കൊവിഡ് തുടങ്ങുന്നതിനു മുന്‍പ് നാട്ടില്‍ അവധിക്കു വന്നതാണ് ശ്രീകുമാര്‍. വിവരമറിഞ്ഞ് വീട്ടിലെത്തുന്നവര്‍ നിരവധിയാണ്. എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ. തങ്ങളുടെ ഒരു ചിത്രം വരച്ചു നല്‍കണം. സമയക്കുറവു കാരണം എല്ലാവരെയും മടക്കി അയയ്ക്കുകയാണ് പതിവ്.
ശ്രീകുമാര്‍ വരച്ച അടുക്കളപ്പുറം, നാട്ടുചന്ത, ചിലമ്പ്, സന്ധ്യാദീപം, കഥകളി മുഖം, പൊന്‍പുലരി, കാളപ്പൂട്ട് എന്നീ ചിത്രങ്ങള്‍ പ്രശസ്തമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മോനിഷ, നെടുമുടി വേണു, യേശുദാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ജീവന് തുടിക്കുന്നതുതന്നെ. ഇവ കണ്ടിട്ടുള്ളവരാണ് തങ്ങളുടെയും ചിത്രങ്ങള്‍ വരച്ചുനല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി നൂറനാട്ടിലെ വീട്ടിലെത്തുന്നത്.
കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ശ്രീകുമാറിന്റെ മനസ്സില്‍ ചിത്രമാസികകളായ അമ്പിളിമാമനിലെയും പൂമ്പാറ്റയിലെയും ചിത്രങ്ങളാണ് പതിഞ്ഞത്. തനിക്കും ഇതുപോലെ വരകളുടെ ലോകത്തെ ചിത്രശലഭമായി മാറണമെന്ന മോഹമുദിച്ചു. അന്നു മുതല്‍ ഊണിലും ഉറക്കത്തിലും ഇതായിരുന്നു മനസ്സില്‍.
പത്താംവയസ്സില്‍ രാജാ രവിവര്‍മ്മയുടെ മകന്റെ ശിഷ്യനായിരുന്ന നൂറനാട് പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിത്താന്റെ ശിഷ്യനാകാനുള്ള ഭാഗ്യം ശ്രീകുമാറിന് ലഭിച്ചു. അദ്ദേഹത്തിന്റെ ശിഷ്യണത്തിലാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അന്ന് കേരളത്തിലെ പ്രധാനപ്പെട്ട ഉദയ, മേരിലാന്റ് സിനിമാ നിര്‍മ്മാണ കമ്പനികളില്‍ രംഗപാടവം ഒരുക്കിയിരുന്ന പ്രശസ്ത ചിത്രകാരനായ അടൂര്‍ പെരിങ്ങനാട് വിജയന്റെ ശിഷ്യത്വവും സ്വീകരിച്ചു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഓയില്‍ പെയിന്റിംങ്, അക്രിലിക്, വാട്ടര്‍ കളര്‍ എന്നീ മാധ്യമങ്ങള്‍ പ്രിയ ശിഷ്യനായിത്തീര്‍ന്ന ശ്രീകുമാറും പിന്തുടര്ന്നു. ശിഷ്യനോടുള്ള സ്നേഹത്താല്‍ അന്നുവരെ ഉപയോഗിച്ചു വന്നിരുന്ന തന്റെ തൂലികാ നാമമായിരുന്ന കാമിയോ (ചിത്രപ്പണികളോടുകൂടിയ തേര്) ശ്രീകുമാറിനു സമ്മാനിച്ചു. ഇതോടുകൂടി ശ്രീകുമാര്‍ കാമിയോ ശ്രീകുമാറായി.
തുടര്‍ന്ന് രാജീവ് എന്ന ചിത്രകാരനൊപ്പം നൂറനാട് പാറ ജംഗ്ഷനില്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് തുടങ്ങി. ഛായാ ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരവെയാണ് ദുബായിയിലെ പരസ്യ കമ്പനിയിലെ ഡിസൈനര്‍ ജോലി ലഭിച്ചത്. ഇതോടെ ശ്രീകുമാര്‍ പ്രവാസ ജീവിതം ആരംഭിച്ചു. അവിടെയും കഴിവു തെളിയിക്കാന്‍ ശ്രീകുമാറിനായി. ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ എക്സിബിഷന് നടത്തി. ദുബായ് കേന്ദ്രമാക്കി നടത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പെയിന്റിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സ്പെയിന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തില്‍ ഗോള്‍ഡന്‍ ബ്രോ അവാര്‍ഡ് ലഭിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് എക്സലന്‍സി അവാര്‍ഡും ശ്രീകുമാറിനെ തേടിയെത്തി.
മടക്കയാത്ര ഇനിയും നിശ്ചയിച്ചിട്ടില്ല. കൊവിഡ് കാലം വീട്ടില്‍ കഴിഞ്ഞ ശ്രീകുമാര്‍ ഇക്കാലയളവില്‍ വളരെയധികം ഛായാ ചിത്രങ്ങള്‍ രചിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്. മനസ്സില്‍ തെളിയുന്ന ആശയത്തെ, മുഖരൂപമായാലും പ്രകൃതിയായാലും ഉടന്‍ ക്യാന്‍വാസില്‍ പകര്‍ത്തുക എന്നതാണു രീതി.
നൂറനാട് മുതുകാട്ടുകര സോപാനത്തില്‍ (പുളിമൂട്ടില്‍) പരേതനായ നാരായണന് പിള്ളയുടെയും ശങ്കരിയമ്മയുടേയും രണ്ടു മക്കളില്‍ മൂത്തവനാണ് ശ്രീകുമാര്‍. ഭാര്യ ദീപയും മക്കളായ സാരംഗിയും ദേവനാരായണനും പിന്തുണയുമായി ഒപ്പമുണ്ട്.
പി. മോഹന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: