പഴയങ്ങാടി: മാടായിപ്പാറ ദേവസ്വം ഭൂമിയില്‍ അടിക്കടിയുണ്ടാവുന്ന തീപ്പിടിത്തം തടയാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമുയരുന്നു. കാലവര്‍ഷത്തില്‍ പച്ചപ്പുതപ്പണിഞ്ഞ് കാക്കപ്പൂക്കള്‍ കൊണ്ട് നയനമനോഹരമായ കാഴ്ച സൃഷ്ടിക്കുന്ന മാടായിപ്പാറയില്‍ വേനല്‍കാലമാകുന്നതോടെയാണ് നിത്യേനയെന്നോണം തീപിടിത്തമുണ്ടാകുന്നത്. സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്ന് സംശയമുണ്ട്.
പുല്‍മേടുകള്‍ക്ക് തീപടരുന്നതിലൂടെ വൈവിധ്യമാര്‍ന്ന ജൈവസമ്പത്താണ് കത്തിയമരുന്നത്. അത്യപൂര്‍വ്വങ്ങളായ ജീവജാലങ്ങളുടെ വംശനാശത്തിനും ഇത് വഴിവെക്കുന്നു. മാടായിപ്പാറയിലെത്തുന്ന ദേശാടനപ്പക്ഷികളുടെ പ്രജനനത്തിനും വംശനാശത്തിനും തീപിടിത്തം ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. തീപിടിത്തം തടയുവാനും മാടായിപ്പാറയിലെത്തുന്ന സംഘങ്ങളെ നിരിക്ഷിക്കുവാനും ദേവസ്വംബോര്‍ഡ് മുന്‍കൈയ്യെടുത്ത് ഒരു വാച്ച്മാനെ നിയമിക്കണമെന്ന ആവശ്യം പോലും ചിറക്കല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല.
മാടായിപ്പാറയെ സംരക്ഷിക്കാനെന്ന പേരില്‍ പ്രകൃതി സ്‌നേഹികളും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയെങ്കിലും ഇവരുടെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രം അവസാനിക്കുകയാണ്. തൊള്ളായിരം ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന മാടായിപ്പാറ വിവിധ കൈയ്യേറ്റങ്ങളാല്‍ ചുരുങ്ങി ഇന്ന് 600 ഏക്കര്‍ മാത്രമായി എന്നാണ് വില്ലേജ് ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നത്. കയ്യേറ്റങ്ങള്‍ തടയാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സംരക്ഷണവേലി കെട്ടിയെങ്കിലും ഇതും തല്‍പ്പരകക്ഷികള്‍ ചിലരുടെ ഒത്താശയോടെ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതും അധികൃതര്‍ കാണാതെ പോയി.
മാടായിപ്പാറ അളന്ന് തിട്ടപ്പെടുത്തണമെന്ന കലക്ടറുടെ റിപ്പോര്‍ട്ട് തഹസില്‍ദാറുടെ ഓഫീസില്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. പഴയങ്ങാടി, മാടായിപ്പാറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഒരു ഫയര്‍ സ്റ്റേഷന്‍ യൂനിറ്റ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിശാലമായ മാടായിപ്പായില്‍ അഗ്‌നിബാധയുണ്ടായാല്‍ കിലോമീറ്റര്‍ അകലെ പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാം കത്തി അമര്‍ന്നിരിക്കും. ചരിത്രപൈതൃക ജൈവവൈവിധ്യ ഭൂമിയായ മാടായിപ്പാറയെ സംരക്ഷിക്കാന്‍ അധികൃതര്‍ സത്വരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: