ആലപ്പുഴ: ബിജെപിയെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപം കൊണ്ട സിപിഎം, കോണ്‍ഗ്രസ് രഹസ്യ നീക്കുപോക്ക് ഫലപ്രഖ്യാപനത്തിന് ശേഷം പരസ്യസഖ്യത്തിലേക്ക് നീങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിനെ പിന്തുണയ്‌ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിന് ധാരണയായത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തില്‍ ഇല്ല. ഇതേ തുടര്‍ന്നാണ് ധാരണയുണ്ടാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിന് ശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്.
പട്ടികജാതി വനിതയ്‌ക്ക് സംവരണം ചെയ്തിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല. അതേസമയം, ബിജെപിക്കും എല്‍ഡിഎഫിലും പട്ടിക ജാതി വനിത പ്രതിനിധികളുണ്ട്. ഈ സാഹചര്യത്തിലാണ് ധാരണയ്‌ക്ക് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പ്രസിഡന്റ് സ്ഥാനം സിപിഎം പ്രതിനിധിയായ പട്ടികജാതി വനിതയ്‌ക്ക് നല്‍കാനാണ് ധാരണ. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് റിബലായി ജയിച്ച ദീപുവിന്റെ നിലപാടും അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
സിപിഎമ്മിനെ പിന്തുണയ്‌ക്കാനുള്ള കോണ്‍ഗ്രസ് നീക്കം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെയാണെന്നാണ് വിവരം. കോണ്‍ഗ്രസ് അണികളില്‍ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരസ്യ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രവര്‍ത്തകര്‍. ബിജെപി ഒന്നാമതെത്തിയ തിരുവന്‍വണ്ടുര്‍ പഞ്ചായത്തിലും മുന്‍കാലങ്ങളിലേതു പോലെ ഇടതു-വലതു മുന്നണികള്‍ ഒന്നിച്ചു ഭരണം നടത്താനുള്ള ശ്രമങ്ങളും അണിയറയില്‍ ആരംഭിച്ചു. കോടംതുരുത്ത് പഞ്ചായത്തില്‍ ആകെയുള്ള 15ല്‍ ഏഴു സീറ്റും നേടിയത് ബിജെപിയാണ്. ഇവിടെ യുഡിഎഫിന് അഞ്ചും, എല്‍ഡിഎഫിന് മൂന്നു സീറ്റുകളാണുള്ളത്. ചെന്നിത്തല പഞ്ചായത്തിലെ പിന്തുണയ്‌ക്ക് പ്രത്യൂപകാരമായി ഇവിടെ ഇടതുപക്ഷം യൂഡിഎഫിനെ പിന്തുണയ്‌ക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവിന്റെ സിപിഎം വിരുദ്ധ പോരാട്ടം കാപട്യമാണെന്ന് വ്യക്തമാക്കുന്നതാണ് സ്വന്തം പഞ്ചായത്തിലും, ജില്ലയിലും സിപിഎമ്മിന് നല്‍കുന്ന പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: