എസ്.വി. പ്രദീപ് എന്ന മാധ്യമ പ്രവര്ത്തകന് ചില്ലറക്കാരനായിരുന്നില്ല. രാഷ്ട്രീയ വിമര്‍ശനത്തിന് എരിവും പുളിയും വേണ്ടുവോളം ചേര്‍ക്കുന്ന സ്വഭാവം. മുഖം നോക്കാതെ വിമര്‍ശനം ഉയര്‍ത്തിയതിനാല്‍ പല സ്ഥാപനങ്ങളുടെയും മേധാവികളുടെ അപ്രീതി നേരിട്ടു. അവയോടെല്ലാം ഗുഡ്ബൈ പറയേണ്ടിയും വന്നു. ആറോളം പ്രമുഖ ചാനലുകളില്‍ പ്രവര്‍ത്തിച്ച പ്രദീപ് ഭാരത് ടിവി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലിചെയ്തു വരികയായിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കൊള്ള തുടങ്ങി സമീപകാലസംഭവങ്ങളുടെ ഉള്ളറകളില്‍ വെളിച്ചം വീശിയിരുന്നു പ്രദീപ്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ചില സ്കൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രദീപ് വാര്‍ത്തയാക്കിയിരുന്നു.
തിങ്കളാഴ്ചയാണ് പ്രദീപ് ലോറിക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് മരണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. തിരുവനന്തപുരം കളിയിക്കാവിള ഹൈവേയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ജോയിയെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഈഞ്ചയ്ക്കലില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലക്കുറ്റമാണ് ജോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉടമ മോഹനനെയും കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് പറയുന്നു. മോഹനന്റെ മകളുടെ പേരിലാണു ലോറി. വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മോഹനനും ജോയിയും വട്ടിയൂര്‍ക്കാവിലെ ക്വാറിയില്‍നിന്ന് എം സാന്‍ഡ് കയറ്റി ശാന്തിവിള ഭാഗത്തേക്കു പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാഹനം ഇടിച്ച കാര്യം അറിഞ്ഞിരുന്നുവെന്നും പേടി കാരണമാണ് നിര്‍ത്താതെ പോയതെന്നും ജോയി പോലീസിനോടു പറഞ്ഞത്രെ. എം സാന്‍ഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂര്‍ക്കടയിലേക്കു പോയത്. ലോറി നമ്പര്‍ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചയ് ക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണു കാരയ്ക്കാമണ്ഡപം ജംഗ്ഷനു സമീപത്തുവച്ച് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിച്ചത്. റോഡിലേക്കു തെറിച്ചുവീണ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിച്ചിട്ട വാഹനത്തിന്റെ നമ്പര്‍ സിസിടിവിയില്‍ വ്യക്തമായിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസി ടിവി ഇല്ലെങ്കിലും എതിര്‍വശത്തെ ഒരു കടയിലെ സിസി ടിവിയില്‍ ഈ വാഹനം കുടുങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് എസി പ്രതാപന് നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു വലത്തേക്കു തിരിഞ്ഞ ലോറിയുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പിന്നീട് ലോറി ഉടമകളെയും ക്വാറികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ലോറി തിരിച്ചറിഞ്ഞത്. കേരളത്തില്‍ ഇത്തരത്തിലുള്ള ദുരൂഹമരണങ്ങള്‍ നിരവധിയാണ്. പക്ഷേ പലതും അന്വേഷണത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. മരണപ്പെട്ട പ്രദീപ് സര്‍ക്കാറിന്റെ നിശിത വിമര്‍ശകനാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. കുടുംബവും സുഹൃത്തുക്കളും ദുരൂഹത കാണുന്നത് അതുകൊണ്ടാണ്. കേരളത്തില്‍ ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തോന്നുന്നില്ല. ഉത്തരേന്ത്യയിലാണെങ്കില്‍ ഈ അപകടം കോളിളക്കം സൃഷ്ടിക്കുമായിരുന്നു. കേരളമാകും ഇതിന്റെ പേരില്‍ ഇളകിമറിയുക. പ്രദീപിന്റെ അപകടമരണത്തില്‍ പത്രപ്രവര്ത്തകസംഘടനകളൊന്നും ഇതുവരെ ഞെട്ടിയിട്ടില്ല.
ദല്‍ഹി എസ്ഡിപിഐ ഓഫീസ് ചുമതലക്കാരനായ സിദ്ധിക് കാപ്പനെന്ന ഭീകരനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത് അടുത്ത കാലത്തായിരുന്നല്ലോ. അതിന്റെ പേരില്‍ ഏറെ ബഹളമുണ്ടാക്കിയത് കേരളത്തിലെ മാധ്യമങ്ങളായിരുന്നു. അതിന്റെ പേരില്‍ കോടതി പോലും അത്ഭുതം കൂറിയിട്ടുണ്ട്. പ്രദീപിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ല. കേരളീയര്‍ അങ്ങിനെയാണ് ബായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: