മാനവസ്നേഹത്തിന്റെയും സമഭാവനയുടെയും ദിവ്യസന്ദേശം സമൂഹത്തിനേകിയാണ് വല്ലഭാചാര്യയുടെ പുഷ്ടി മാര്‍ഗത്തിന്റെ ഭക്തിപ്രത്യയങ്ങള്‍ പതിനഞ്ച്, പതിനാറ് ശതകങ്ങളില്‍ പ്രചരിപ്പിച്ചത്. ദേവദമന്‍ എന്ന ശ്രീനാഥ്ജിയെ ഗോവര്‍ധനില്‍ പണികഴിച്ച മന്ദിരത്തില്‍ വല്ലഭാചാര്യ പ്രതിഷ്ഠിച്ചത് 1509 ലാണ്. ശിഷ്യനായ സൂര്‍ദാസിനെ ആ ക്ഷേത്രത്തില്‍ സോപാന ഗായകനായി അവരോധിക്കുകയായിരുന്നു. കീര്‍ത്തന സമ്പ്രദായത്തിന്റെ പരിഷ്ക്കരണത്തിലൂടെ എട്ടുപൂജാവേളകളില്‍ ഓരോന്നിനും ഓരോ ഗായകന് തന്നെ വേണം. ആ എട്ട് സോപാന ഗായകരുടെ സംഘമാണ് ‘അഷ്ടഛാപ്’. അതില്‍ ശ്രേഷ്ഠ കവികളായ കുംഭന്‍ദാസ്, പരമാനന്ദദാസ, ഛീത്സ്വാമി തുടങ്ങിയവരുടെ നിരയില്‍ ഇടം തേടുകയാണ് യോഗാത്മക കവിയായ കൃഷ്ണദാസ്. സോപാനഗായകരില്‍ നാലാമനായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ രാജ്നഗര്‍ എന്ന അംദാബാദില്‍ ചിലോത്രാ ഗ്രാമത്തിലെ പട്ടേല്‍ കുടുംബത്തിലാണ് ശൂദ്രനായ കൃഷ്ണദാസിന്റെ ജനനം. ബാല്യകാലത്തു തന്നെ അസാമാന്യ ധീരതയും ചിന്താശീലവും കൊണ്ട് കൃഷ്ണദാസ് ശ്രദ്ധേയനായിരുന്നു. സൂക്ഷ്മ ബുദ്ധിയും ധര്‍മബോധവും ആ കുഞ്ഞു ഹൃദയത്തില്‍ വളരാന്‍ താമസമുണ്ടായില്ല.
ധനസമ്പാദനത്തില്‍ മാത്രം അഭിരമിച്ച ഗ്രാമുഖ്യനായ സ്വന്തം പിതാവിന്റെ സത്യവിരുദ്ധമായ കര്‍മങ്ങളെ കൃഷ്ണദാസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. പിതാവും പുത്രനുമായി ക്രമേണ മാനസികമായി അകലാന്‍ തുടങ്ങി. ഒടുക്കം പിതാവിന്റെ അധര്‍മവൃത്തികളും കള്ളങ്ങളും രാജസദസ്സില്‍ മകന് വെളിപ്പെടുത്തേണ്ടതായി വന്നു. അങ്ങനെയാണ് ഗ്രാമത്തലവന്റെ പദവിയില്‍ നിന്ന് കൃഷ്ണദാസിന്റെ
പിതാവിനെ രാജാവ് നീക്കം ചെയ്യുന്നത്. കേവലം പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പുത്രനെ പ്രതികാരദാഹിയായ പിതാവ് നിഷ്ക്കരുണം വീട്ടില്‍ നിന്ന് പുറന്തള്ളി. കൃഷ്ണദാസ് ജീവിതത്തിന്റെ വഴിത്താരയില്‍ ഇറങ്ങി നടന്നു. സംന്യാസി സംഘങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടൊണ് ആ ബാലന് അറിവനുഭവങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത്. ഗുജറാത്തി മാത്രം സംസാരിച്ചിരുന്ന കൃഷ്ണദാസ് വ്രജഭാഷയും അവധും സംന്യാസിമാരില്‍ നിന്നാണ് വശമാക്കിയത്.
തീര്‍ഥയാത്രാ സംഘത്തോടൊപ്പം ചരിച്ച കൃഷ്ണദാസ് പുണ്യക്ഷേത്ര സങ്കേതങ്ങളില്‍ നിന്ന് ഗുരുവര്യന്മാരുടെ അനുഗ്രഹാശിസ്സുകള്‍ നേടി. വൃന്ദാവനവും മഥുരയും സന്ദര്‍ശിച്ച് ഗോവര്‍ധനത്തിലെത്തി ശ്രീനാഥ്ജി ക്ഷേത്രത്തിലെ ദേവദമന വിഗ്രഹത്തെ തൊഴുതു നിന്നു. വിഭൂതിജന്യമായ ആ നിമിഷങ്ങളില്‍ ഭക്തി ചൈതന്യത്തിന്റെ അലൗകികമായ ആനന്ദമാണ് കൃഷ്ണദാസ് അനുഭവിച്ചറിഞ്ഞത്. ഒട്ടും താമസിയാതെ വല്ലഭാചാര്യയെ സന്ദര്‍ശിച്ച് സാഷ്ടാംഗം പ്രണമിച്ചു. കൃഷ്ണദാസിന്റെ ധിഷണയിലും വ്യക്തി പ്രഭാവത്തിലും സംതൃ
പ്തരായ വല്ലഭാചാര്യ അദ്ദേഹത്തെ പൂര്‍ണമനസ്സോടെ സ്വീകരിച്ചു. ശ്രീനാഥ്ജി മന്ദിരത്തിലെ കാര്യക്കാരനായി കൃഷ്ണദാസ് ചെയ്ത സേവനങ്ങള്‍ അംഗീകരിക്കപ്പെടുകയായിരുന്നു. ഭഗവദ്സേവയ്ക്കും മന്ദിര ഭരണ കാര്യങ്ങള്‍ക്കുമിടയിലാണ് ഉള്ളില്‍ നിന്ന് ഉറവയായി കവിതയുടെ പരിമളം പരന്നത്. കൃഷ്ണാവബോധത്തിന്റെ ആത്മീയ കലകളിലൂടെ ആ കാവ്യസരണി ഒഴുകാന്‍ തുടങ്ങി. യൗഗികാനുഭവങ്ങളും അനുഭൂതിയുമായി കവിതയുടെ അതീതശ്രേണി പൂത്തുലഞ്ഞു. ആശയത്തിനപ്പുറം മഹാശയങ്ങളും കാല്‍പ്പനികതയുടെ ബിംബാവലികള്‍ക്കപ്പുറം ശ്രേഷ്ഠബിംബങ്ങളുടെ അനശ്വര പ്രതിഷ്ഠാപനവുമായിരുന്നു ആ സര്‍ഗസാക്ഷ്യം.
രാധാകൃഷ്ണ കുഞ്ജലീലയും ഗോചരണലീലയും പ്രമേയങ്ങളായി പ്രേമഭക്തിയുടെ മന്ദാരങ്ങള്‍ വിടര്‍ന്നു. സമൂഹത്തിന്റെ നിത്യവിശുദ്ധമായ അംഗീകാരമാണ് കൃഷ്ണദാസ് നേടിയെടുത്തത്. വല്ലഭാചാര്യയുടെ പുത്രന് വിഠല്‍നാഥ് ആചാര്യന്റെ അക്ഷര സംസ്കൃതിയെ സംവേദനത്വത്തിന്റെ സമ്പൂര്‍ണ സമ്പുടമായി വാഴ്ത്തി. ‘ഭ്രമരഗീതം’, ‘പ്രേമസത്വനിരൂപ്,’ ‘വൈഷ്ണവ് വന്ദന്‍’, ‘പ്രേം രസ് രാസ’, ‘ഭക്തമാല് ടീക്കാ’, ‘ഭാഗവത് ഭാഷാനുവാദ്’, ‘കൃഷ്ണദാസ് കീ ബാണി’ ‘ജുഗല്‍മാന്‍ ചരിത്ര്’ തുടങ്ങിയ ശ്രേഷ്ഠഗ്രന്ഥങ്ങള്‍ വല്ലഭസമ്പ്രദായത്തിന്റെ സംസ്ക്കാര നിധി ശേഖരണമാണ്.
ഗവേഷകരുടെ നിരീക്ഷണത്തില്‍ 1632 നും 38 നു മിടയ്ക്കാണ് കൃഷ്ണദാസ് യോഗേശ്വരനില്‍ വിലയം പ്രാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: