തൃശൂര്‍: ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശൂര്‍ നഗരം തിരക്കിലമരുന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. കാറുകള്‍, ബൈക്കുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ നഗരത്തിലേക്കെത്തുന്നവരുടെ എണ്ണം പെരുകിയതാണ് കുരുക്ക് വര്‍ധിക്കാന്‍ കാരണമാക്കുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്ല തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.പലചരക്ക്, പച്ചക്കറി, മത്സ്യ, മാംസ വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തൃശൂര്‍ ശക്തന് മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ്.
മഹാമാരി രൂക്ഷമായി നില നില്‍ക്കുമ്പോഴും ആളുകള്‍ അതെല്ലാം ലംഘിക്കുന്ന രീതിയാണ് മിക്കപ്പോഴും അവലംബിക്കുന്നത്. ഞായറാഴ്ചയില്‍ കൂടുംബ സമേതം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെയുണ്ട്. മിക്ക പള്ളികളും അടഞ്ഞ് കിടപ്പാണേലും പള്ളികളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കാനെത്തുന്നവരും ഏറെയാണ്. ക്രിസ്മസിന് തൊട്ടടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ ഇനിയും തിരക്ക് അധികരിക്കാനാണ് സാധ്യത. ക്രിസ്മസ്, പുതുവര്‍ഷ സീസണ് കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ട്രാഫിക്ക് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാഹനങ്ങള്‍ അധികരിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കുരുക്കില്‍പെട്ട് വാഹനങ്ങള്‍ നിരന്ന് കിടക്കുന്ന കാഴ്ചയാണ്. പൂങ്കുന്നം, പാട്ട്രായ്ക്കല്‍, അശ്വനി ജംഗ്ഷനുകളില്‍ മിക്ക സമയങ്ങളിലും വന്‍ ഗതാഗത കുരുക്കാണ്. ആവശ്യത്തിന് ട്രാഫിക്ക് പൊലീസുകാരില്ലാത്തതും കുരുക്ക് കൂടാന്‍ കാരണമാക്കുന്നുണ്ട് എം. ജി റോഡില്‍ മിക്ക സമയങ്ങളിലും വന്‍ കുരുക്കാണുണ്ടാകുന്നത്.
കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ അവധികാലം ജാഗ്രതാകാലമാക്കി ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്. ക്രിസ്മസ് – പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരത്തിനും യാത്രകള്‍ക്കും തയ്യാറെടുക്കുന്നവര്‍ കൃത്യമായി കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ. കൂടാതെ ബാറുകള്‍ ബിവറേജ് ഔട്ട്ലെറ്റുകള് തുറക്കുന്നതും പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. വ്യാജ മദ്യം തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും വിവിധ വകുപ്പുകള്‍ സഹകരിച്ച് നടപടികളെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ചെക്പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: