പത്തനാപുരം: തലവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരേ ബോംബേറ്. പാണ്ടിത്തിട്ട ചരുവിളവീട്ടില്‍ മനോജ് വട്ടപ്പാറയുടെ വീടിന് നേരേയാണ് പെട്രോള്‍ ബോംബെറിഞ്ഞത്.
കുപ്പിയില്‍ പെട്രോള്‍ നിറച്ച് തീകൊളുത്തി വീട്ടിലേക്ക് എറിയുകയായിരുന്നു. സ്ഫോടന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയിരുന്നു. രണ്ട് തവണ പെട്രോള്‍ ബോബ് എറിഞ്ഞതായി മനോജ് പറഞ്ഞു. കുപ്പിച്ചില്ലുകള്‍ ചിന്നിച്ചിതറിയ നിലയിലാണ്.
സിപിഎം പ്രവര്‍ത്തകനായ മനോജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തലവൂര്‍ പഞ്ചായത്തിലെ പാണ്ടിത്തിട്ട വാര്‍ഡില്‍ മത്സരിച്ചിരുന്നു. പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അക്രമത്തിന് പിന്നില്‍ ഇവര്‍ തന്നെയാണന്നും മനോജ് പറഞ്ഞു.
കൂടാതെ മനോജ് അടക്കമുളളവരെ പാര്‍ട്ടിയില്‍ നിന്നും സിപിഎം തലവൂര്‍ ലോക്കല്‍ കമ്മറ്റി കഴിഞ്ഞ ദിവസം പുറത്താക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: