ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ പേരില്‍ ആരുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്ന് സുപ്രീംകോടതി. രാജ്യ തലസ്ഥാനത്തെ ജന ജീവിതം സ്തംഭിപ്പിച്ചുള്ള സമര രീതി ഏതു തരത്തില്‍ മാറ്റാനാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിക്കണമെന്നു കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു.
ഹര്‍ജികള്‍ അവധിക്കാല ബെഞ്ചിന് വിട്ട കോടതി, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. കോടതി തീരുമാനമെടുക്കുന്നത് വരെ നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കാമോയെന്ന് അറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് നിര്‍ദേശിച്ചു. സര്‍ക്കാരുമായി ആലോചിച്ച് മറുപടി നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്കി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ മൗലികാവകാശമുണ്ട്. എന്നാല്‍ സമരം ചെയ്യുന്ന വിധം കോടതി പരിശോധിക്കും. ജനാധിപത്യപരമായ രീതിയിലാവണം സമരം. എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിയോ, ആരുടെയെങ്കിലും ജീവനപഹരിച്ചോ ആകരുത്. കര്‍ഷക സമരവും ആളുകളുടെ സഞ്ചാര സ്വതന്ത്ര്യമെന്ന മൗലികാവകാശവും മാത്രമാണ് സുപ്രീംകോടതിയുടെ പരിഗണനാ വിഷയമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കര്‍ഷക സമരത്തിന്റെ സ്വഭാവത്തെപ്പറ്റി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. അതിന് ശേഷം സമര രീതി ചെറുതായി പരിഷ്കരിക്കാന്‍ നിര്‍ദേശിക്കും. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സമരം ബാധിക്കാന്‍ പാടില്ല. ഒരു സമരം ജനാധിപത്യപരമാകുന്നത് സ്വത്തുവകകള്‍ നശിപ്പിക്കാതെ ഇരിക്കുമ്പോഴും ആളുകളുടെ ജീവന് അപകടത്തിലാകാതെ ഇരിക്കുമ്പോഴുമാണ്. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള ചര്‍ച്ച നടക്കണം. പക്ഷപാതപരമല്ലാത്തതും സ്വതന്ത്രപൂര്വവുമായ സമിതിയെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കാന്‍ കോടതി ആലോചിക്കുന്നു. പത്രപ്രവര്ത്തകന് പി. സായിനാഥ്, ഭാരതീയ കിസാന്‍ യൂണിയന് പ്രതിനിധികള്‍, മറ്റംഗങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്താവുന്നതാണെന്നു കോടതി പറഞ്ഞു.
സമരം ചെയ്യുന്ന കര്‍ഷകര്‍ സംഘര്‍ഷമുണ്ടാക്കരുത്. ഇത്തരത്തില്‍ ഒരു നഗരത്തെ ഉപരോധിക്കുന്നതു തെറ്റാണ്. ദല്‍ഹിയെ ഉപരോധിക്കുന്നത് നഗരത്തിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ചകളിലൂടെ മാത്രമേ സാധ്യമാകൂ. വെറുതേ ഇരുന്ന് സമരം ചെയ്താല്‍ പ്രശ്ന പരിഹാരമുണ്ടാകില്ല. കര്‍ഷകരുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമാണ് കോടതി സമീപനം. എന്നാല്‍ സമര രീതി മാറ്റേണ്ടതുണ്ട്, കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: