ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകനെ ജില്ലയുടെ കോണ്‍ഗ്രസ് യുവജനവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുത്തിതിന്റെ അമ്പരപ്പില്‍ പാര്‍ട്ടി നേതാക്കള്‍. ഈ മാസം നടത്തിയ സംഘടനാ തെരഞ്ഞെടുപ്പിലാണ് അമളി പറ്റിയത്. പിന്നാലെ പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പ് പ്രകിയയെ ചോദ്യം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ വിലകുറഞ്ഞ പ്രചാരവേലയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.
രാജ്യസഭാ എംപി ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് ഹര്‍ഷിത് സിംഘയി എന്നയാള്‍ മാര്‍ച്ചില്‍ പാര്‍ട്ടിവിട്ടിരുന്നു. പിന്നീട് ഒമ്പതു മാസത്തിനു ശേഷമാണ് മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ ജബല്‍പൂര്‍ വടക്കന്‍ നിയമസഭാ മണ്ഡലത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ പത്തിനും പന്ത്രണ്ടിനും ഇടയിലായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ 12 വോട്ടുകള്‍ സിംഘയിക്ക് ലഭിച്ചു.
ബിജെപിയുടെ വിലകുറഞ്ഞ പ്രചാരവേലയാണ് ഇതെന്ന് മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ മഖ്സൂദ് മിശ്ര പറഞ്ഞു. മാര്‍ച്ചിലാണ് സിംഘായി നാമനിര്‍ദേശപത്രിക നല്‍കിയത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്നുവെങ്കിലും പത്രിക പിന്‍വലിച്ചിരുന്നില്ല. ഓണ്‍ലൈനിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.
1,800 പത്രികകളുണ്ടായിരുന്നതിനാല് ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ തെരഞ്ഞെടുപ്പ് റദ്ദാക്കി യൂത്ത് കോണ്‍ഗ്രസ് മുഖം രക്ഷിച്ചുവെങ്കിലും പറ്റിയ അബദ്ധം വിമര്‍ശകര്‍ ആഘോഷമാക്കി. പാര്‍ട്ടിക്ക് താഴെത്തട്ടിലെ പ്രവര്‍ത്തകരുമായുള്ള ബന്ധമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: