രതിഷേധവും കാരുണ്യവും വിലാപവും എല്ലാം കവിതയിലുണ്ടായി. ഉറവവറ്റാത്ത കാരുണ്യക്കടലായിരുന്നു സുഗതകുമാരി. സുഗതകുമാരിയെന്ന കാലം അവസാനിക്കുമ്പോഴും അവസാനിക്കാതെ നില്‍ക്കുന്ന ഒന്നുണ്ട്, അവര്‍ സമൂഹത്തിനു നല്‍കിയ വലിയ കരുത്ത്. സത്യസന്ധമായ പോരാട്ടത്തിന്റെ അവസാനം വിജയമാണെന്ന സന്ദേശം. ആ കവി ശ്രേഷ്ഠ മടക്കയാത്രയിലല്ല, നമുക്കൊപ്പം സഞ്ചരിക്കുകയാണ്. പ്രിയപ്പെട്ട അമ്മ മനസ്സിന് പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: