കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഎം അക്രമത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പോലീസിന്റെ മുമ്പില്‍ വെച്ചാണ് 35ാം ഡിവിഷനില്‍ നിന്ന് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി വൈശാഖിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മാരകമായി പരിക്കേറ്റ വൈശാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎ പ്രവര്‍ത്തകരെ പ്രകടനം നടത്താന്‍ പോലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും അനുവദിച്ചില്ല. കൊയിലാണ്ടി നഗരത്തില്‍ സിപിഎം നേതൃത്വം അണികളെ കയറൂരി വിട്ടപ്പോള്‍ പോലീസ് നോക്കുകുത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രമായ കൊയിലാണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ രാവിലെ 8 മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമി സംഘം സംഘടിച്ചിരുന്നു. ഉച്ചയോടെ നേതാക്കളെല്ലാം പാര്‍ട്ടി ഓഫീസിലേയ്‌ക്ക് മാറി. തുടര്‍ന്നാണ് ഇരുമ്പു പൈപ്പും മറ്റ് മാരകായുധങ്ങളുമായി അക്രമികള്‍ സ്റ്റേഡിയത്തിന് മുമ്പിലെത്തി ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചത്.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 11 വാര്‍ഡില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിനു മുമ്പില്‍ പ്രകടനമായെത്തി ഡി.വൈ.എഫ്.ഐക്കാര്‍ ഭീഷണി മുഴക്കി. വൈശാഖിനെ പോലീസുകാരുടെ സാന്നിധ്യത്തില്‍ അക്രമിച്ചതില്‍ ബിജെപി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ആഹ്ലാദ പ്രകടനത്തിലും പോലീസിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കിയത്.
ഇതിന് പിന്തുണ കൊടുക്കുന്ന രീതിയിലാണ് പോലീസും പെരുമാറിയത്. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍. ജയ്കിഷ് അധ്യക്ഷനായിരുന്നു. കെ.വി. സുരേഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, വി.കെ. ജയന്‍, അഡ്വ. വി. സത്യന്‍, ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: