എബി. ജെ.ജോസ്
എല്ലാ സ്വതന്ത്ര രാഷ്‌ട്രങ്ങള്‍ക്കും സ്വന്തം പതാകയും ചിഹ്നവും ദേശീയഗാനവുമുണ്ട്. ഇവ അതതു രാഷ്‌ട്രങ്ങളുടെ വ്യക്തിത്വത്തിന്റേയും ഐക്യത്തിന്റേയും പ്രതീകങ്ങളാണ്. ഓരോ രാഷ്‌ട്രവും അതിന്റെ ദേശീയപതാകയ്‌ക്കും ദേശീയ ചിഹ്നത്തിനും ദേശീയഗാനത്തിനും ഉന്നതസ്ഥാനം നല്‍കുന്നു. അവിടുത്തെ ജനങ്ങള്‍ ഇവയെ ആദരിക്കുന്നു.
ഇന്ത്യക്കും സ്വന്തമായി ദേശീയപതാകയും ദേശീയ ചിഹ്നവും ദേശീയഗാനവുമുണ്ട്. 1947 ജൂലൈ 22-നാണ് ഭരണഘടനാ നിര്‍മ്മാണസമിതി ദേശീയപതാകയെ അംഗീകരിച്ചത്. 1947 ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ ആദ്യമായി പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ് ദേശീയപതാക ഉയര്‍ത്തിയത്.
1921-ല്‍ മഹാത്മാഗാന്ധി വെള്ള, പച്ച, ചുവപ്പ് നിറങ്ങളിലുള്ള പതാക ചര്‍ക്ക ചേര്‍ത്തു കോണ്‍ഗ്രസ്സിന്റെ വിജയവാഡ സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. 31-ലെ കറാച്ചി സമ്മേളനത്തിനുശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പതാക ഉണ്ടാക്കുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മറ്റിയാണ് കുങ്കുമ വര്‍ണ്ണത്തിലുള്ള പതാകയ്‌ക്കു വേണ്ടിയുള്ള നിര്‍ദ്ദേശം കൊണ്ടുവന്നത്. പതാകയുടെ മുകളില്‍ ഇടതുവശത്ത് ഒരു ചര്‍ക്കയുടെ ചിത്രം ഉണ്ടായിരിക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം വര്‍ക്കിംഗ് കമ്മറ്റി നിരാകരിച്ചു. മഹാത്മാഗാന്ധി 1921-ല്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പതാകയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പതാക സ്വീകരിക്കുന്നതിന് 1931 ആഗസ്റ്റില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തീരുമാനിച്ചു. 1947 ജൂലൈ 22-നാണ് പതാകയുടെ മദ്ധ്യത്തില്‍ ചര്‍ക്കയ്‌ക്കു പകരം അശോകചക്രം ചേര്‍ക്കുവാനുള്ള നെഹ്റുവിന്റെ നിര്‍ദ്ദേശം ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത്. അതിനുശേഷം ദേശീയപതാകയ്‌ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല.
1929 ഡിസംബറില്‍ ലാഹോറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു ചെയ്ത പ്രസംഗത്തില്‍ നിന്നും ദേശീയപതാകയുടെ പ്രാധാന്യം വ്യക്തമാകും. ‘ഞാന്‍ ഭാരതത്തിന്റെ ദേശീയപതാക ഈ നിമിഷം ഉയര്‍ത്തിയതേയുള്ളൂ. ഈ പതാകയുടെ അര്‍ത്ഥം എന്താണ്? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളില്‍ ഒന്നാണിത്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ ഒരു ചിഹ്നമാണ്. ഓര്‍മ്മിക്കുക ഒരു രാജ്യത്തിന്റെ പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ ആ രാജ്യത്ത് ഒരാളെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ പതാക താഴാന്‍ പാടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധത്തില്‍ വലിയൊരു പടി കൂടി മുന്നേറാന്‍ പോവുകയാണ്. ഇന്ന് ഈ പതാക ഉയര്‍ത്തിയപ്പോള്‍ ഇത് താഴ്‌ത്തപ്പെടുകയില്ലെന്ന നിശ്ചയം നിങ്ങളില്‍ ആളിക്കത്തുന്നില്ലേ. ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് ഈ പതാക സംരക്ഷിക്കുന്നതിനുവേണ്ട കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെന്നും പ്രതിജ്ഞയെടുക്കുന്നതിനാണ്. ഇന്ന് നിങ്ങള്‍ ഏത് കൊടിക്കീഴിലാണോ നില്‍ക്കുന്നത്, ഏതിനെയാണോ നിങ്ങളിപ്പോള്‍ അഭിവാദനം ചെയ്തത്, ആ കൊടി ഒരു സമുദായത്തിന്റെയും കൊടിയല്ല. ഒരു രാഷ്‌ട്രത്തിന്റെ പതാകയാണ്. ഏതെങ്കിലും പ്രത്യേക സമുദായത്തിനുവേണ്ടി രാഷ്‌ട്രത്തിന് ഹാനികരമായി നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്തത് തെറ്റാണ്. ഇന്ന് ഈ കൊടിക്കീഴില്‍ നില്‍ക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുക്കളല്ല, മുസ്ലീങ്ങളല്ല; ഇന്ത്യാക്കാര്‍, സന്നദ്ധഭടന്മാര്‍. ഇന്ന് ഈ പതാകയെ അഭിവാദ്യം ചെയ്തവര്‍ അതിന്റെ അന്തസ്സിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ ഒരുക്കമായിരിക്കണം. ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുക. പാറിപ്പറക്കുന്ന ഈ പതാക താഴ്‌ത്തപ്പെടാന്‍ ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്‍ സ്ത്രീയോ, പുരുഷനോ, കുട്ടിയോ ജീവിച്ചിരിക്കുന്നിടത്തോളം പാടില്ല.”
ദേശീയപതാക രാഷ്‌ട്രത്തിന്റെ ആത്മാവിനെ, പാരമ്പര്യത്തെ, സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. പരമാധികാരത്തേയും ഐക്യത്തേയും ഉയര്‍ത്തിപ്പിടിക്കുന്നു. രാഷ്‌ട്രത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, രാജ്യാഭിമാനത്തിന്റെ, നീതിയുടെ, ധര്‍മ്മത്തിന്റെ പ്രതീകമാണ് ത്രിവര്‍ണ്ണപതാകയെന്നോര്‍ത്താല്‍ മതി; അതിനെ യഥാവിധി ആദരിക്കാതിരിക്കാന്‍ നമുക്കാവില്ല.
സ്വാതന്ത്ര്യദിനത്തിലും മറ്റും സര്‍വ്വോന്നതസ്ഥാനം ധര്‍മ്മചക്രാങ്കിതമായ ത്രിവര്‍ണ്ണപതാകയ്‌ക്കാണ് നല്‍കി വരുന്നത്. ഇത്തരം ദേശീയദിനങ്ങളില്‍ വലിയ നിയന്ത്രണമൊന്നുമില്ലാതെ തന്നെ ദേശീയപതാക ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമായി കണക്കാക്കപ്പെടുന്നു. അതിന്റെ ഫലമായിട്ടാണെന്നും കരുതപ്പെടുന്നു ദേശീയപതാക ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതു തെറ്റാണ്. ദേശീയപതാക ഉപയോഗിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് പതാകചട്ടങ്ങളിലും 1971ലെ ദേശാഭിമാനനിയമത്തിലും 1950 ലെ ഔദ്യോഗിക ചിഹ്ന-നാമ (അനുചിതോപയോഗ നിരോധന) നിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് അനുസരിക്കാന്‍ ഓരോ ഇന്ത്യക്കാരനും കടമയുണ്ട്.
2002നു മുന്‍പ് പൊതുജനങ്ങള്‍ക്ക് ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളില്‍ മാത്രമായിരുന്നു ദേശീയപതാക ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്. നവീന്‍ ജിന്‍ഡാല്‍ എന്ന വ്യവസായി ഇത് ചോദ്യം ചെയ്തു നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്നു സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഫഌഗ് കോഡിലെ നിബന്ധനകള്‍ക്കു വിധേയമായി, പൗരന്മാര്‍ക്ക് ദേശീയപതാക എല്ലാ ദിവസവും ഉയര്‍ത്താന്‍ കഴിയും വിധം ഭേദഗതി ചെയ്യുകയായിരന്നു.
ഏതൊരു ഇന്ത്യന്‍ പൗരനും ദേശീയപതാക അഭിമാനപൂര്‍വ്വം ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ അടുത്ത കാലത്തായി ദേശീയപതാകയെ ദുരുപയോഗപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. എന്തിനു വേണ്ടിയാണ് ദേശീയപതാക ഉയര്‍ത്തപ്പെടേണ്ടത് എന്നുള്ള കാര്യം വിസ്മരിച്ചു കൊണ്ട് അനവസരത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതും ദുരുപയോഗത്തിന്റെ പരിധിയില്‍ വരും. സമരങ്ങള്‍ക്ക് ദേശീയപതാക പാറിക്കുന്നതും അനുചിതമാണ്.
ദേശീയപതാക ഉയര്‍ത്തി പറപ്പിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം. ആ സ്ഥാനമാണ് മാന്യം എന്ന് വ്യക്തമാക്കിയിരിക്കുകയും വേണം. കെട്ടിടത്തിന്റെ മുകളിലാണ് പതാക പറക്കുന്നതെങ്കില്‍ ഞായറാഴ്ചകളും അവധി ദിവസങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും എല്ലാ കാലാവസ്ഥയിലും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അത് പറന്നുകൊണ്ടേയിരിക്കണം. പതാക ഉയര്‍ത്തുന്നത് വേഗത്തിലും താഴ്‌ത്തുന്നത് സാവധാനത്തിലും ആദരവോടെയും ആയിരിക്കണം. ലംബമായ സ്തംഭത്തിലാണ് പതാക ഉയര്‍ത്തുന്നതെങ്കില്‍ കുങ്കുമവര്‍ണ്ണം മുകളിലും തിരശ്ചീനമായി തൂക്കിയിടുകയാണെങ്കില്‍ കുങ്കുമവര്‍ണ്ണം വലതുവശത്തും (പതാകയ്‌ക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ ഇടത്) ആയിരിക്കണം. പ്രതിമകളുടെയോ സ്മാരകങ്ങളുടെയോ മറയായി ത്രിവര്‍ണ്ണപതാക ഉപയോഗിക്കരുത്. കേടു വന്നതോ മുഷിഞ്ഞതോ ആയ പതാക പുറത്ത് കാണിക്കരുത്. ആരെയും ഒന്നിനെയും പതാക താഴ്‌ത്തി അഭിവാദ്യം ചെയ്യരുത്. ദേശീയ പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റേതെങ്കിലും പതാകയോ തോരണമോ പൂവോ മാലയോ ഒന്നും കെട്ടരുത്. നിയമം അനുവദിക്കുന്ന ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഒരിക്കലും ദേശീയപതാകയുടെ വശങ്ങളിലും തുല്യ ഉയരത്തില്‍ മറ്റൊന്നും കെട്ടരുത്. തോരണമായോ മറ്റേതെങ്കിലും അലങ്കാരവസ്തുവായോ പതാക ഉപയോഗിക്കാന്‍ അനുവാദമില്ല. ദേശീയപതാകയെന്നു തോന്നുമാറ് വര്‍ണ്ണത്തുണികള്‍ പ്രദര്‍ശിപ്പിക്കാനും പാടില്ല. ദേശീയ-സൈനിക ബഹുമതികളോടുകൂടിയ ശവസംസ്‌കാരങ്ങളിലൊഴികെ ഒരവസരത്തിലും ദേശീയപതാക ആവരണമായി ഉപയോഗിക്കരുത്. കേടുവരാനോ പൊടിയും ചെളിയും പുരളാനോ ഇടയാകുന്ന വിധം പതാക വയ്‌ക്കരുത്. കേടു വരുകയോ അഴുക്കാകുയോ ചെയ്ത പതാക അങ്ങുമിങ്ങുമിടാന്‍ പാടില്ല. രഹസ്യമായി കത്തിച്ചോ മറ്റോ നശിപ്പിച്ചു കളയണം. പതാകയില്‍ ഒന്നും എഴുതരുത്. പരസ്യത്തിന് ഉപയോഗിക്കരുത്. പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പരസ്യങ്ങള്‍ പതിക്കുകയോ കെട്ടിത്തൂക്കുകയോ അരുത്. വാണിജ്യ-വ്യവസായ തൊഴില്‍ സ്ഥാപനങ്ങളില്‍ ദേശീയപതാകയോ തനിപ്പകര്‍പ്പോ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. സൂര്യാസ്തമയത്തിനു ശേഷം പതാക അഴിച്ചു മാറ്റണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ പ്രകാരം ദേശീയപതാകയെ ആദരിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ദേശീയപതാകയെയോ ഭരണഘടനയോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ വാക്കുകള്‍ കൊണ്ട് നിന്ദിക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ദേശീയപതാകയുടെ ഉപയോഗക്രമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഫ്ളാഗ് കോഡ് പുറത്തിറക്കിയിട്ടുണ്ട്.
ഭാരത ജനത സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളെ ദേശീയപതാക ഓര്‍മ്മിപ്പിക്കുന്നു. എവിടെ ദേശീയപതാക ഉപയോഗിക്കുന്നുവോ അവിടെ സര്‍വ്വമാന്യമായ സ്ഥാനം അതിനായിരിക്കും. പതാകയിലെ നിറങ്ങള്‍ കലര്‍പ്പില്ലാതെ, മങ്ങലില്ലാതെ പ്രകാശിക്കുകയും വേണം.
(മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: