തൃശൂര്‍: അവിണിശേരി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. ജില്ലയില്‍ എന്‍ഡിഎ ഭരിക്കുന്ന ഏകപഞ്ചായത്തായ അവിണിശേരിയില്‍ ഇത്തവണ ബിജെപി-എന്‍ഡിഎ സഖ്യം 6 സീറ്റുകള്‍ നേടി.
1-ാം വാര്‍ഡ് പാലയ്ക്കലില്‍ ഗീതാ സുകുമാരന്‍, 2-ാം വാര്‍ഡ് പാലിശേരി നോര്‍ത്തില്‍ വൃന്ദാ ദിനേഷ്, 6-ാം വാര്‍ഡ് വള്ളിശേരി ഈസ്റ്റില്‍ സൂര്യാ ഷോബി, 9-ാം വാര്‍ഡ് തൃത്താമരശേരിയില് സായ രാമചന്ദ്രന്, 10-ാം വാര്‍ഡ് പെരിഞ്ചേരിയില്‍ ഹരി സി.നരേന്ദ്രന്, 12-ാം വാര്‍ഡ് തോട്ടപ്പായയില് രമണി നന്ദകുമാര്‍ എന്നിവരാണ് വിജയിച്ചത്. ഗീതയ്ക്ക് 78 വോട്ടും വൃന്ദയ്ക്ക് 8, സൂര്യയ്ക്ക് 64, സായയ്ക്ക് 28, ഹരിയ്ക്ക് 120, രമണിയ്ക്ക് 84 വോട്ടുമാണ് ഭൂരിപക്ഷം.
6 സീറ്റുകളില്‍ വിജയിച്ചതിനു പുറമേ 3 വാര്‍ഡുകളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തുമെത്തി. 3, 13, 11 വാര്‍ഡുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നടത്തി രണ്ടാം സ്ഥാനം നേടിയത്. എല്‍ഡിഎഫും യുഡിഎഫും കിണഞ്ഞ് പരിശ്രമിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച് അവിണിശേരിയില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുകയായിരുന്നു.
2015-ല്‍ 7 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണത്തിലേറിയത്. സൂര്യാ ഷോബിയാണ് നിലവിലെ പ്രസിഡന്റ്. 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ്-5, യുഡിഎഫ് 3 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഇത്തവണയും അവിണിശേരി പഞ്ചായത്തിനെ എന്‍ഡിഎ സാരഥികള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: