തമ്മിലടിച്ച് തുലഞ്ഞുപോകും യാദവ വംശമെന്ന, ചെന്നിത്തല രമേശന്‍ നായരുടെ അതിമോഹം എന്തായാലും തല്‍ക്കാലത്തേക്ക് നാലായി മടക്കി പരണത്ത് വെക്കുന്നതാവും നല്ലത്. അടിച്ചും അടിമപ്പണി ചെയ്തും മുടിഞ്ഞത് രമേശന്‍ നായരുടെ കുറുനരി വംശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ദിവസമാണ് കടന്നുപോയത്. രാഷ്‌ട്രീയമാണെന്നാണ് പറയുന്നത്. ഉണ്ടായിരുന്ന സീറ്റത്രയും വിജയന്റെ മടയില്‍ കൊണ്ടുപോയിക്കൊടുത്ത് സ്വയം തുലഞ്ഞവന്റെ നിലവിളിയിലും ആ പഴയ വെറി മായുന്നില്ല.
അടിമുടി പൊളിഞ്ഞടുങ്ങിയിട്ടും പിന്നെയും കാറിക്കൂവുന്നത് സംസ്ഥാനത്ത് ബിജെപിക്ക് പ്രസക്തിയില്ലെന്നാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് വോട്ട് വില്‍ക്കുക എന്നത് ചെന്നിത്തലയന്‍ പോളിസിയാകാം. അവിടെയുമിവിടെയുമൊക്കെ വോട്ട് മറിക്കല്‍ പണ്ടേ ശീലമാക്കിയ സിപിഎം എന്തെങ്കിലും എറിഞ്ഞുതന്നേക്കും എന്ന് ആര്‍ത്തി കാട്ടുന്നതിലും തെറ്റില്ല. തെളിഞ്ഞുകത്തുന്ന വിളക്ക് കെടുത്താനിറങ്ങി സ്വയം തുലയുന്ന വണ്ടായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാറുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പട്ടാട കാണുന്നവരും ഉണ്ടാകും. പക്ഷേ ചെന്നിത്തലയ്‌ക്കും കൂട്ടര്‍ക്കും സ്വയം തുലയാമെന്നതല്ലാതെ ഈ വിളക്ക് കെടുത്താനാകില്ലെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു. പട്ടാടയല്ല, പട്ടടയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവര്‍ കരുതിവെച്ചത്.
ത്രിതല തെരഞ്ഞെടുപ്പ് സെമിഫൈനലാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഫൈനല്‍ ഇനി വരുമെന്ന് സാരം. അതിനുള്ള മുന്നൊരുക്കമായാണ് മുസ്ലീം ലീഗിനെ മടിയിലിരുത്തിക്കൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി രമേശന്‍ നായര്‍ സംബന്ധം കൂടിയത്. തരം പോലെ ആരുമായും എന്തുമാകാമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി താണുപോയതിന്റെ തെളിവായിരുന്നു അത്. കാക്കത്തൊള്ളായിരം പാര്‍ട്ടികള്‍ നിറഞ്ഞ കേരള രാഷ്‌ട്രീയത്തില്‍ നാല് വോട്ട് കിട്ടാന്‍ ആരെയും കൂടെ കൂട്ടാമെന്ന ന്യായമാണ് വിജയനും ചെന്നിത്തലയും മത്സരിച്ച് പയറ്റുന്നത്. മോദിപ്പേടി എന്ന ഉമ്മാക്കി കാണിച്ചുള്ള വിരട്ടലും വിലപേശലുമൊന്നും പഴയതുപോലെ നാട്ടില്‍ ചെലവാകുന്നില്ല. പിന്നെ ഇരുട്ടുവാക്കിനുള്ള കൂടിക്കാഴ്ചകള്‍ വഴി തോര്‍ത്ത് പൊത്തി വോട്ടുറപ്പിക്കുന്ന തരംതാണ കങ്കാണിപ്പണിക്കാണ് ഇരുകൂട്ടരും തയ്യാറായത്.
ലീഡര്‍മാരുടെ സ്ഥാനത്ത് ഡീലര്‍മാരാണ് നിറയുന്നത്. തനി ബ്രോക്കര്‍മാരാണ് അരങ്ങുവാഴുന്നത്. താക്കോല്‍സ്ഥാനം തേടി ചെന്നിത്തല അലഞ്ഞുനടന്ന കാലം മലയാളി മറന്നിട്ടില്ല. അധികാരക്കസേരയിലേറാന്‍ ആരുടെ തോളിലും കയ്യിടും വിധം ആക്രാന്തമുണ്ട് ആ ശരീരഭാഷയില്‍. പറഞ്ഞുവന്നത് വിജയനും ചെന്നിത്തലയും ഇരുമെയ്യും ഒറ്റക്കരളുമാവാന്‍ അധികസമയം വേണ്ടെന്നുതന്നെയാണ്. ഏറിയാല്‍ നാല് മാസത്തിനുള്ളില്‍ അത് സംഭവിക്കും. വയനാട്ടിലെ പ്രധാനമന്ത്രിക്കൊപ്പം ബ്രണ്ണന്‍ വാളുമൂരി വിജയന് തമിഴ്‌നാട്ടില്‍ പോയി ഉളുപ്പില്ലാതെ നില്‍ക്കാമെങ്കില്‍ പിന്നെ ചെന്നിത്തലയൊക്കെ എന്ത്…..!
കാരാട്ട് ഫൈസലിന്റെ കൂപ്പര്‍ റാലിയില്‍ ചെങ്കൊടി നിറഞ്ഞതിന്റെ കാരണം തിരക്കുമ്പോള്‍ അറിയാം വിജയന്റെ വിധേയത്വം. സിപിഎമ്മുകാരന്റെ സ്ഥാനാര്‍ത്ഥിക്ക് വട്ടപ്പൂജ്യമായിരുന്നു അവിടെ വോട്ട്. സ്ഥാനാര്‍ത്ഥി പോലും വോട്ട് ചെയ്യാത്ത വിധം ദയനീയമായ വിധേയത്വമാണ് വിജയന് ഇക്കൂട്ടരോട്…. അപ്പോള്‍പ്പിന്നെ ചെന്നിത്തലയുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ല. സവര്‍ണ വര്‍ഗീയ ഫാസിസത്തെ ചെറുക്കുന്നതിനുള്ള ജനകീയപോരാട്ടം എന്നൊരു മാസ് തലക്കെട്ടുകൊടുത്താല്‍ സൈബര്‍ സഖാക്കള്‍ക്ക് കുളിരുകോരും. പിന്നെ തലങ്ങും വിലങ്ങും പോരാട്ടത്തിന്റെ പാട്ടും കളിയുമാകും.
പങ്കാളിത്ത ജനാധിപത്യം എന്നൊക്കെ പറയുന്നത് ഇതിനെയാണ്. ടിപിയെ കൊന്നവനെത്തേടിയുള്ള ചെന്നിത്തലയുടെ പരക്കം പാച്ചില്‍, സോളാറില്‍ വിജയന്‍ മുദ്രാവാക്യം വിളിക്കുന്നതുവരെ. സോളാര്‍ കേസിലെ അന്വേഷണം, ചെന്നിത്തല ലാവ്‌ലിന്‍ എന്ന് കൂവുന്നതുവരെ…. രണ്ടുപേരും കോന്തലയില്‍ തൂക്കിയിട്ടുണ്ട് പരസ്പരം വെയ്‌ക്കാനുള്ള പാരകള്‍…
മോദിസ്പര്‍ശത്തില്‍ രാജ്യമൊട്ടാകെ താമരക്കാലമാണ്. ഇത് കേരളമാണ് എന്ന് ചെന്നിത്തലയും വിജയനും ആക്രോശിക്കുന്നത് മടിയില്‍ കനവും ഉള്ളില്‍ ഭയവുമുള്ളതുകൊണ്ടാണ്. കേരളത്തില്‍ താമര വിരിയില്ലെന്നും ബിജെപിയെ മലയാളികള്‍ കൊടിലു കൊണ്ടുപോലും തൊടില്ലെന്നുമൊക്കെയാണ് വായ്‌ത്താരി. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടും ഞെളിഞ്ഞുനില്‍ക്കാനുള്ള കൊതി സമ്മതിക്കണം.
ചെന്നിത്തലയും വിജയനും തല്‍ക്കാലം ഈ യാദവവംശത്തെ ഭയക്കണം. പണ്ടും അങ്ങനെയാണ്. യാദവവംശമെന്നത് ചെന്നിത്തല കരുതുന്നത് പോലെ അത്ര മോശം വംശമല്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറന്ന വംശമാണത്. ഒരു യുഗമത്രയും പ്രപഞ്ചത്തെ കാത്തുപോന്ന വംശമാണത്. എണ്ണിയാലൊടുങ്ങാത്ത ധീരന്മാര്‍ പിറന്ന വംശമാണത്. പുരാണവും ചരിത്രവും വര്‍ത്തമാനവും രോമാഞ്ചം കൊള്ളുന്ന ഐതിഹാസിക ഗാഥകള്‍ക്ക് ഉറവിടമായ വംശമാണത്. പൂതനയെ, ചാണൂരനെ, മുഷ്ടികനെ, കംസനെ, ശിശുപാലനെ, നരകാസുരനെ മുതല്‍ എല്ലാ കാലത്തെയും ദുര്യോധനബാലന്മാരെ അവസാനിപ്പിച്ച വംശമാണത്. ധര്‍മ്മത്തിന്റെ രക്ഷയ്‌ക്കായി ശംഖമൂതിയവന്റെ, കാലത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ത്ഥന് സാരഥിയായവന്റെ വംശമാണത്… ജന്മോദ്ദേശ്യം പൂര്‍ത്തീകരിച്ചല്ലാതെ പിന്മാറാത്തവന്റെ വംശമാണത്… അക്കണക്കിന് രമേശന്‍ നായരുടെ നാക്ക് പൊന്നാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: