തൃശൂര്‍: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പത്മരാജന്റെ ആദ്യകാല കഥകള്‍ പിറവിയെടുത്ത സാംസ്കാരിക നഗരിയില്‍ പത്മരാജന് ചലച്ചിത്ര -സാഹിത്യ പുരസ്കാരദാനം. മലയാള ചലച്ചിത്രലോകത്ത് ഗന്ധര്‍വ്വലോകം സൃഷ്ടിച്ച പത്മരാജന്റെ ദീപ്തസ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം സാറാ ജോസഫിന് രാധാലക്ഷ്മി പത്മരാജന് സമ്മാനിച്ചു.
സാഹിത്യവും ദൃശ്യഭാഷയും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച സംവിധായകനാണ് പത്മരാജനെന്നും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്നും സാറാജോസഫ് പറഞ്ഞു. പ്രഥമ പത്മരാജന് നോവല്‍ പുരസ്കാരം സുഭാഷ് ചന്ദ്രന് രാധാലക്ഷ്മി പത്മരാജന് നല്കി.സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര പുരസ്കാരങ്ങള്‍ സംവിധായകന് സിബി മലയില്‍ വിതരണം ചെയ്തു. മികച്ച സംവിധായകനുള്ള പുരസ്കാരം മധു സി.നാരായണനും തിരക്കഥയ്ക്കുള്ള പുരസ്കാരം സജിന്‍ ബാബുവും തിരക്കഥയ്ക്കുള്ള പ്രത്യേക പുരസ്കാരം ബോബി, സഞ്ജയ് എന്നിവരും ഏറ്റുവാങ്ങി. പത്മരാജന്റെ സഹയാത്രികരും സുഹൃത്തുക്കളുമായ ഉണ്ണി മേനോന്, ജെ.ആര് പ്രസാദ് എന്നിവരെ സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന് ആദരിച്ചു. പത്മരാജന്റെ മകന് അനന്തപത്മനാഭന് എഴുതിയ ‘മകന്റെ കുറിപ്പുകള്‍’ എന്ന പുസ്തകം സാറാ ജോസഫ് പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രന് ആദ്യപ്രതി ഏറ്റുവാങ്ങി.
ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് പുസ്തക പരിചയം നടത്തി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്, എക്സി.അംഗം എ.ചന്ദ്രശേഖര്‍, അനന്തപത്മനാഭന് എന്നിവര്‍ സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പുരസ്കാരദാന സമ്മേളനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: