തന്റെ കാലശേഷം, ഓര്‍മ്മയ്ക്ക് സ്മാരകങ്ങള്‍ വേണ്ടന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. ഓര്‍മ്മ നിലനിര്‍ത്താന്‍ ഒരാല്‍മരം മാത്രം മതിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. നിറയെ ചുവന്ന പഴങ്ങളുള്ള ആല്‍മരം. ധാരാളം പക്ഷികള്‍ അതില്‍ ചേക്കേറണം. അണ്ണാനും പക്ഷികളുമെല്ലാം വന്ന് ആല്‍മരത്തെ അവരുടെ വീടാക്കട്ടെ. പഴങ്ങള്‍ ഭക്ഷിക്കട്ടെ. ശവപുഷ്പങ്ങളും ഔദ്യോഗിക ബഹുമതിയും എനിക്ക് വേണ്ട. സുഗതകുമാരിയുടെ ഒസ്യത്തില്‍ ഇതെഴുതി വച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തെ പേയാട്, അശരണര്‍ക്കായി സുഗതകുമാരിയൊരുക്കിയ അഭയയുടെ പിന്‍വശത്ത് ആ ആല്‍മരം നടണമെന്നും എഴുതിയിട്ടുണ്ട്.
ഒരുവട്ടം കൂടി സൈലന്റ് വാലിയിലെ കൃഷ്ണവനത്തില്‍ പോകണമെന്ന ആഗ്രഹം സുഗതടീച്ചര്‍ക്കുണ്ടായിരുന്നു. താന്‍ സംരക്ഷിച്ച് സമൂഹത്തിന് നല്കിയ ആ ജൈവവൈവിധ്യത്തെ ഒരിക്കല്‍ കൂടി കാണാന്‍.
മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹവും നടന്നില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതിന് വിശ്വാസ്യതയേറും. സന്നദ്ധസംഘടനകളുടെയും പഞ്ചായത്തുകളുടെയുമെല്ലാം സഹായം തേടാം. പലവട്ടം സുഗതകുമാരി സര്‍ക്കാരിന് പ്രോജക്ട് കൊടുത്തു. ഹൈക്കോടതിക്കും കൊടുത്തു. അതുചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പക്ഷേ സര്‍ക്കാര്‍ അനങ്ങിയതേയില്ല.
മാതാപിതാക്കള്‍ പകല്‍ജോലിക്കു പോകുമ്പോള്‍ മാനസികാസ്വാസ്ഥ്യമുള്ള മക്കളെയോ മുതിര്‍ന്നവരെയോ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരുണ്ട്. ഇവരെ താമസിപ്പിക്കുവാന്‍ പകല്‍വീട് വേണം. കുറച്ചുനാള്‍ വീട്ടുകാര്‍ക്ക് എവിടെയെങ്കിലും പോകേണ്ടിവന്നാല്‍ വീട്ടിലുള്ള മാനസികാസ്വാസ്ഥ്യമുള്ളവരെ താമസിപ്പിക്കാന്‍ ഹൃസ്വകാല വസതികള്‍. ആളുകളുണ്ടെങ്കിലും പലകാരണങ്ങളാല്‍ നോക്കാനാകാത്തവര്‍ക്ക് മരണംവരെ സമാധാനമായി താമസിക്കാന്‍ ദീര്‍ഘകാല വസതികള്‍. ടീച്ചര്‍ കളമൊഴിയുമ്പോള്‍ ഇതെല്ലാം ആഗ്രഹങ്ങള്‍ മാത്രമായി നിലനില്ക്കുന്നു…
നന്ദാവനത്തെ വീടിനുമുന്നില്‍ ഒരു കുല കതിര്‍കറ്റകള്‍ തൂക്കിയിട്ടിരുന്നു. ആറന്മുളയില് വിമാനത്താവളമുണ്ടാക്കുന്നതിനെതിരേ നടത്തിയ സമരം കഴിഞ്ഞ് ആറന്മുളയിലെ പാടങ്ങളില്‍ ആദ്യം കറ്റ കൊയ്തപ്പോള്‍ അവിടത്തെ ആളുകള്‍ കൊണ്ടുവന്നതാണത്. ഒരുവട്ടി അരിയും കൊണ്ടുവന്നു. കേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്എസ്, ബിജെപി, ജനതാദള്‍, മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിക്കാന്‍ സാധിച്ച മാതൃകാസമരമായിരുന്നു അത്. അതുപോലെയൊന്ന് അതുവരെ നടന്നിട്ടില്ല. ഇനി ഉണ്ടാകുമോയെന്നും സംശയമുണ്ട്. സൈലന്റ് വാലിക്കു ശേഷം സുഗതകുമാരി നയിച്ച, വിജയിച്ച സമരമായിരുന്നു ആറന്മുളയിലേത്.
മലയാളിയുടെ വഴിവിട്ട ജീവിതത്തോട് സുഗതകുമാരിക്ക് എതിര്‍പ്പായിരുന്നു. അവസാനം വരെ അവരതു പറഞ്ഞു. ”മലയാളികള്‍ക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്. പിന്നെ, മദ്യാസക്തി. സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. കുടിവെള്ളത്തില്‍പ്പോലും മാലിന്യം തള്ളാന്‍ മലയാളി തയ്യാറാവുന്നതോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു…”
ഒരു ബഹുമതിക്കും വേണ്ടിയായിരുന്നില്ല തന്റെ പ്രവര്‍ത്തനങ്ങളെന്നും സുഗതകുമാരി അവസാനകാലത്ത് പറഞ്ഞു. ”ഒരുപാട് പുണ്യം ചെയ്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛനെയും അമ്മയെയും-സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനും പ്രൊഫ. വി.കെ. കാര്‍ത്യായനിയമ്മയും-ചേച്ചിയെയും അനുജത്തിയെയും-പ്രൊഫ. ഹൃദയകുമാരിയും സുജാതയും-ഓര്‍ത്താല്‍… ഒരുപാട് പുണ്യമാണ് ഈ കുടുംബത്തില്‍ എനിക്ക് പിറക്കാന്‍ കഴിഞ്ഞത്. എന്റെ ഭര്‍ത്താവ്, പരേതനായ ഡോ. കെ. വേലായുധന് നായരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നും ആകാനാകില്ലായിരുന്നു. ശ്രീ അരവിന്ദന്റെ ശിഷ്യനായിരുന്നു അദ്ദേഹം.”
എല്ലാത്തിനും എല്ലാരോടും നന്ദി പറഞ്ഞ് മടക്കം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: