കൊച്ചി: ലുലു ഷോപ്പിങ് മാളില്‍ യുവനടിയെ ആക്രമിച്ച പ്രതികകളെ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും ഇരുവരും പറഞ്ഞു.
ലുലു ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നുമാണ് ഇവര്‍ ന്യായീകരിക്കുന്നത്. ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു.
സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കള്‍ പറയുന്നു. ഈ അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവില്‍ പോയത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയിരുന്നു.
ശനിയാഴ്ച 25 വയസ് പ്രായം തോന്നിക്കുന്ന രണ്ട് പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. 17നു വൈകിട്ട് 5.45നു രണ്ടു പ്രതികളും ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണെന്നു പോലീസ് കണ്ടെത്തി. മാളിലും റെയില്‍വെ സ്റ്റേഷനിലും ഇവര്‍ പേരോ നമ്പറോ നല്‍കിയിട്ടില്ല. മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയതെന്നും കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മലപ്പുറത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: