ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഇന്നും ഇന്നലെയുമായി 278 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 75 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 280 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിലും ബിജെപിയാണ് മുന്നിലെത്തിയത്. അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 4.87 ലക്ഷം വോട്ടുകള്‍ ബിജെപിക്ക് ആകെ ലഭിച്ചു. ബിജെപിക്ക് ലഭിച്ച സീറ്റുകളില്‍ മൂന്ന് എണ്ണം കാശ്മീര്‍ താഴ്വരയില്‍നിന്നാണ്.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം തുടരുന്നതിനിടെ താഴ് വരയില്‍ ബിജെപിയുണ്ടാക്കിയ ഈ നേട്ടം എടുത്തുപറയണം. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള നയിക്കുന്ന ഗുപ്കര്‍ സഖ്യം എന്നറിയപ്പെടുന്ന, ജമ്മുകാശ്മീരിലെ ഏഴു പാര്‍ട്ടികളുടെ കൂട്ടായ്മയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍(പിഎജിഡി) 112 സീറ്റുകള്‍ സ്വന്തമാക്കാനേ കഴിഞ്ഞുള്ളൂ. രണ്ടുസീറ്റുകളിലെ ഫലംകൂടി ഇനി വരാനുണ്ട്.
പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഭാവിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ബഹിഷ്ക്കരിക്കുമെന്ന് കഴിഞ്ഞവര്‍ഷം ഗുപ്കര്‍ സഖ്യത്തിലെ മിക്ക പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിഡിസി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പിന്നീട് നിലപാടു മാറ്റി. സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 67 സീറ്റുകള്‍ ഇതുവരെ ലഭിച്ചപ്പോള്‍, പിഡിപി 27 ഇടത്ത് ജയം നേടി.
ജമ്മുകാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് എട്ട്, സിപിഎം അഞ്ച്, ജമ്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് മൂന്ന്, പിഡിഎഫ് രണ്ട് എന്നിങ്ങനെയാണ് സഖ്യത്തിലെ മറ്റുള്ളര്‍ക്ക് കിട്ടിയ സീറ്റുകള്‍. സഖ്യത്തിന് ഒരുമിച്ച് നേടാനായതാകട്ടെ, 3.94 ലക്ഷം വോട്ടുകളും. അമ്പതു സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 26, അപ്നി പാര്‍ട്ടി 12, നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി രണ്ട്, ബിഎസ്പി ഒന്ന് എന്നിങ്ങനെ ഇതര പാര്‍ട്ടികളും വിവിധയിടങ്ങളില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: