ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ മൂന്നാമത്തെ സ്പാനിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ അനുബന്ധജോലികള്‍ ദ്രുതഗതിയിലായി. പാലത്തിന്റെ മുകളിലെ കൈവരികളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ഇരുഭാഗത്തു നിന്നും പാലത്തിലേക്ക് കടക്കുന്ന റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കയാണ്. പായം ഭാഗത്ത് ട്രാഫിക് സര്‍ക്കിള്‍ പണിയുന്നതിന്റെ പ്രവൃത്തിയും ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. ജനുവരി മദ്ധ്യത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. രണ്ടു റീച്ചുകളായി നിര്‍മ്മിക്കുന്ന റോഡിന്റെ രണ്ടാമത്തെ റീച്ചില്‍ പെട്ട കളറോഡ് മുതല്‍ കൂട്ടുപുഴ വളവുപാറ വരെയുള്ള പാതയിലാണ് ഇരിട്ടി പാലം വരുന്നത്. ഇതില്‍ കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ണ്ണമായിക്കഴിഞ്ഞു. എന്നാല്‍ ഇതില്‍ പെടുന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവൃത്തി മൂന്നു വര്‍ഷമായി തടസ്സപ്പെട്ടുകിടക്കുകയാണ്. കര്‍ണ്ണാടക വനം വകുപ്പിന്റെ തടസ്സവാദമാണ് പാലം പണി തടസ്സപ്പെടാന്‍ ഇടയാക്കിയത്.
കഴിഞ്ഞ മെയ് 30 ന് മുന്‍പ് തീരേണ്ട ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കൊറോണാ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മൂലം നീണ്ടു പോവുകയായിരുന്നു. പാലത്തിന്റെ ഉപരിതല വാര്‍പ്പും അനുബന്ധപ്രവൃത്തികളും ഏതാണ്ടെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തിയായ പായം ഭാഗത്തെ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മാണ പ്രവൃത്തിയാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നത്. പുതിയ പാലം വരുന്നതോടെ പഴയ സര്‍ക്കിള്‍ വിപുലീകരിച്ചില്ലെങ്കില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉണ്ടാകാന്‍ ഇടയുണ്ടെന്ന കെഎസ്ടിപി വിദഗ്ധ സംഘത്തിന്റെ അനുമാനത്തെ തുടര്‍ന്നാണ് ട്രാഫിക് സര്‍ക്കിള്‍ പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി കൂടുതല്‍ സ്ഥലം വേണ്ടി വരുമെന്ന കണ്ടെത്തലിലെത്തുടര്‍ന്നു പാലത്തോട് ചേര്‍ന്ന നാലു സ്വകാര്യ വ്യക്തികളില്‍ നിന്നുമായി 1.32 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു.
നൂറ് മീറ്ററിലധികം ഉയരം വരുന്ന ചെങ്കുത്തായ കുന്ന് ഇടിച്ച് തട്ടുകളാക്കി തിരിച്ചാണ് പാതയും ട്രാഫിക് സര്‍ക്കിളും നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. തുടര്‍ന്ന് വന്‍ ഗതാഗത തടസ്സമാണ് ഇപ്പോള്‍ പാലത്തിലേക്ക് പ്രവേശിക്കുന്ന മൂന്നു റോഡുകളിലും അനുഭവപ്പെടുന്നത്. പത്തുദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്നും ജനുവരി മദ്ധ്യത്തിനകം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: