പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ ബിജെപിയുടെ സര്‍വ്വാധിപത്യം. പട്ടാഴിയിലും പത്തനാപുരത്തും വിളക്കുടിയിലും ചരിത്രത്തിലാദ്യമായി താമര വിരിഞ്ഞപ്പോള്‍ പിറവന്തൂരിലും പട്ടാഴി വടക്കേക്കരയിലും തലവൂരിലും മിന്നും പ്രകടനം കാഴ്ചവെച്ചു. മേലില പഞ്ചായത്തിലെ വില്ലൂര്‍ വാര്‍ഡ് നിലനിര്‍ത്തിയ ബിജെപി വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂരിന് പുറമേ കടമാന്‍കോട് വാര്‍ഡും സ്വന്തമാക്കി. നിലവില്‍ എട്ട് നിയോജക മണ്ഡലങ്ങളിലായി പതിമൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. പട്ടാഴിയിലും തലവൂരിലുമാണ് അട്ടിമറി വിജയങ്ങള്‍ നടന്നത്.
പട്ടാഴി
പട്ടാഴി പഞ്ചായത്തിലെ താഴത്ത് വടക്ക് വാര്‍ഡിലെ പ്രീതാകുമാരി രണ്ട് വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ഏറത്ത് വടക്ക് വാര്‍ഡില്‍ എ.ആര് അരുണ്‍ 223 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അഭിമാന നേട്ടം കൈവരിച്ചു. കന്നിമേല്‍ വാര്‍ഡില്‍ 23 വോട്ടുകള്‍ക്കാണ് രഞ്ജിതാ രതീഷ് വിജയിച്ച് കയറിയത്. പട്ടാഴിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് താമരകള്‍ വിരിഞ്ഞത്.
തലവൂര്‍
ഒന്നില്‍ നിന്നും മൂന്നിലേക്ക് കുതിച്ചു ചാടുകയായിരുന്നു തലവൂര്‍ പഞ്ചായത്തില്‍ ബിജെപി നേത്യത്വം നല്കുന്ന എന്‍ഡിഎ മുന്നണി. തലവൂരിന്റെ ഹൃദയഭാഗമായ രണ്ടാംലുംമൂട് വാര്‍ഡില്‍ വിരമിച്ച സൈനികനായിരുന്ന സി.രഞ്ജിത്ത് 108 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ കമുകുംചേരിയില്‍ റ്റി.എല്‍ കീര്‍ത്തിയെന്ന യുവ സ്ഥാനാര്‍ഥി 136 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാര്‍ഡ് ഭരണം നിലനിര്‍ത്തി. തലവൂരില്‍ ഏറ്റവും വലിയ അട്ടിമറി നടന്ന വാര്‍ഡായിരുന്നു മഞ്ഞക്കാല. യുഡിഎഫ് നേതാവ് റ്റി.എം ബിജുവിനെ പതിനാല് വോട്ടുകള്‍ക്ക് നിതിന്‍ റ്റി.കെ പരാജയപ്പെടുത്തി.
പിറവന്തൂര്‍
മലയോര വാര്‍ഡായ കടശ്ശേരിയില്‍ 73 വോട്ടുകള്‍ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്യാ അനൂപ് മികച്ച വിജയം നേടിയപ്പോള്‍ 54 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ കമുകുംചേരി വാര്‍ഡ് ഹരികുമാറിലൂടെ ബിജെപി നിലനിര്‍ത്തി. ആവേശകരമായ പോരാട്ടമാണ് കമുകുംചേരിയില്‍ ബിജെപി നടത്തിയത്.
പട്ടാഴി വടക്കേക്കര
മെതുകുമ്മേല്‍ വാര്‍ഡില്‍ 186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി. മധുകുട്ടന് വിജയിച്ചു.
പത്തനാപുരം, വിളക്കുടി
വിളക്കുടിയുടെയും പത്തനാപുരത്തേയും ചരിത്രത്തില്‍ ആദ്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വിളക്കുടി കാര്യറ അമ്പലം വാര്‍ഡില്‍ ബിജുമോന് വിജയിച്ചോള്‍ പത്തനാപുരം പഞ്ചായത്തിലെ പാതിരിക്കലില്‍ മൂന്ന് വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അയത്തില്‍ അനിതകുമാരി അട്ടിമറി വിജയം നേടിയത്.
മേലില, വെട്ടിക്കവല
മേലില പഞ്ചായത്തിലെ വില്ലൂര്‍ 101 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വത്സല ടീച്ചര്‍ വാര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂര്‍ വാര്‍ഡില്‍ 349 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രതീഷും കമുകിന്‍കോട് വാര്‍ഡില്‍ 87 വോട്ടുകള്‍ക്ക് ഉഷാപ്രസാദും വിജയിച്ചു കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: