വികസനത്തില്‍ രാഷ്‌ട്രീയം പാടില്ലെന്ന നിലപാട് സ്ഥാനത്തും അസ്ഥാനത്തും ആവര്‍ത്തിക്കുന്നവരാണ് രാഷ്‌ട്രീയ പാര്‍ട്ടികളെങ്കിലും അപൂര്‍വമായി മാത്രമേ ഇത് പ്രാവര്‍ത്തികമാകാറുള്ളൂ. വികസന പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയ പ്രേരിതമായി എതിര്‍ക്കുന്നവരെയും, വിധ്വംസകമായ രാഷ്‌ട്രീയത്തിന് വികസനത്തെ മറയാക്കുന്നവരെയും കാണാം. വീറും വാശിയും നിറഞ്ഞുനിന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ പ്രചാരണ വിഷയമായെങ്കിലും വികസനത്തെക്കുറിച്ചുമാത്രം ശരിയായ ചര്‍ച്ച നടന്നില്ല. മുന്നണികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കിയെങ്കിലും പ്രചാരണരംഗത്തേക്ക് അവ കടന്നുവന്നതേയില്ല. ഇത് പുതിയ കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പായാലും ലോക്‌സഭാ തെരഞ്ഞെടുപ്പായാലും ഇതാണ് പൊതുരീതി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണെങ്കിലും പ്രാദേശിക വികസന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയല്ല ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും വോട്ടുപിടിച്ചത്. ഓരോയിടങ്ങളിലും സാധാരണ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഏറ്റവും അഭികാമ്യമായ രീതി. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിന് കാരണങ്ങളായി പലതും പറയാമെങ്കിലും ഇവയിലേറെയും ഒഴികഴിവുകളായിരിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. ജയിച്ചവരില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടി പ്രതിനിധികളാണെങ്കിലും ഇനിയങ്ങോട്ട് ശരിയായ അര്‍ത്ഥത്തില്‍ ജനപ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ കഴിയണം. കൊടിയുടെ നിറം നോക്കാതെ പ്രവര്‍ത്തിച്ച് ജനകീയമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് ഒരു ജനപ്രതിനിധി വിജയിച്ചു എന്നു പറയാനാവുക. ശരിയായ റോഡില്ലാത്തതിനാല്‍, പാലമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാവാത്തതും, രോഗികളെ ആശുപത്രികളിലെത്തിക്കാനാവാത്തതുമായ നിരവധി ഗ്രാമങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തയിടങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. സമ്പൂര്‍ണ സാക്ഷരതയെക്കുറിച്ചും, ഐടി വികസനത്തെക്കുറിച്ചുമൊക്കെ അഭിമാനംകൊള്ളുമ്പോഴും വഴിവിളക്കില്ലാത്ത പൊതുനിരത്തുകള്‍ ധാരാളം. ആകാശം മേല്‍ക്കൂരയാക്കി കിടന്നുറങ്ങേണ്ടിവരുന്ന കുടുംബങ്ങള്‍ ആയിരക്കണക്കിനാണ്. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മണ്ണുവാരിത്തിന്ന് വിശപ്പടക്കേണ്ടിവരുന്ന ബാല്യങ്ങള്‍ അട്ടപ്പാടിക്കു പുറത്തുമുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളിലേക്കൊക്കെ കണ്ണുതുറക്കാനും, രാഷ്‌ട്രീയത്തിനതീതമായ കൂട്ടായ്മകളിലൂടെ കഴിയാവുന്നത്ര പരിഹരിക്കാനും കഴിയുമ്പോഴാണ് ജനപ്രതിനിധികള്‍ എന്ന വാക്ക് അന്വര്‍ത്ഥമാവുക.
വികസനത്തിനുള്ള ധാരാളം ഫണ്ടുകള്‍ ഇന്ന് നേരിട്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ്. ഇവയില്‍ പലതും ലാപ്‌സായി പോകുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സാമൂഹ്യനീതി എന്നത് സംവരണത്തില്‍ മാത്രം പാലിക്കേണ്ട ഒന്നാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് മാറണം. സന്തുലിതവും വിവേചനരഹിതവുമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പുലരുന്നതും സാമൂഹ്യനീതിയാണെന്ന അവബോധം ജനപ്രതിനിധികള്‍ക്കുവേണം. പട്ടികജാതി വികസനത്തിനുള്ള ഫണ്ടുകള്‍ ചെലവഴിക്കാതെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന രീതി പലയിടത്തും കാണാം. പലപ്പോഴും യാതൊരു മുന്‍ഗണനയുമില്ലാതെ തോന്നിയതുപോലെയാണ് ഫണ്ടുകള്‍ വിനിയോഗിക്കുക. കക്ഷി രാഷ്‌ട്രീയ പരിഗണനകളാണ് പലപ്പോഴും ഇതിനു കാരണം. ചെറുതും വലുതുമായ നിര്‍മാണപ്രവൃത്തികള്‍ അഴിമതികള്‍ക്കുള്ള അവസരങ്ങളാക്കി മാറ്റുമ്പോള്‍ വികസനത്തില്‍ വിഷം കലര്‍ത്തുകയാണ് ചെയ്യുന്നത്. സാമാന്യ ജനങ്ങളില്‍ ശരിയായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നല്ലൊരളവോളം ഒഴിച്ചുനിര്‍ത്താനാവും. ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് സാമൂഹികാരോഗ്യവും. പഞ്ചായത്തീ രാജ് സംവിധാനം നമ്മുടെ രാജ്യത്ത് നടപ്പായിട്ട് പതിറ്റാണ്ടുകളായി. പക്ഷേ അത് എന്തിനു വേണ്ടി കൊണ്ടുവന്നുവെന്നോ, എന്താണ് അതിന്റെ അന്തഃസത്തയെന്നോ മനസ്സിലാകാത്ത സ്ഥിതി രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നയിക്കുന്നവര്‍ തീര്‍ച്ചയായും ഇത് മനസ്സിലാക്കിയിരിക്കണം. ജനങ്ങളെ സ്വയംപര്യാപ്തരാക്കി നിത്യജീവിതത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഓരോ ജനപ്രതിനിധിയും ശ്രദ്ധ വയ്‌ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: