പഴയങ്ങാടി: ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചതിന് സിപിഎം നേതാക്കളുടെ ഭീഷണിയില്‍ കുടുംബ വിട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട രഞ്ജിത ദീപേഷിനും കുടുംബത്തിനും തണലായി ബിജെപിയും സേവാഭാരതിയും. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് രഞ്ജിത ദീപേഷിനെയും കുടുംബത്തെയും കുടുംബ വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി രഞ്ജിത ദീപേഷ് മത്സരിച്ചത്. ഇവര്‍ മത്സര രംഗത്ത് എത്തിയതോടെ കലിപൂണ്ട സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇവര്‍ക്ക് കൂടി അവകാശപ്പെട്ട മാതൃസഹോദരന്റെ വീട്ടിലായിരുന്നു താമസമെങ്കിലും സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബ വിട്ടില്‍ പോലും താമസിക്കാന്‍ പറ്റാത്ത നിലയില്‍ വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടമാടുന്ന മാര്‍ക്‌സിസ്റ്റ് അന്ത്യശാസനത്തിലാണ് തറവാട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്. ഇവര്‍ക്ക് താങ്ങും തണലുമായി സേവാഭാരതി, ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ചെറുതാഴം പഞ്ചായത്തില്‍ തന്നെ ഹനുമാരമ്പലത്തിന് സമിപം സുരക്ഷിതമായ വീട് ഒരുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഈ കുടുംബത്തിന്റ ചുമതലയും സംരക്ഷണവും സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. പ്രതിപക്ഷം പോലും ഇല്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നത് എന്നതും സിപി എമ്മിനെ ചൊടിപ്പിച്ചു.
കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ബൂത്തില്‍ ഇരിക്കാനോ ആളില്ലാത്ത അവസ്ഥയിലാണ് രഞ്ജിത ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയത്. ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുന്ന ഒരു അവസ്ഥ ഹൃദയഭേദകമാണ്. സാക്ഷര കേരളം എന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് മൂല്യച്യുതി വന്നതാണ് ഇതിന് കാരണമെന്ന് രഞ്ജിതയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. താങ്ങും തണലുമായി സേവാഭാരതിയും സുമനസുമായി ബിജെപി പ്രവര്‍ത്തകരും ഉള്ളപ്പോള്‍ തുടര്‍ന്നും ശക്തമായ രാഷ്‌ട്രിയ പ്രവര്‍ത്തനം നടത്തുമെന്നും കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: