തൃശൂര്‍: കൊവിഡ്-19ന്റെ ആശങ്കയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മുഴുവനും അടുത്ത മാസം മുതല്‍ സര്‍വീസ് പുനരാരംഭിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചതില്‍ ഓടാന്‍ അവശേഷിക്കുന്ന ബസുകളാണ് ജനുവരി ഒന്നു മുതല്‍ സര്‍വീസ് നടത്തുക. ബസുകളില്‍ ഇനി മുതല്‍ 15 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാവുന്നതാണ്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രയ്ക്ക് ഇതുവരെ കെഎസ്ആര്‍ടിസി ബസുകളില്‍ അനുമതി ഉണ്ടായിരുന്നില്ല.
തൃശൂര്‍ ഡിപ്പോയില്‍ നിന്നുള്ള 64 സര്‍വീസുകളും ജനുവരി മുതല്‍ പുനരാരംഭിക്കുമെന്ന് ഡിടിഒ കെ.ടി സെബി അറിയിച്ചു. നിലവില്‍ തൃശൂരില്‍ നിന്ന് ജില്ലയ്ക്കകത്തും പുറത്തുമായി 47 സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് സര്‍വീസ് 18 ആക്കി ചുരുക്കിയിരുന്നു. അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ബെഗ്ലൂരുലേക്ക് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.
തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അവിടേക്കുള്ള ബസുകള്‍ ഇനിയും ഓടിക്കാനായിട്ടില്ല. ജീവനക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് ജനുവരിക്ക് മുമ്പ് പൂര്‍ണതോതില്‍ സര്‍വീസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ക്രിസ്മസ്-പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തുന്നുണ്ട്.
ഡിസം. 21 മുതല്‍ ജനുവരി 4 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെഗ്ലൂരുലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. തൃശൂരില്‍ നിന്ന് രാത്രി 8.25നാണ് സ്പെഷല്‍ സര്‍വീസ്. ദീര്‍ഘദൂര യാത്രയ്ക്ക് ആളുകള്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ വരുമാനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ലോക്കല്‍ സര്‍വീസുകളില്‍ നിന്ന് കാര്യമായ വരുമാന വര്‍ദ്ധനവുണ്ടായിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗീകമായി കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: