ന്യൂദല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലഹിച്ച് മകളും മകനും. പ്രണബിന്റെ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. അതിനു പിന്നാലെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ മകന് അഭിജിത്ത് മുഖര്‍ജിയും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ താന്‍ അനുമതി നല്‍കുന്നത് വരെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്ക്കണമെന്ന് അഭിജിത്ത് മുഖര്‍ജി ട്വീറ്റ് ചെയ്യുകയായിരുന്നു. ‘ഞാന്‍- പ്രസിഡന്‍ഷ്യല്‍ മെമ്മയേഴ്സിന്റെ ഗ്രന്ഥകര്‍ത്താവിന്റെ മകന്’ പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെയ്ക്കണം. രേഖാമൂലം തന്റെ അനുമതി വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിക്കരുത്. പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നും അഭിജിത് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ഇതിനു പിന്നാലെ മകള്‍ ശര്‍മിഷ്ഠയും രംഗത്ത് എത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയും ചെയ്യുകയുമായിരുന്നു. ‘ഞാന്‍ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിന്റെ മകള്‍’ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ആരും പുസ്തകം പുറത്തിറങ്ങുന്നത് എതിര്‍ക്കരുത്. പിതാവ് അവസാനമായി എഴുതിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയരുതെന്നുമായിരുന്നു ശര്‍മിഷ്ഠ മറുപടി നല്‍കിയത്. പിതാവ് അസുഖബാധിതനാകുന്നതിന് മുമ്പ് പുസ്തത്തിന്റെ കൈയെഴുത്ത് പ്രതി പൂര്‍ത്തിയാക്കിയതാണ്. സത്യം വിളിച്ചുപറയുന്നതാണ് അതിലെ ഒരോ വരികളും. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുന്നത് അദ്ദേഹത്തിന്റെ ആത്മാവിനോട് കാണിക്കുന്ന നീതികേടായിരിക്കുമെന്നും ശര്‍മിഷ്ഠ കൂട്ടിച്ചേര്‍ത്തു.
പ്രണബ് മുഖര്‍ജിയുടെ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. തുടര്‍ന്ന് ഇതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനേയും വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ പുറത്തുവിടുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: