തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും മുറുമുറുപ്പുകള്‍. സംസ്ഥാന നേതൃത്വത്തിനെതിരെ പല സ്ഥലങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കെ. മുരളീധരനെ നേതൃത്വനിരയിലേക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ. മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂവെന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. തൃശൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ഇ പോസ്റ്ററുകളില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് എന്നാണ് എഴുതിയിരിക്കുന്നത്.
കോണ്‍ഗ്രസ് വലിയ പരാജയമേറ്റുവാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് എതിരേയും കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയും കഴിഞ്ഞ ദിവസം പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് ഡിസിസി, ആര്‍സ്പി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചത്. ഒത്തുകളിച്ചതാണ് കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് കാരണമെന്നും നേതൃത്വത്തിലെ പലരുടേയും പേര് പരാമര്‍ശിച്ചുകൊണ്ട് ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: