തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ. കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.
നിലവില്‍ 2,63,00,000 ഓളം പേരാണ് നിലവില്‍ കരട് വോട്ടര്‍പട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
കരട് പട്ടികയില്‍ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേര്‍ക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക