മക്കളേ,
അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങളെ ഓര്‍ത്തു മനസ്സില്‍ കുറ്റബോധത്തിന്റെ ഭാരം പേറിനടക്കുന്നവര്‍ വളരെയുണ്ട്. അവരില്‍ പലരും വിഷാദരോഗത്തിന് അടിമകളായി മാറുന്നു. ചിലരുടെ ജീവിതം ആത്മഹത്യയില്‍ അവസാനിക്കുന്നു. മനസ്സിനെ വേട്ടയാടുന്ന കുറ്റബോധത്തിന്റെ പിടിയില്‍നിന്നു മോചനം നേടേണ്ടത് അത്യാവശ്യമാണ്.
പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള് എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല; അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.
സാധാരണ കൊച്ചുകുട്ടികളുടെ ശരീരത്തില്‍ വ്രണം വന്നാല്‍, അവര്‍ അതു വീണ്ടും വീണ്ടും ചൊറിഞ്ഞു വലുതാക്കും.
പിന്നെ അത് പൊറുപ്പിക്കാന്‍ ബുദ്ധിമുട്ടാകും. ‘അയ്യോ! ഞാന്‍ തെറ്റു ചെയ്തു, ഞാന്‍ പാ
പിയാണ്,’ എന്നു പറഞ്ഞുകൊണ്ട് തെറ്റിനെക്കുറിച്ചുമാത്രം ചിന്തിച്ച് ദുഃഖിച്ചിരിക്കുന്നത്, ഒരു ചെറിയ വ്രണത്തെ ചൊറിഞ്ഞ് മാറാവ്യാധി ആക്കുന്നതുപോലെയാണ്.
ദേഹത്ത് ഒരു മുറിവു പറ്റിയാല്‍ അതു നോക്കിയിരുന്ന് കരഞ്ഞതുകൊണ്ട് മുറിവ് പൊറുക്കാന്‍ പോകുന്നില്ല. അതു പഴുക്കുകയേ ഉള്ളൂ. ഉടനെ മുറിവില്‍ മരുന്നു വയ്ക്കുകയാണു വേണ്ടത്. ജീവിതത്തില്‍ ഏതു സാഹചര്യത്തിലും പ്രായോഗിക വശമാണ് നമ്മള് ചിന്തിക്കേണ്ടത്. നടന്നുപോകുമ്പോള്‍ മറിഞ്ഞുവീണാല്‍, അവിടെത്തന്നെ കിടന്ന്, ‘ഞാന്‍ വീണുപോയേ’ എന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കരുത്. വീണിടത്തുനിന്നെഴുന്നേറ്റ് നടത്തം തുടരണം. ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴാന്‍ സാദ്ധ്യതയുണ്ട് എന്നു മനസ്സിലാക്കി ഓരോ ചുവടും ശ്രദ്ധിച്ചു വയ്ക്കണം.
പ്രസിദ്ധനായ ഒരു വ്യവസായിയോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു, ‘നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ്?’വ്യവസായി പറഞ്ഞു, ‘രണ്ടു വാക്ക്’. പത്രപ്രവര്ത്തകന് ചോദിച്ചു, ‘അതെന്താണ്?’ ‘ശരിയായ തീരുമാനം’. വീണ്ടും അദ്ദേഹം ചോദിച്ചു, ‘ശരിയായ തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു?’ അയാള്‍ മറുപടി പറഞ്ഞു,’ഒരു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു, ‘അനുഭവം’. അപ്പോള്‍ വീണ്ടും ചോദിച്ചു, ‘ഈ അനുഭവം നിങ്ങള്‍ക്കെങ്ങനെ ഉണ്ടായി?’ മറുപടി, ‘രണ്ടു വാക്ക്’. ‘അതെന്താണ്?’ വ്യവസായി പറഞ്ഞു,’തെറ്റായ തീരുമാനം’. തെറ്റായ തീരുമാനങ്ങളില്‍നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ശരിയായ തീരുമാനമെടുക്കാന്‍ സഹായിച്ചു. അങ്ങനെ ശരിയായ തീരുമാനങ്ങളെടുത്തപ്പോള്‍ അദ്ദേഹം ജീവിതവിജയം നേടി. ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകള്‍പോലും ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് ഈ വ്യവസായിയുടെ കഥ നമ്മളെ പഠിപ്പിക്കുന്നു.
‘തിന്മയില് നിന്നു പൂര്‍ണമായും മുക്തനായിക്കഴിഞ്ഞിട്ടു മാത്രമേ നന്മയുടെ പാത പിന്തുടരൂ’, എന്നു ശാഠ്യംപിടിക്കരുത്. തനിക്കു തെറ്റുപറ്റി എന്നു തിരിച്ചറിവുണ്ടാകുന്ന നിമിഷം മുതല്‍ ശരിയായ പാത പിന്തുടരുവാന് ആത്മാര്‍ത്ഥമായി ശ്രമിക്കണം. തെറ്റു ചെയ്തതില്‍ പശ്ചാത്തപിച്ചിട്ട് പിന്നെയും പോയി തെറ്റ് ആവര്‍ത്തിക്കരുത്. ആന കുളിച്ചിട്ടു പിന്നെയും പുറത്തു മണ്ണു വാരിയിടുന്നതുപോലെയാകരുത്.
ഈ നിമിഷം മാത്രമാണു നമ്മുടെ സ്വത്ത്. ഈ നിമിഷത്തില്‍ മാത്രമേ നമുക്കു തെറ്റു തിരുത്താനും നന്മയുടെ പാത പിന്തുടരാനും സാധിക്കു. കഴിഞ്ഞുപോയതിനെ ഓര്‍ത്തു വിഷമിച്ചിരിക്കുമ്പോള്‍ നമ്മളറിയാതെ അമൂല്യമായ വര്‍ത്തമാന കാലം നമ്മള് പാഴാക്കുകയാണ്. വര്‍ത്തമാനനിമിഷം പാഴാക്കുന്നത് അമൂല്യമായ രത്നം ചെളിയില്‍ എറിഞ്ഞുകളയുന്നതിനു തുല്യമാണ്. ഈശ്വരന് വിവേകബുദ്ധി നല്കിയിട്ടുള്ളതു മനുഷ്യനു മാത്രമാണ്. അതുകൊണ്ട് ഓരോ നിമിഷവും വിവേകത്തോടെ നീങ്ങാന്‍ നമ്മള് ശ്രദ്ധിക്കണം.
നദിയുടെ ഉല്‍പ്പത്തിയും, മഹാത്മാക്കളുടെ പൂര്‍വ്വചരിത്രവും അന്വേഷിക്കരുത് എന്നൊരു ചൊല്ലുണ്ട്. കൊള്ളക്കാരനായ രത്നാകരനാണല്ലോ കാരുണ്യവാനായ വാല്മീകിമഹര്ഷിയായിത്തീര്ന്നത്. അതുപോലെ ഇന്നലെ താന്‍ എന്തു ചെയ്തു, എങ്ങിനെയായിരുന്നു എന്നുള്ളതല്ല കാര്യം. ഇന്ന് ഈ നിമിഷത്തില്‍ എന്തു ചിന്തിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനം. അതാണ് നമ്മുടെ ജീവിതഗതിയെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് കുറ്റബോധത്തില്‍ മുഴുകി സമയം വ്യര്‍ത്ഥമാക്കുകയല്ല, തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നു ദൃഢനിശ്ചയം ചെയ്തിട്ടു സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകുക. അതാണു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: