ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള സംഘടനകള്‍ ഒന്നിനോട് വിദേശ പണം സ്വീകരിക്കാന്‍ അനുമതി നല്കുന്ന രജിസ്ട്രേഷന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ഏജന്‍സി. ഭാരതീയ കിസാന്‍ യൂണിയന്(എക്ത-ഉഗ്രഹാന്‍) എന്ന സംഘടനയോടാണ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്. സംഘനട ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തുള്ളവരിലും വിദേശ ഇന്ത്യക്കാരിലും വ്യാപക പ്രതികരണം സൃഷ്ടിച്ചതിന്റെ പേരില്‍ ഭാരതീയ കിസാന്‍ യൂണിയനെ(ബികെയു) കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ലക്ഷ്യമിടുകയാണെന്ന് സംഘടനാ പ്രസിഡന്റ് ജൊഗീന്ദര്‍ സിംഗ് ഉഗ്രഹാന്‍ പ്രതികരിച്ചു.
ട്രക്ക് ഡ്രൈവറായോ അല്ലെങ്കില്‍ മറ്റ് ജോലികളോ ചെയ്യുന്ന തങ്ങളെ പിന്തുണയ്ക്കുന്നവര്‍ വിദേശത്തുനിന്ന് പണമയച്ചതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടുലക്ഷം രൂപ ലഭിച്ചുവെന്നും രാജ്യത്തുനിന്നും പ്രവാസികളില്‍നിന്നും ലഭിച്ച തുക പ്രത്യേകം കണക്കുകൂട്ടിയിട്ടില്ലെന്നും സംഘടനാ നേതൃത്വം പറഞ്ഞു. പ്രക്ഷോഭം തുടരാനുള്ള സാമ്പത്തിക സഹായത്തിനായി, ഡിസംബര്‍ ആറിന് സംഘടന പരസ്യ അഭ്യര്‍ഥന നടത്തിയിരുന്നു.
യൂണിയന്റെ ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിംഗ് കൊക്രികലന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് സംഭാവന ആവശ്യപ്പെട്ടത്. എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ ചട്ട(എഫ്സിആര്‍എ) പ്രകാരം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ഫോറക്സ് വകുപ്പും സിന്ധ് ബാങ്കുമാണ് പണ കൈമാറ്റത്തില്‍ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ശനിയാഴ്ച അവസാനിക്കുകയും ചെയ്തു.
യൂണിയന് വിദേശ സംഭാവന സ്വീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവാസികള്‍ നല്കിയ പണം അതാത് അക്കൗണ്ടുകളിലേക്ക് മടക്കി അയച്ചേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് നടത്താതെ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിദേശ സംഭാവന സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാങ്കിംഗ് മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: