മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് തലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ഥിയും, തവിഞ്ഞാല്‍ പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എന്‍.ജെ. ഷജിത്തിനെ പരാജയപ്പെടുത്താനായി സിപിഎം മുതിര്‍ന്ന നേതാവ് നടത്തിയ ഗൂഢനീക്കങ്ങളുടെ ശബ്ദരേഖ പുറത്ത്. തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയംഗവും, കര്ഷകതൊഴിലാണി യൂണിയന് നേതാവുമായ വയനാമ്പാലം ഹംസ തലപ്പുഴ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
ഷജിത്തിന്റെ നൂറ് ശതമാനം ഉറപ്പിച്ച വിജയം തലപ്പുഴയില്‍ തട്ടിതെറിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറപ്പുണ്ടായതിന്റെ പുറകെയാണ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത്. തവിഞ്ഞാല്‍ ബാങ്ക് ജീവനക്കാരന് അനൂട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളുടെ തുടര്‍ച്ചയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തലപ്പുഴയിലുണ്ടായ യുവജന നേതാവിന്റെ തോല്‍വിയും ചര്‍ച്ചാവിഷയമാകുന്നു.
വിജയപ്രതീക്ഷയുണ്ടായിരുന്ന തലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി ഏറെ അപ്രതീക്ഷിതമായിരുന്നൂവെന്ന് എതിര്‍ചേരിയില്‍പോലും അഭിപ്രായമുണ്ടായിരുന്നു. തലപ്പുഴയില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ്. മുരുകേശന് 497 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ജെ ഷജിത്തിന് 368 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ബിജെപി 189 വോട്ടുകളാണ് ഇവിടെ നേടിയത്. ഷജിത്തിനെ എട്ടുനിലയില്‍ പൊട്ടിക്കണമെന്നും, വരത്തന്മാരെ എന്തിനാണ് ജയിപ്പിച്ചുവിടുന്നതെന്നും പുറത്ത് വന്ന ശബ്ദരേഖയില്‍ ഹംസ ചോദിക്കുന്നുണ്ട്.
കൂടാതെ ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മേഖലയില്‍ ഇതരമതസ്ഥന് നിന്നാലുണ്ടാകുന്ന പ്രശ്നങ്ങളും സംഭാഷണത്തില്‍ വരുന്നുണ്ട്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവ് മറ്റ് നേതാക്കളെയും, സ്ഥാനാര്‍ത്ഥിയേയും കുറിച്ച് സംസാരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരു നേതാവ് തന്നെ ഇത്തരത്തില്‍ പെരുമാറിയതും അത് തെളിവ് സഹിതം പുറത്ത് വന്നതും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ വിഷമമാണ് ഇത്തരത്തിലുള്ള ഒരു വികാരപ്രകടനത്തിന് പിന്നിലെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: