കൊച്ചി: ബിജെപിയുടെ വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ശ്രീരാമന്റെ ഫ്ളക്സ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വലിയ പാതകമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത വ്യത്യസങ്ങള്‍ക്കതീതമായി ജനങ്ങള്‍ അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമന്. വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയര്‍ത്തുന്നത് മതവിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പറയുന്നവരാണ് യാഥാര്‍ഥത്തില്‍ പ്രശ്നത്തെ വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്. ജയ്ശ്രീറാം വിളിക്കുന്നത് രാജ്യത്ത് കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല. ചില തീവ്രവാദ വോട്ടുകള്‍ ലക്ഷ്യമിട്ട് മതപരമായി സ്പര്‍ധയുണ്ടാക്കാനായി സംഭവത്തില്‍ നടത്തുന്ന ശ്രമത്തില്‍നിന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പിന്മാറണം. വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇ കെ നായനാര്‍ ഭഗവദ് ഗീത നല്‍കിയത് തെറ്റല്ലേയെന്ന്, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുകളില്‍ ഫ്ളക്സ് ഉയര്‍ത്തിയത് തെറ്റായ സമീപനമല്ലേ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.
ഭഗവദ് ഗീത ഒരു മതത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെങ്കില്‍ നായനാരും ചെയ്തത് തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ് ഭഗവദ് ഗീതയെന്നാണ് നായനാര്‍ അന്നുപറഞ്ഞത്. ശ്രീരാമനും ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീരാമന്റെ അനന്താരവകാശികളാണ് ഈ രാജ്യത്തെ മുഴുവന്‍ ആളുകളും. മതപരമായ ആരാധനാ കാര്യങ്ങളില്‍ വ്യത്യസമുണ്ടാകാം. പക്ഷേ ശ്രീരാമനെ ആരും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
ഇവിടെ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ അവരുടെ പുതിയ മതത്തിലേക്ക് മാറുന്നതിന് മുന്‍പുണ്ടായിരുന്ന ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ് ശ്രീരാമന്. അതുകൊണ്ടിവിടെ ശ്രീരാമനെക്കുറിച്ചു വിവാദമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഈ പ്രശ്നത്തെ വര്‍ഗീയ വത്കരിക്കാനും അതിലൂടെ നഷ്ടപ്പെട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനും വേണ്ടി ശ്രമിക്കുന്നവരാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: