നിങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, മന്ത്രിമാര്‍ മുന്‍കയ്യെടുത്ത് ഖുര്‍ആന്‍ വിതരണം ചെയ്യാം; അതിനായി സര്‍ക്കാരിന്റെ വാഹനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒക്കെ ഉപയോഗിക്കാം. ഇസ്ലാമിന്റെ പേരില്‍ മന്ത്രിമാര്‍ക്ക് വോട്ട് പിടിക്കാം. എന്നാല്‍ ജയ് ശ്രീറാം എന്ന് വിളിച്ചാല്‍, അത്തരമൊരു ബാനര്‍ എഴുതിവെച്ചാല്‍, വല്ലാത്ത അപകടമാണ് എന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്താലോ? ഒരു ഭരണകൂടത്തിന്റെ ഹിന്ദു വിരുദ്ധത എത്രത്തോളമാണ് എന്നതാണ് ഇതിവിടെ കാണിച്ചുതരുന്നത്.
ഗുരുവായൂരില്‍ നിന്ന് തുടങ്ങാം. ക്ഷേത്ര സ്വത്തിന്റെ ദുരുപയോഗമാണ് അവിടെ വിഷയം. നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് ഒരു പൊതു നിയമ വ്യവസ്ഥയുണ്ട്; പരിരക്ഷ എന്ന് പറയുന്നതാവും ശരി. അത് സുപ്രധാനമാണ് താനും. ക്ഷേത്രവും സ്വത്തുക്കളുമൊക്കെ ദേവന്റെയാണ് എന്നതാണത്. ക്ഷേത്രത്തിലെ എല്ലാം ഭഗവാന്റെയാണ്. ഭഗവാന്‍ ആവട്ടെ ജീവിതകാലം മുഴുവന്‍ പ്രായപൂര്‍ത്തിയാവാത്തയാളും, മൈനര്‍. ഇതാണ് നമ്മുടെ ആ നിയമപരമായ സിദ്ധാന്തം. അത് സുപ്രീം കോടതി പലവട്ടം ശരിവെച്ചതാണ്. എന്തിനാണ് ഇങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്ഷേത്ര ഭരണം കയ്യാളുന്നവര്‍ കയ്യിട്ടുവാരുന്നത് തടയുന്നതിനും വിറ്റുതുലക്കുന്ന സ്ഥിതി ഉണ്ടാവാതിരിക്കുന്നതിനുമാണ്. ദേവന്‍ ജീവിതകാലം മുഴുവന്‍ മൈനര്‍ ആണെന്നിരിക്കെ ഒരു സെന്റ് ഭൂമിയോ മറ്റെന്തെങ്കിലും ആസ്തിയോ കൈമാറാനോ വില്‍ക്കാനോ സാധിക്കില്ല. പ്രായപൂര്‍ത്തിയാവാത്തയാള്‍ നടത്തുന്ന ഇടപാടുകള്‍ക്ക് നിയമ സാധുതയില്ലല്ലോ.
മറ്റൊന്ന്, ക്ഷേത്ര ഭരണം കയ്യാളാനായി നിയുക്തനാവുന്നയാള്‍ക്ക് ഉത്തരവാദിത്വം വര്‍ധിക്കും. ദേവന്റെ സ്വത്ത് കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും ചില കരുതലുകളും വേണ്ടതിലധികം സൂക്ഷ്മതയും ആവശ്യമാണ്. ഒരാള്‍ക്കും ഒരു ചില്ലിക്കാശ് പോലും അനാവശ്യമായി കളയാന്‍ കഴിയില്ല; അങ്ങിനെ ചെയ്താല്‍ അത് ഗുരുതരമായ വീഴ്ചയാവും. മൈനറുടെ സ്വത്ത് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം എന്നാണല്ലോ പറയാറുള്ളത്; ക്ഷേത്രം വകയാവുമ്പോള്‍ അതിലേറെ കരുതല്‍ ആവശ്യമാണ് എന്ന് നീതിപീഠങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഇവിടെയാണ് ഗുരുവായൂര്‍ ഭരണസമിതി കാണിച്ച പാതകം ഗുരുതരമാവുന്നത്.
ഗുരുവായൂര്‍ ക്ഷേത്ര നിയമത്തിലെ 10 സി വകുപ്പ് പ്രകാരം ക്ഷേത്രത്തിലെ എല്ലാ സ്വത്തും സംരക്ഷിക്കേണ്ടത് ഭരണസമിതിയാണ്. 10 എ പ്രകാരം ചടങ്ങുകള്‍ ചിട്ടപ്രകാരം യഥാവിധി നടത്തണം. നിയമത്തിലെ 11, 12 എന്നീ വകുപ്പുകള്‍ പ്രകാരം ആസ്തികളും വസ്തുക്കളും നഷ്ടപ്പെടുത്തുന്നത്, വായ്പ കൊടുക്കുന്നത്, വാങ്ങുന്നത് ഒക്കെ സംബന്ധിച്ച കര്‍ക്കശ നിബന്ധനകളുമുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് ദേവസ്വം ഫണ്ടില്‍ നിന്ന് രണ്ടുതവണയായി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം കൊടുക്കുന്നത്. ക്ഷേത്രാവശ്യങ്ങള്‍ക്കയല്ലാതെ പണം ചിലവിടാന്‍ പറ്റില്ലെന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ആ തീരുമാനം. അതാണിപ്പോള്‍ കേരള ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് അസാധുവാക്കിയത്. ക്ഷേത്ര ഭരണം സംബന്ധിച്ച തര്‍ക്കങ്ങളും നിയമ പ്രശ്‌നങ്ങളും നിലനില്‍ക്കവേയാണ് ഈ വിധിയുണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത് തീര്‍ച്ചയായും കേരളത്തിലെ ക്ഷേത്ര ഭരണം സംബന്ധിച്ച് ഏറെ സുപ്രധാനമാണ്.
ഇവിടെ കോടതി ദേവസ്വം ഭരണ സമിതിക്കെതിരെ അതി രൂക്ഷമായി എന്തെങ്കിലും കോടതി പറയാതിരുന്നത് ഒരര്‍ഥത്തില്‍ ഭാഗ്യമായി കണ്ടാല്‍ മതി. എന്നാല്‍ ആ ഭരണ കൂട്ടായ്മ ചെയ്തത് വലിയ പാതകമാണ് എന്നത് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുവായൂരപ്പനെ കൂടെനിന്ന് ചതിക്കുകയായിരുന്നില്ലേ ഈ ഭരണസമിതിക്കാര്‍ ചെയ്തത് എന്നത് അവര്‍ സ്വയം വിലയിരുത്തട്ടെ. രാഷ്‌ട്രീയക്കാര്‍ മാത്രമല്ല, തന്ത്രിയും ഊരാളനും സാമൂതിരി രാജയും ഒക്കെ ഈ ഭരണസമിതിയിലുണ്ട്. ഭാവിയില്‍ ഇത്തരത്തില്‍ അപകടമുണ്ടാവാതെ നോക്കേണ്ടത് അവരുടെ ദൗത്യമാണ് എന്നത് ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ വേറൊന്നുകൂടി പറയേണ്ടതുണ്ട്. അനവധി വര്ഷം മുന്‍പേ മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ജസ്റ്റിസ് പരിപൂര്‍ണ്ണന്റെ കാലഘട്ടത്തിലെ അനുഭവങ്ങള്‍ പലരും മറന്നുകൂടാത്തതാണ്. അന്നാണ് ജില്ലാ ജഡ്ജിയായിരുന്ന എസ് കൃഷ്ണനുണ്ണി അധ്യക്ഷനായി ഒരു സമിതിയെ ഹൈക്കോടതി നിയമിച്ചത്; ഗുരുവായൂര്‍ ക്ഷേത്രഭരണം എന്താവണം എങ്ങനെയാവണം എന്നതൊക്കെ ആ കമ്മീഷന്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്; ആ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതുമാണ്. ഇന്നും ദേവസ്വം ഭരണസമിതി അടിസ്ഥാന പ്രമാണമായി, ദേവസ്വം നിയമത്തിനൊപ്പം, കാണേണ്ടത് ആ റിപ്പോര്‍ട്ടിനെയാണ് എന്ന് കരുതുന്നയാളാണ് ഞാന്‍. എന്നാല്‍ ഇവിടെ ഇപ്പോള്‍ പ്രകടമാവുന്നത് ഒരു കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ, അവര്‍ക്കൊപ്പം നിന്നുതുള്ളുന്ന ഭരണസമിതിയുടെ ക്ഷേത്രവിരുദ്ധ നിലപാടുകളാണ്.
ജയ് ശ്രീറാം കുഴപ്പമാണോ
ഗുരുവായൂരിനോപ്പം കാണേണ്ടതാണ് പാലക്കാട്ടെ സംഭവം. ആമുഖമായി സൂചിപ്പിച്ചത് പോലെ ‘ ജയ് ശ്രീറാം’ എന്ന് വിളിച്ചു പറഞ്ഞാല്‍, അത്തരമൊരു ബാനര്‍ തൂക്കിയാല്‍ അത് വര്‍ഗീയവും ഭരണഘടനാ വിരുദ്ധമാവുമോ? പാലക്കാട്ട് നഗരസഭയില്‍ നടന്ന സംഭവങ്ങളാണ് ഇവിടെ വിഷയം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആവേശത്തിനിടയിലാണ് ചിലര്‍ പാലക്കാട് മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ തൂക്കിയത്. പാലക്കാട് നഗരസഭാ ഭരണം ബിജെപി നേടിയെടുത്തുവല്ലോ. അതിനെതിരെ ഹാലിളകിക്കൊണ്ട് ചിലര്‍ രംഗത്തുവന്നത് നാം പിന്നീട് കണ്ടു.
‘ ജയ് ശ്രീറാം’ എന്നത് നമ്മുടെ വിചാരമാണ്; നമ്മുടെ വികാരമാണ്. അതിന്ന് ഇന്ത്യയെമ്പാടും മുഴങ്ങുന്നുണ്ട്. കോടാനുകോടി ഹൃദയങ്ങളില്‍ ആ ചിന്തയുണ്ട്. അതിനുകാരണം അയോദ്ധ്യ ക്ഷേത്ര തര്‍ക്കമോ കേസോ സമരങ്ങളോ രാമക്ഷേത്ര നിര്‍മ്മാണമോ മാത്രമല്ല; അതും ആ വികാരം പരമോന്നതിയിലെത്തിക്കുന്നതില്‍ ഒരു പ്രധാന കാരണമായിട്ടുണ്ട് . എന്നാല്‍ അതിനൊക്കെയപ്പുറം ഇന്ത്യക്കാര്‍ക്ക് ശ്രീരാമന്‍ ഒരു മര്യാദ പുരുഷോത്തമനാണ്. ശ്രീരാമന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്ക് മാതൃകയാണ്. ശ്രീരാമന്‍ നമ്മുടെ ജനങ്ങള്‍ക്ക് ദൈവം മാത്രമല്ല കണ്ണിലുണ്ണിയായി അവര്‍ കണ്ടിട്ടുള്ള രാജാവാണ്. രാമരാജ്യം എന്ന് ഗാന്ധിജി സങ്കല്‍പ്പിച്ചത് വെറുതെയല്ലല്ലോ, അങ്ങിനെയുള്ള ശ്രീരാമനെ അനുസ്മരിച്ചും പ്രകീര്‍ത്തിച്ചും പ്രാര്‍ത്ഥിച്ചും ഒരു നഗരസഭാ കെട്ടിടത്തില്‍ ബാനറുയര്‍ന്നാല്‍ അത് നല്‍കുന്ന സന്ദേശം ഭാവാത്മകമല്ലേ. അതുകൊണ്ട് ജയ് ശ്രീറാം വിളിച്ചാല്‍ അതൊന്നും ഭരണഘടനാവിരുദ്ധമാവുകയില്ല. അത് നിയമവിരുദ്ധവുമാവില്ല.
അധര്‍മ്മമാണ് നാട്ടില്‍ നടപ്പിലാവേണ്ടത് എന്ന് കരുതുന്നവര്‍ക്ക് രാമനെ മനസിലാക്കാനാവില്ല. സ്വാഭാവികമാണത്. ഇവിടെ ഒരു മന്ത്രിക്ക് പാര്‍ക്കാനായി സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക ബംഗ്ലാവിന്റെ പേര് രാജ്യത്തെ പ്രധാന നദികളിലൊന്നായ ‘ഗംഗ’ എന്നായിരുന്നല്ലോ; അത് വര്‍ഗീയമാണ്, ‘ഗംഗ’ നദിയുടെ പേര് മുസ്ലീമായ തനിക്ക് ഹറാം ആണെന്ന് പറഞ്ഞുകൊണ്ട് പേരുമാറ്റിയവരാണ് ഇപ്പോള്‍ ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. ഇക്കൂട്ടര്‍ക്ക് ഇസ്ലാമിക ഭീകര-മതമൗലികവാദ പ്രസ്ഥാനങ്ങളുമായി പരസ്യമായി കൈകോര്‍ക്കാം; ഇന്ത്യയെ ഇസ്ലാമിക വല്‍ക്കരിക്കണം, ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കണം എന്നൊക്കെ വിളിച്ചുകൂവുന്നവരെ കൂടെനിര്‍ത്തി വോട്ട് തേടുവാന്‍ ഇവര്‍ക്ക് വിഷമമില്ല. പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരാണ് ജയ് ശ്രീറാം എന്ന് പറയുന്നതിനെ എതിര്‍ക്കുന്നത് എന്നതുമോര്‍ക്കേണ്ടതുണ്ട്.
മറ്റൊന്ന്, സര്‍ക്കാര്‍ ഓഫീസുകളില്‍, സര്‍ക്കാര്‍ കാമ്പസുകളില്‍ ഇതൊക്കെയാവാമോ എന്നതാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ, ഇന്ത്യയുടെ സുരക്ഷാ സേനയെ, ധീര ജവാന്മാരെ, അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും സര്‍ക്കാര്‍ കാമ്പസുകളില്‍ വേണ്ടത്ര പ്രദര്‍ശിപ്പിക്കാം. ജിഹാദി സംഘടനകള്‍ക്ക് ആവേശം പകരുന്ന മുദ്രാവാക്യങ്ങള്‍ കാമ്പസുകളില്‍ മുഴക്കാം …………. അതിനൊക്കെ സര്‍ക്കാരിന്റെ, ഭരണകൂടങ്ങളുടെ, പിന്തുണയുണ്ട്, അനുമതിയുണ്ട്. എത്രയോ കാമ്പസുകളില്‍ ഇന്നും അതൊക്കെ കാണുന്നുണ്ട്; ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളുടെ മതിലുകള്‍ക്കുള്ളില്‍ എന്തൊക്കെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നു, ചുമരെഴുത്തുകള്‍ സ്ഥാനം പിടിക്കുന്നു. ജയ് ശ്രീറാം എന്നത് തെറ്റാണ് എന്ന് കരുതുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം ചുവരെഴുത്തുകള്‍, ബാനറുകള്‍ ഒക്കെ എടുത്തുമാറ്റാത്തത്; ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തുന്നവര്‍ക്കെതിരെ മൗനം പാലിക്കുന്നത് ?
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തേ ഒരു സംഭവം കൂടി സൂചിപ്പിക്കാം. ബംഗാളില്‍ മമത ബാനര്‍ജി പ്രചാരണത്തിന് ചെല്ലുമ്പോള്‍ ഒരു ഗ്രാമീണ പ്രദേശത്ത് ഏഴ് യുവാക്കള്‍ നിന്ന് ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചു. മമതയുടെ കാര്‍ കടന്നുപോകുമ്പോള്‍ റോഡരികില്‍ നിന്നിരുന്നവരാണ് ആ യുവാക്കള്‍. മമത അവിടെ ഇറങ്ങി, ആ യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പോലീസ് അവരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തത് രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്തതാണ്. അതിനുശേഷം ബംഗാളില്‍ നടന്ന ബിജെപിയുടെ എല്ലാ പൊതുസമ്മേളനങ്ങളിലും വ്യാപകമായി ജയ് ശ്രീറാം വിളി ഉയര്‍ന്നതോര്‍ക്കുക. നരേന്ദ്ര മോദിയും അമിത് ഷായും മറ്റും അങ്ങിനെയാണ് റാലികള്‍ ആരംഭിച്ചത് തന്നെ. അവിടെ അന്നുതുടങ്ങിയ രാഷ്‌ട്രീയമാറ്റം ഇന്നും തുടരുകയാണല്ലോ.
അവസാനമായി നമ്മുടെ ഭരണഘടന കൂടി ഇക്കൂട്ടരെ ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ; സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭരണഘടനയില്‍ ‘മൗലികാവകാശങ്ങള്‍’ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കം, മുകളിലുള്ളത്, ശ്രീരാമന്റെ ചിത്രമാണ്; ലങ്കയില്‍ രാവണനെ പരാജയപ്പെടുത്തി തിരിച്ചെത്തുന്ന ശ്രീരാമനും സീത ലക്ഷ്മണനും. ഈ മുഹൂര്‍ത്തമാണ് ലോകം ‘ദീപാവലി’-യായി ആഘോഷിക്കുന്നത് എന്നതുമോര്‍ക്കുക. ഇതാണ് ഇന്ത്യയുടെ സംസ്‌കാരം, അതാണ് നമ്മുടെ പാരമ്പര്യം. ഭരണഘടനയില്‍ ശ്രീരാമന്‍ സ്ഥാനം പിടിക്കുമ്പോള്‍ ‘ ജയ് ശ്രീറാം ‘ എന്ന ബാനര്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ തൂക്കിയിട്ടാല്‍ എങ്ങിനെ ഭരണഘടനാ വിരുദ്ധമാവും? ഇപ്പോള്‍ ഇടത്- വലത് രാഷ്‌ട്രീയക്കാര്‍ നടത്തുന്ന കോപ്രായങ്ങള്‍ ഹിന്ദു സമൂഹത്തിന് ശക്തി പകരുകയേ ചെയ്യുള്ളൂ. ഇനി പാലക്കാട്ട് ബാനര്‍ കെട്ടിയവര്‍ എന്നുപറഞ്ഞു കുറേപ്പേരെ അറസ്റ്റ് ചെയ്യാം; അവരെ ജയിലിലുമടക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുകയിരിക്കും. എന്നാല്‍ പ്രശ്‌നം കോടതിയിലെത്തുമല്ലോ. ഭരണഘടനയിലുള്ള ശ്രീരാമനെക്കാള്‍ പ്രശ്‌നമായി കോടതിക്ക് ഇത് കാണാന്‍ കഴിയുമോ? കോടതി ഒരു കേസില്‍ എന്ത് ചെയ്യും പറയും എന്നൊക്കെ പറഞ്ഞുകൂടാ; പക്ഷെ, അതും കാണാതെ പോകാനാവില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: