കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വലിയ അപകടത്തില്‍ നിന്നും നടന് ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജയസൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കൊവിഡ് വിലക്കുകള്‍ നീങ്ങി സിനിമാ ചിത്രീകരണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് വെള്ളത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നത്. വെള്ളം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടക്കുന്നത്. മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.
ചിത്രത്തില്‍ മുഴുക്കുടിയനായ ഒരാളുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. ഒരു ക്വാറിയില്‍ വെച്ച് ജയസൂര്യയുടെ നായകകഥാപാത്രം പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ആയിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. പവര്‍ ടില്ലര്‍ നിയന്ത്രിക്കാന്‍ അറിയുന്നവരുടെ സഹായത്തോടെ പ്രവര്‍ത്തനം പഠിച്ച താരം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തനിച്ച് പവര്‍ ടില്ലര്‍ ഓടിക്കാന്‍ ശ്രമം നടത്തവേ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു.
കൂട്ടിയിട്ടിരുന്ന ചെത്തുകല്ലുകള്‍ക്ക് ഇടയിലേക്കാണ് പവര്‍ ടില്ലര്‍ ചെന്ന് വീണത്. ജയസൂര്യ അപകടത്തില്‍പ്പെടാതെ അണിയറ പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റുകയായിരുന്നു. സമയോചിതമായ ഇടപെടല്‍ വഴി ഞെട്ടിക്കുന്ന ദുരന്തമാണ് അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയത്. അപകട സാധ്യത ഉളളതിനാല്‍ ഈ രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ഷോട്ട് നന്നായി വരാന്‍ ജയസൂര്യ തന്നെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ആദ്യമായി ഇരുവരും ഒരുമിച്ച ക്യാപ്റ്റന്‍ ഹിറ്റായിരുന്നു. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. സംയുക്താ മേനോന്, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: