സുഗതകുമാരി
കൊടും ചൂടാണ്, വറ്റുന്നൂ
കിണറും നോറ്റ കണ്‍കളും
കിടാവിന്നായ് ചുരത്തേണ്ട
നെഞ്ഞും താരാട്ടു കൊഞ്ചലും
ആരുവറ്റിച്ചതീ വറ്റാ-
ക്കിണറെ, ക്കാട്ടു പൊയ്കയെ
ആരുകത്തിച്ചതീപ്പുന്നെല്‍-
പ്പാടത്തിന്‍ ഹരിതാഭയെ?
ലോറിയില്‍ തിക്കിയേറ്റുന്ന
കന്നുകാലികളെന്നപോല്‍
ആരീ മലകളെ കൊന്നു
കൊണ്ടുപോകുന്നു ചന്തയില്‍?
വെട്ടിക്കത്തിപ്പതാരാണീ
നാടിന്‍ പച്ചക്കിനാവുകള്‍
കുത്തിപ്പൊട്ടിച്ചതാരാണീ
പച്ചക്കുന്നിന്റെ കണ്ണുകള്‍?
വറ്റിച്ചൂറ്റിയതാരാണീ-
യമ്മ നൂറ്റാണ്ടു കാലമായ്
മക്കള്‍ക്കായിക്കുഴിച്ചിട്ടോ-
രടിവെള്ള മഹാനിധി!
നാലുപാടും പരിഭ്രാന്തം
നോക്കും തെങ്ങുകളെ, മണല്‍
ച്ചാലുപോല്‍ വീണുചാകുന്നോ-
രോമല്‍ പുഴകളെ, കരി-
ഞ്ചായലില്‍ തീപിടിച്ചോരു
ഗിരിശൃംഗങ്ങളെ, ദാഹ-
നീരിനായ് കാടിറങ്ങുന്ന
പാവം സഹ്യന്റെ മക്കളെ
പാലക്കാടിന്‍ മരുച്ചൂടില്‍
തനിയെ നിന്നു കത്തിടും
നീലപ്പനകളെ,നിങ്ങ-
ളെല്ലാമിതിനു സാക്ഷികള്‍!
അംബ, നിന്റെ മുലപ്പാല-
ല്ലിവരൂറ്റുന്നു നിത്യവും
നിന്റെ രക്തം നിന്റെ മാംസം
നീ ഞങ്ങള്‍ക്കൊരു പെണ്ണിര
അമ്മ തന്റെ തലയ്‌ക്കല്‍ കാ-
ത്തിരിക്കുമ്പോള്‍, തളര്‍ന്നൊരെന്‍
കണ്ണുകള്‍ വാനിലേയ്‌ക്കുറ്റു
നോക്കിടുന്നു ഭയാകുലം
കണ്ണെഴുതും നെടും മഞ്ഞ-
ക്കുറിയും ചേര്‍ന്ന മേഘമൊ-
ന്നെങ്ങാനും കാണുവാനുണ്ടോ
കാറ്റേ വിണ്ണേ സമുദ്രമേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: