കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് മാസം പത്താകുന്നു. കൃത്യമായി പരിപാലിക്കാത്തതിനാല്‍ പഴക്കമുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുന്ന ദയനീയവസ്ഥയിലാണ്.
എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വിവരങ്ങളുടെ നിധിയാണ് അന്നും ഇന്നും ലൈബ്രറി. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇവിടം. അരലക്ഷത്തിലധികം പേര്‍ക്ക് അംഗത്വമുണ്ട്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. പ്രസിഡന്റും സെക്രട്ടറിയും പത്ത് അംഗങ്ങളുമുള്‍പ്പെട്ടതാണ് ഭരണസമിതി. നിലവിലെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടും പുതിയ സമിതി നിലവില്‍ വരാത്തതാണ് ലൈബ്രറിക്ക് തിരിച്ചടിയായത്.
മാസാമാസം സുരക്ഷാ ജീവനക്കാര്‍ പുസ്തകങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്നുണ്ടെന്നാണ് ഭരണസമിതി അംഗങ്ങളുടെ പക്ഷം. പക്ഷേ തുറക്കുമ്പോള്‍ തന്നെ വിനിയോഗിക്കാതെ കിടക്കുന്ന പുസ്തകങ്ങള്‍ പ്രാണികള്‍ക്ക് ഭക്ഷണമാകുന്നതാണ് ജീവനക്കാര്‍ കാണുന്നത്. ഇനിയും തുറക്കാന്‍ വൈകിയാല്‍ വന്‍നഷ്ടമാകും അക്ഷരസ്നേഹികള്‍ക്ക് ഉണ്ടാകുക. രണ്ടുമാസം മുമ്പിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒട്ടുമിക്ക ലൈബ്രറികളിലും പുസ്തകവിതരണം തുടങ്ങിയിരുന്നു. വായനക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാര്‍ കളക്ടറെ സമീപിച്ചെങ്കിലും തീരുമാനമായില്ല. ലൈബ്രറിയുടെ ഭരണസമിതി ചെയര്മാന് കളക്ടറാണ്. കോവിഡും തെരഞ്ഞെടുപ്പ് ജോലികളുടെ തിരക്കും കാരണം നിരവധി തവണ ഇടപെടല്‍ നീട്ടികൊണ്ടുപോകുകയാണ് അദ്ദേഹം ചെയ്തതെന്ന് ഗവേണിംഗ് ബോഡി അംഗങ്ങള്‍ പ്രതികരിച്ചു.
കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിലുള്ള സോപാനം ആഡിറ്റോറിയം, സാവിത്രി ഹാള്‍, സരസ്വതി ഹാള്‍ എന്നിവിടങ്ങളിലെ വാടക വരുമാനം കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്കിപോന്നത്. ഇവിടെ പരിപാടികളൊന്നും നടക്കാതായതോടെ വരുമാനം നിലച്ചു. ലോക്ഡൗണിന് ശേഷം ഏപ്രില്‍ മാസത്തെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: