സുരക്ഷിതമായി വിശാലഗഢില്‍ എത്തിയ ശിവാജി, സിദ്ദിജൗഹറുമായി സന്ധി ചെയ്തു പന്‍ഹാളകോട്ട ആദില്‍ശാഹയ്ക്ക് വിട്ടു നല്കാന് നിശ്ചയിച്ചു. പന്‍ഹാളകോട്ടയുടെ പ്രമുഖനായ ത്ര്യമ്പകപന്തിന് സൂചനാപത്രം അയച്ചു കോട്ട സിദ്ദി ജൗഹറിന് കൈമാറി, സൈന്യസമേതം വിശാലഗഢില്‍ എത്താന്‍. അതനുസരിച്ച് ത്ര്യമ്പകപന്ത് ശിവാജിയെ വന്നു കണ്ടു.
വിശാലഗഢില്‍ നിന്നും ശിവാജി രാജഗഢിലേക്ക് പോയി. അവിടെ രാജമാതാ ജീജാബായി വ്യാകുല ഹൃദയയായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് അമ്മയും മകനും തമ്മില്‍ കാണുന്നത്. മൃത്യുമുഖത്തില്‍നിന്നും മകന് സുരക്ഷിതനായി തിരിച്ചെത്തിയിരിക്കയാണ്. ഭാഗ്യശാലിയായ അമ്മയുടെ ആനന്ദത്തിന് അതിരുണ്ടായിരുന്നില്ല.
പന്‍ഹാളകോട്ടയില്‍നിന്നും ശിവാജി സുരക്ഷിതനായി ഒളിച്ചോടിയെന്ന വാര്‍ത്ത അറിഞ്ഞ ശയിസ്തേഖാന് പരിഭ്രാന്തനായി. ‘ചാകണം’ പോലുള്ള ഒരു ചെറിയ കോട്ട പിടിച്ചെടുക്കാന്‍ രണ്ടരമാസം യുദ്ധം ചെയ്യേണ്ടിവന്നു. മറാഠാ സൈനികരുടെ പ്രതികാരത്തിന്റെ പ്രഖരത അപ്പോഴാണ് ശയിസ്തേഖാന് മനസ്സിലാക്കിയത്. ഇനിയങ്ങോട്ട് സാക്ഷാത് ശിവാജിയെയാണ് നേരിടേണ്ടത് എന്ന അറിവ് ഖാനില്‍ ഭയം ജനിപ്പിച്ചു.
പന്‍ഹാളകോട്ടയില്‍നിന്നും സുരക്ഷിതനായി ശിവാജി രക്ഷപ്പെട്ടു പോയി എന്നറിഞ്ഞ ആദില്‍ശാഹ കോപം കൊണ്ട് വിറച്ചു. പക്ഷേ ആരോടാണ് പ്രതികാരം ചെയ്യുക. ആദില്‍ശാഹയുടെ കോപത്തിന്റെ ഫലം സിദ്ദി ജൗഹര്‍ തന്നെ അനുഭവിക്കേണ്ടിവന്നു. സിദ്ദി ശിവാജിയില്‍നിന്നും കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ അനുവദിച്ചതാണെന്ന ആരോപണം ഉയര്‍ത്തി. പാവം സിദ്ദിക്ക് വിശ്വസ്ത സേവനം ചെയ്തതിന്റെ കൂലി കിട്ടി. കോപാകുലനായ സുല്‍ത്താന്‍ ശിവാജിയേയും ജൗഹറേയും നശിപ്പിക്കുമെന്ന് നിശ്ചയിച്ച് സൈന്യസമേതം പുറപ്പെട്ടു.
തന്നെ അപമാനിച്ച സുല്‍ത്താനില്‍ കോപിഷ്ഠനായ സിദ്ദിജൗഹര്‍ ബീജാപ്പൂരുമായുള്ള ബന്ധം വിച്ഛേദിച്ച് കര്‍ണാടകത്തിന്റെ ഭാഗത്തേക്ക് പോയി. ആദില്‍ശാഹ സിദ്ദിയെ അങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. വഴിയില്‍ സിദ്ദിക്ക് ആഹാരത്തില്‍ വിഷംകൊടുത്തു കൊന്നു. ശിവാജിയെ പിന്തുടരുന്നത് വായുവിനെ പിന്തുടരുന്നതിന് സമാനമാണെന്നു നിശ്ചയിച്ച് തിരിച്ചുപോയി.
മഴക്കാലമായതുകൊണ്ട് പുതിയ ആക്രമണമൊന്നും ശയിസ്തേഖാന് നടത്തിയില്ല. മഴക്കാലം കഴിഞ്ഞതോടെ തന്റെ പ്രസിദ്ധനായ സുബേദാര്‍ കരതലബ് ഖാനെ 1661 ല്‍ മുപ്പതിനായിരം സൈന്യങ്ങളുമായി ശിവാജിയെ ആക്രമിക്കാനയച്ചു. കരതലബ്ഖാന്റെ കൂടെ പണ്ഡിതരായബഗാനും ഉണ്ടായിരുന്നു. ഖാന് ആദ്യാക്രമണം കൊങ്കണത്തിന്റെ വനപ്രദേശത്ത് നടത്താന്‍ നിശ്ചയിച്ചത് രായബഗാനെ അദ്ഭുതപ്പെടുത്തി എന്നിരുന്നാലും മുതിര്‍ന്ന നായകന്റെ തീരുമാനത്തെ എതിര്‍ത്തില്ല. നവരാത്രി പൂജ കഴിഞ്ഞ് മറാഠാ സൈനികരുടെ ആയുധങ്ങള്‍ ശത്രുസംഹാരത്തിന്റെയും രക്തപാനത്തിന്റെയും പ്രതീക്ഷയിലിരിക്കയായിരുന്നു.
(തുടരും)
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: