കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയായി. അഞ്ച് ഗ്രാമപഞ്ചയാത്തുകളില് ഭൂരിപക്ഷം നേടിയ എന്‍ഡിഎ 13 ബ്ലോക്ക് ഡിവിഷനുകളിലും 19 നഗരസഭ സീറ്റുകളിലും വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ രണ്ട് ഡിവിഷനുകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
ബിജെപി നാല് പതിറ്റാണ്ടായി തുടര്‍ച്ചയായി ഭരിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് നിലനിര്‍ത്തി. നാല് ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപി നിര്‍ണായക ഘടകമാകും. ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും, നഗരസഭയില്‍ ഒന്നും, പഞ്ചായത്തില്‍ ഒന്നും വീതം സീറ്റുകളാണ് എന്‍ഡിഎ ഇത്തവണ അധികമായി നേടിയത്.
മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇടത് വലത് മുന്നണികളുടെ അവിശുദ്ധ സഖ്യം രൂപപ്പെട്ട കാറഡുക്ക, പൈവളിഗെ, മീഞ്ച പഞ്ചായത്തുകളില്‍ കൂടി എന്‍ഡിഎക്ക് ഇത്തവണ ഭൂരിപക്ഷമായി. മൂളിയാര്‍, കുംബഡാജെ പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ബദിയടുക്ക, കുമ്പള പഞ്ചായത്തുകളില്‍ എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ബദിയടുക്ക എട്ട്, കുമ്പള ഒമ്പത് എന്നിങ്ങനെയാണ് സീറ്റുനില. മൂളിയാര്‍ പഞ്ചായത്തില്‍ ബിജെപി നേടിയ ഒരു സീറ്റായിരിക്കും ഭരണം നിര്‍ണയിക്കുക. ഇവിടെ യുഡിഎഫിന് ഏഴും, എല്‍ഡിഎഫിന് ആറും, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്.
ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഏഴും, എല്‍ഡിഎഫ് സ്വതന്ത്രനുള്‍പ്പെടെ എട്ടും സീറ്റുകള്‍ നേടി. നഗരസഭകളിലും തിളങ്ങുന്ന ജയമാണ് ഇക്കുറി ബിജെപിക്ക്. കാസര്‍കോട് നഗരസഭയില്‍ 14 സീറ്റുകളും കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ച് സീറ്റുകളും നേടി. കാസര്‍കോട് നഗരസഭയില്‍, ബിജെപിയുടെ പ്രതിപക്ഷനേതാവായ പി. രമേശ് നാലാം തവണയാണ് വിജയിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജി. നാരായണനെ 53 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് എന്‍ഡിഎയുടെ പുതുമുഖമായ കെ. രജനി കടപ്പുറം സൗത്ത് വാര്‍ഡ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് ബിജെപി നേടിയതോടെ കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. കാസര്‍കോട് നഗരസഭയില്‍ ലീഗിനെതിരെ മത്സരിച്ച രണ്ട് സ്വതന്ത്രരും വിജയിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ യഥാക്രമം യുഡിഎഫിനും എല്‍ഡിഎഫിനുമാണ് ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: