കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച അമീറായുടെ നാലാമത്തെ പോസ്റ്ററും പുറത്തുവിട്ടു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദിന്റെ ആദ്യ സിനിമയാണ് ഇത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ പിതാവ് അനൂപിന്റേതാണ് കഥ. അമീറയായി മീനക്ഷിയും അമീനായി സഹോദരന് ഹാരിഷും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
അയ്യപ്പനും കോശിയിലെ കുമാരന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് കൂടാതെ കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന അനൂപ് ആര്. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജിഡബ്ല്യുകെ എന്റര്ടൈന്മെന്റ്സും ടീം ഡിസംബര്‍ മിസ്റ്റിന്റെയും ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജിയാണ്. കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: