കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ സ്വന്തം താല്പര്യത്തില് മേയറെ തീരുമാനിക്കാനുള്ള കെ. സുധാകരനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം. കോര്പറേഷന് ഭരണത്തില്‍ പരിചയ സമ്പന്നരായ ഒന്നിലധികം പേരെ വെട്ടിയാണ് മാര്ട്ടിന് ജോര്‍ജ്ജിനെ മേയറാക്കാന്‍ നീക്കം നടക്കുന്നത്. കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള പോരാണ് 2015ല്‍ കണ്ണൂര്‍ കോര്പറേഷന് ഭരണം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത്തവണ കരുതലോടെ നീങ്ങിയ കെ. സുധാകരന് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചപ്പോള്‍ നിലപാട് മാറ്റിയെന്നാണ് ഒരു വിഭാഗം പറയുന്നത്.
സാധാരണ പ്രവര്‍ത്തകരുമായി ബന്ധമില്ലാത്തയാളെ തന്റെ വിശ്വസ്തന് എന്ന പരിഗണനമാത്രം നല്‍കിയാണ് മേയറാക്കുന്നത്. തനിക്കിഷ്ടമുള്ളയാളെ മേയറാക്കി തന്റെ അപ്രമാദിത്വമുറപ്പിക്കനാള്ള നീക്കമാണ് സുധാകരന് നടത്തുന്നത്. സുധാകരന്റെ നീക്കം സാമുദായിക സമവാക്യങ്ങള്‍ തെറ്റിക്കുന്നതാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ദോഷം ചെയ്യുമെന്നും ആക്ഷേപമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത കാരണം ഒന്നിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. കാനത്തൂരില്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ആളെ മാറ്റി മറ്റൊരാളെ സ്ഥാനാര്ത്ഥിയാക്കിയതുകൊണ്ടാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി തോറ്റത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് വിമതന് പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎം കണ്ണൂര്‍ കോര്പറേഷന് പിടിച്ചെടുത്തത്. സുധാകരനുമായുള്ള അസ്വാരസ്യം കാരണമാണ് പി.കെ. രാഗേഷ് സ്വതന്ത്രമായി മത്സരിച്ച് കൗണ്‍സിലറായി ഇടത് പാളയത്തിലേക്ക് പോയത്. ഇത്തവണ പി.കെ. രാഗേഷിനെ ഉള്‍പ്പടെ സ്വന്തം പാളയത്തിലെത്തിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം പിടിച്ചത് സംഘടനാ സംവിധാനത്തിന്റെ മികവ് കൊണ്ടല്ലെന്നും നേരത്തെയുള്ള സ്വാധീനം കൊണ്ടാണെന്നുമാണ് വിലയിരുത്തല്‍. ഓരോ തെരഞ്ഞെടുപ്പിലും സ്വാധീനം കുറഞ്ഞ് വരുന്നത് ഗൗരവത്തോടെ കാണണമെന്നും തന്നിഷ്ട പ്രകാരം തീരുമാനങ്ങളെടുത്താല്‍ ഇപ്പോഴുള്ള മേല്‍ക്കൈ നഷ്ടപ്പെടുമെന്നും ഒരു വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: